മഴ തുടരുന്നു, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. പ്രധാന റോഡുകളിലും മറ്റും വെള്ളക്കെട്ടിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
അതിതീവ്ര മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നതിന് വിലക്കുണ്ട്. ചക്രവാതച്ചുഴിയും ന്യൂനമർദവും ശക്തിപ്രാപിക്കുന്നത് കേരളത്തിൽ കൂടിയ അളവിൽ മഴ ലഭിക്കാൻ കാരണമാകുന്നുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ തമിഴ്‌നാടിനും തെക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കേരളത്തിൽ കാലവർഷമഴയിൽ 12 ശതമാനത്തിന്റെ കുറവ് മാത്രമാണുള്ളത്. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 19 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 1616.3 എം.എം സാധാരണ മഴ ലഭിക്കേണ്ടിടത്ത് 1415.8 എം.എം മഴ ലഭിച്ചു. ഏറ്റവു കൂടുതൽ മഴ ലഭിച്ചത് കണ്ണൂരും കുറവ് മഴ ലഭിച്ചത് ഇടുക്കി ജില്ലയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

