Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനമെങ്ങും മഴ;...

സംസ്ഥാനമെങ്ങും മഴ; പലയിടത്തും ഗതാഗതതടസ്സം

text_fields
bookmark_border
സംസ്ഥാനമെങ്ങും മഴ; പലയിടത്തും ഗതാഗതതടസ്സം
cancel

തിരുവനന്തപുരം: കാലവർഷം ശക്തമായതോടെ സംസ്ഥാനമെങ്ങും ജാഗ്രത. പലയിടത്തും ഗതാഗതത്തിനും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.

വള്ളം ഒഴുകിപ്പോയി. ഡാമിൽ വെള്ളമുയർന്നതിനെതുടർന്ന് നെയ്യാറിന്‍റെ അഞ്ച് ഷട്ടറുകളും 120 സെ.മീറ്റർ വീതം ഉയർത്തി. മഴ ശക്തമായതോടെ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വിസുകള്‍ ഒഴികെയുള്ള ഗതാഗതം, ബീച്ചിലേക്കുള്ള വിനോദസഞ്ചാരം എന്നിവ നിരോധിച്ചു. കൊല്ലത്ത് ചൊവ്വാഴ്ച പുലർച്ച തുടങ്ങിയ ശക്തമായ മഴയിൽ റോഡ്, റെയിൽ ഗതാഗതം അടക്കം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി.

പുനലൂർ - കൊല്ലം റെയിൽപാതയിൽ കൊല്ലം കിളികൊല്ലൂരിൽ പാളത്തിലേക്ക് മരം വീണതിനെ തുടർന്ന് റെയിൽ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ സർവിസ് നടത്തുന്ന കൊല്ലം- പുനലൂർ, പുനലൂർ- കൊല്ലം മെമു സർവിസ് റദ്ദാക്കി. കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ ഇടമൺ സബ് സ്റ്റേഷന് സമീപം വൈദ്യുതി ലൈനുകളുടെ മുകളിൽ മരം വീണു.

ഇടുക്കി ജില്ലയിലെമ്പാടും ചൊവ്വാഴ്ച ലഭിച്ചത് കനത്ത മഴ. മൂന്നാർ ടൗണിൽ പോസ്റ്റ്ഓഫിസ് കവലയിൽ റോഡിലേക്ക് മൺതിട്ട ഇടിഞ്ഞ് വാഹന ഗതാഗതം രണ്ട് മണിക്കൂർ തടസ്സപ്പെട്ടു. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലും പുഴകളിലും ജലനിരപ്പിൽ നേരിയ വർധനയുണ്ട്.

പത്തനംതിട്ട ജില്ലയിൽ രണ്ട് ദിവസമായി കനത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും കാര്യമായി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പമ്പ, കക്കി, മൂഴിയാർ എന്നീ അണക്കെട്ടുകളിലും പമ്പ, അച്ചൻകോവിൽ, മണിമലയാർ തുടങ്ങിയ നദികളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി.

കോട്ടയം ജില്ലയിൽ രണ്ടാംദിവസവും ശക്തമായ മഴ തുടരുന്നു. മലയോര മേഖല മണ്ണിടിച്ചിൽ ഭീഷണിയിലും പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്കഭീഷണിയിലുമാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. വൈക്കം വെച്ചൂരിൽ വീട് ഇടിഞ്ഞുവീണു. വീട്ടുകാർ രക്ഷപ്പെട്ടു.

എറണാകുളം ജില്ലയിലെ താഴ്‌ന്നപ്രദേശങ്ങൾ ചൊവ്വാഴ്ചയും വെള്ളത്തിലായിരുന്നു. ദേശീയപാതയില്‍ ആറ് മരങ്ങള്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കണ്ണമാലി മുതൽ വടക്കോട്ട് കടൽ കയറുകയാണ്. വൈപ്പിനിലെ വിവിധ തീര പ്രദേശങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്. മൂവാറ്റുപുഴ, ആലുവ, നെട്ടൂർ അടക്കം വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണും മണ്ണിടിഞ്ഞും അപകടമുണ്ടായി.

