മഴക്കെടുതി: പണം അനുവദിച്ചതിൽ വിവേചനമെന്ന പ്രചാരണം അടിസ്ഥാനരഹിതം
text_fieldsതിരുവനന്തപുരം: മഴക്കെടുതി നേരിടാന്‍ വിവിധ ജില്ലകള്‍ക്ക് പണം അനുവദിച്ചതില്‍ വിവേചനമുണ്ടെന്നും ചില ജില്ലകള്‍ക്ക് അനര്‍ഹമായി കൂടുതല്‍ പണം നല്‍കിയെന്നും ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും ചേരിതിരിവുണ്ടാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ദുഷ്പ്രചാരണമാണിതെന്നും മുഖ്യമന്ത്രി ഒാഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ദുരിതാശ്വാസത്തിന് അനുവദിച്ച കണക്കുകളും പത്രക്കുറിപ്പിൽ നൽകിയിട്ടുണ്ട്.
2018 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ദുരിതാശ്വാസത്തിന് ഓരോ ജില്ലക്കും അനുവദിച്ച തുക
ജില്ല തുക (കോടി)
1. തിരുവനന്തപുരം 0.51
2. കൊല്ലം : 1.16
3. പത്തനംതിട്ട 0.52
4. ആലപ്പുഴ : 19.92
5. കോട്ടയം : 7.21
6. ഇടുക്കി : 1.96
7. എറണാകുളം 4.37
8. തൃശ്ശൂര്‍ : 1.42
9. പാലക്കാട് : 7.61
10. മലപ്പുറം : 8.91
11. കോഴിക്കോട് 1.84
12. വയനാട് : 1.82
13. കണ്ണൂര്‍ : 3.81
14. കാസര്‍ഗോഡ് 2.06
ആകെ : 63.05
വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡ് നന്നാക്കുന്നതിനുളള ചെലവ് ഈ കണക്കില്‍ പെടുന്നില്ല. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച തെക്കന്‍ ജില്ലകള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ ധനസഹായം ചില വടക്കന്‍ ജില്ലകള്‍ക്ക് നല്‍കിയെന്ന വ്യാഖ്യാനം തെറ്റാണെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുമെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
മുകളില്‍ കൊടുത്ത കണക്കിന് പുറമെ ജൂലൈ 25-ന് ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആലപ്പുഴ ജില്ലക്ക് 2.44 കോടി രൂപ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1.69 കോടി രൂപ ബണ്ടുകള്‍ പുനര്‍നിര്‍മിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനുമാണ്. കോട്ടയം ജില്ലക്ക് 50 ലക്ഷം രൂപ അനുവദിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന എ.സി റോഡ് അറ്റകുറ്റപ്പണി ചെയ്യാന്‍ 35 ലക്ഷം രൂപയും ദുരന്തനിവാരണ അതോറിറ്റി അനുവദിച്ചതായും മുഖ്യമന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കി.
മലപ്പുറം ജില്ലക്ക് 26 കോടി രൂപ നല്‍കിയപ്പോള്‍ മറ്റു ജില്ലകള്‍ക്ക് 10 കോടി രൂപയില്‍ താഴെയാണ് അനുവദിച്ചതെന്ന് സമര്‍ഥിക്കാന്‍ സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കണക്കുകള്‍ ശരിയല്ല. മുന്‍ വര്‍ഷങ്ങളില്‍ ചെയ്ത പ്രവൃത്തിയുടെ ചെലവാണിത്. മുന്‍ വര്‍ഷങ്ങളിലെ റോഡ് പ്രവൃത്തിക്ക് ഉള്‍പ്പെടെ വരുന്ന ചെലവ് ബില്ലുകള്‍ വരുന്ന മുറയ്ക്ക് ഓരോ വര്‍ഷവും കൊടുത്തു തീര്‍ക്കുകയാണ് ചെയ്യുന്നത്. ഈ വര്‍ഷം ചെലവഴിച്ച തുകയില്‍ യു.ഡി.എഫ് കാലത്ത് അനുവദിച്ച റോഡ് പ്രവൃത്തികളുടെതടക്കം വരും. പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ കലക്ടര്‍മാരുടെ ആവശ്യപ്രകാരമാണ് ഓരോ ജില്ലക്കും പണം അനുവദിക്കുന്നത്. മുന്‍വര്‍ഷത്തെ ബില്ലുകള്‍ കൊടുത്തുതീര്‍ക്കാനുണ്ടെങ്കില്‍ അതിനുളള പണവും ഇതില്‍ ഉള്‍പ്പെടാറുണ്ടെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
