മാനം നോക്കിയിരിക്കാം; മേഘങ്ങളെ അടുത്തറിയാം
text_fieldsതൃശൂർ: തെളിഞ്ഞ ആകാശത്തിലെ മേഘസഞ്ചാരം നോക്കി നിൽക്കാത്തവരില്ല. കാലാവസ്ഥ വ്യതിയാനത്തിെൻറ സാഹചര്യത്തിൽ ആഗോള കാലാവസ്ഥ സംഘടനയുടെ (ഡബ്ല്യു.എം.ഒ) ശ്രദ്ധയും ഇപ്പോൾ മേഘങ്ങളിലാണ്. അതുകൊണ്ടു തന്നെ ലോക കാലാവസ്ഥ ദിനത്തിെൻറ മുദ്രാവാക്യം ‘മേഘങ്ങളെ അടുത്തറിയാം’ എന്നാണ്. ദിനാചരണ ഭാഗമായി പുനഃക്രമീകരിച്ച ഇൻറർനാഷനൽ ക്ലൗഡ് അറ്റ്ലസ് വ്യാഴാഴ്ച പുറത്തിറക്കും.
19ാം നൂറ്റാണ്ടിെൻറ പകുതിയിൽ ലൂക്ക് ഹോവാർഡാണ് ശാസ്ത്രീയമായി മേഘങ്ങളെ തരംതിരിച്ചത്. കാലാവസ്ഥ സംഘടനയും കാലാവസ്ഥ ദിനാചരണവും വന്നതോടെ ഒാരോ 30 വർഷം കഴിയുേമ്പാഴും ഇവ നവീകരിച്ചു തുടങ്ങി. എന്നാൽ, കാലാവസ്ഥ വ്യതിയാനത്തിെൻറ നാളുകളിൽ ഏറെ ആവശ്യമായ പ്രവർത്തനമായി ഇത് മാറി. ഇതിെൻറ അടിസ്ഥാനത്തിൽ 2016ൽ ശാസ്ത്രജ്ഞരിൽനിന്നും പൊതുജനങ്ങളിൽനിന്നും മേഘങ്ങളുടെ ചിത്രവും വിവരങ്ങളും ആവശ്യപ്പെട്ട് വേൾഡ് മാപ്പ് ഒാർഗനൈസേഷൻ അറിയിപ്പ് നൽകി. ജനം ക്രിയാത്മകമായി പ്രതികരിച്ചതോടെ അറ്റ്ലസ് ക്രമീകരിച്ചു. ഡിജിറ്റൽ യുഗത്തിൽ സാേങ്കതികവിദ്യയുടെ അകമ്പടിയോടു കൂടിയ അറ്റ്ലസാണ് ജനീവയിൽ പുറത്തിറക്കുന്നത്.
ആകാശത്ത് നിന്നുള്ള വികിരണങ്ങളെ നിയന്ത്രിക്കാനും അളവ് കുറക്കാനും മേഘങ്ങൾക്ക് കഴിയും. ഒപ്പം രാത്രിയിലെ തരംഗ ദൈർഘ്യം കൂടിയ ഭൗമകിരണങ്ങളെ തടയാനുമാകം. ജലചക്രത്തെ സ്വാധീനിക്കാനുള്ള കഴിവും അപാരമാണ്. ഭൂമിയിൽ തണുപ്പ് അനുഭവെപ്പടുന്നതിൽ ഇവയുടെ പങ്ക് വലുതാണ്. കേരളത്തിൽ അടക്കം മേഘങ്ങളെക്കുറിച്ച് പഠിക്കുന്നവരുടെ എണ്ണം കൂടുകയാണ്.
കാർമേഘത്തിന് സമാനമായി കേരളത്തിൽ സാധാരണ കാണുന്നവയാണ് കൂമ്പാര മേഘങ്ങൾ. മേഘ സമൃദ്ധമാണെങ്കിലും കേരളത്തിൽ അപൂർവ മേഘങ്ങൾ കാണുന്നത് വിരളമാണ്. ഇടിമിന്നൽ മേഘങ്ങളിലാണ് ഇതിന് സാധ്യതയുള്ളത്. പശുവിെൻറ അകിടിന് സമാനമായ അകിടുമേഘങ്ങളും ചപ്പാത്തി ചുരുളിനും തിരമാല ചുരുളിനും സമാനമായ ചുരുളൻ മേഘങ്ങളും കാണാനായി മാനംനോക്കിയിരിക്കുന്നവർ കേരളത്തിലുമുണ്ട്. ഭൂസ്പർശ മണ്ഡലത്തിലെ മുത്തുചിപ്പി മേഘങ്ങൾ അത്യപൂർവ കാഴ്ചയാണ്. മേഘകാര്യങ്ങൾ ഇങ്ങനെയാണെങ്കിലും അവ പെയ്തിറങ്ങിയില്ലെങ്കിൽ കാര്യങ്ങൾ കുഴയും. അതുകൊണ്ട് തന്നെ മേഘങ്ങൾക്കായി മാറ്റിവെച്ച കാലാവസ്ഥ ദിനാചരണത്തെ പ്രതീക്ഷയോടെയാണ് കാലാവസ്ഥ വകുപ്പ് കാണുന്നതെന്ന് കാലാവസ്ഥാ ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