ആലപ്പുഴ ജില്ലയിൽ കാറ്റിലും മഴയിലും 73 വീടുകൾ തകർന്നു. ചൊവ്വാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ചേർത്തലയിലാണ്. തോട്ടപ്പള്ളി സ്പിൽവേയിലെ 39 ഷട്ടറുകൾ ഉയർത്തി. തീരപ്രദേശത്ത് കടൽക്ഷോഭം ശക്തമാണ്.

തൃശൂർ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച കനത്ത മഴ ശക്തമായി തുടരുകയാണ്. തൃശൂർ നഗരത്തിലും ഒല്ലൂരിലെ പുത്തൂരിലും മാളയിലും മരം കടപുഴകി. അതിരപ്പിള്ളി മേഖലയിൽ കാട്ടാന എണ്ണപ്പന കുത്തിമറിച്ചിട്ടത് പ്ലാന്‍റേഷൻ റോഡിൽ തടസ്സമുണ്ടാക്കി. ഗുരുവായൂരിൽ റെയിൽവേ സ്റ്റേഷന് സമീപം മഴയിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് ലോട്ടറി തൊഴിലാളിക്ക് പരിക്കേറ്റു. മരങ്ങൾ വൈദ്യുതിക്കമ്പിയിലേക്ക് വീണ് പലയിടത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

മലപ്പുറത്ത് മഴ കനത്തതോടെ പൊന്നാനി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കടൽക്ഷോഭം. പൊന്നാനിയിൽ നാല് വീട് പൂർണമായും പത്തിലേറെ വീടുകൾ ഭാഗികമായും തകർന്നു. പൊന്നാനിയിൽ 25 വീടും വെളിയങ്കോട്ട് 20 വീടും ഉൾപ്പെടെ 45 വീട്ടിൽ വെള്ളം കയറി. ഹിളർ പള്ളി തീരദേശത്ത് ട്രാൻസ്ഫോർമർ കടൽക്ഷോഭത്തിൽ തകർന്നു.കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് ശക്തമായ കടൽക്ഷോഭമുണ്ടായത്.

കോഴിക്കോട് ജില്ലയിൽവടകരയിലും മൈലമ്പാടിയിലുമായി രണ്ട് വീടുകൾ മഴയിൽ തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുമുണ്ട്. ഫറോക്ക് ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന് മുകളിലും മാനാഞ്ചിറയിൽ നിർത്തിയിട്ട കാറിന് മുകളിലും മരം വീണു. ആർക്കും പരിക്കില്ല. ചാലിയം ബൈത്താനി ഭാഗത്ത് തിരമാല അടിച്ചുകയറിയത് അമ്പതോളം വീടുകൾക്ക് ഭീഷണിയായി. ജില്ലയിൽ വ്യാഴാഴ്ചവരെ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂരിൽ വ്യാപക മഴയിലും കാറ്റിലും പരക്കെ നാശം. തലശ്ശേരി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരം കടപുഴകി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പബ്ലിക് സ്കൂളിലെ കഞ്ഞിപ്പുര തകർന്നു.

കുട്ടികൾ ഇല്ലാത്ത സമയമായതിനാൽ ദുരന്തം ഒഴിവായി. കണ്ണൂർ ജില്ല ആശുപത്രി ബസ് സ്റ്റാൻഡിൽ കൂറ്റൻ മരം കടപുഴകി സ്വകാര്യ ബസിന് മുകളിൽ പതിച്ചു. ആളപായമില്ല. കാസർകോട് ജില്ലയിൽ കുമ്പള തീരദേശ മേഖലയിൽ കടലാക്രമണ ഭീതിയുള്ളതിനാൽ മാറ്റിപ്പാർപ്പിക്കാൻ നടപടിയാരംഭിച്ചു. നിർമാണം നടക്കുന്ന ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾക്കും മലയോര മേഖലകൾ വഴി രാത്രിയാത്രക്കും നിയന്ത്രണം ഏർപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain Havoc
News Summary - Rain across the state; Traffic jams at many places
Next Story