റെയിൽവേക്ക് കുടിനീർ ക്ഷാമം
text_fieldsആലപ്പുഴ: റെയിൽവേയുടെ സ്വന്തം കുടിനീരായ ‘റെയിൽനീർ’ കിട്ടാനില്ല. വേനൽ തുടങ്ങിയതോടെ ഉൽപാദനം പ്രതിസന്ധിയിലായതാണ് കാരണം. പകരം മറ്റു സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
റെയിൽവേ യാത്രക്കാർക്ക് ഗുണനിലവാരമുള്ള കുടിവെള്ളം നൽകാൻ 2003 മേയിലാണ് ഐ.ആർ.സി.ടി.സി ‘റെയിൽനീർ’ എന്ന പേരിൽ സ്വന്തമായി കുടിവെള്ളം നിർമിച്ച് സ്റ്റേഷനുകളിലൂടെ വിതരണം തുടങ്ങിയത്. അതിനു ശേഷമാണ് കുപ്പിവെള്ളത്തിന്‍റെ വില 20 രൂപയിൽനിന്ന് 14 രൂപയായി കുറഞ്ഞത്. റെയിൽനീർ ലഭ്യമാകുമ്പോൾ മറ്റ് ബ്രാൻഡുകളിലെ കുപ്പിവെള്ളം വിൽപന നടത്തരുതെന്നാണ് റെയിൽവേ ചട്ടം. ഇപ്പോൾ റെയിൽനീർ ലഭ്യമല്ലാത്തതിനാൽ മറ്റു ബ്രാൻഡുകൾക്ക് വിൽപനാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ മറവിൽ നിലവാരമില്ലാത്ത കുടിവെള്ളവും വിൽപന നടത്തുന്നുണ്ട്. ചില കച്ചവടക്കാർ വില കൂട്ടിയും വിൽക്കുന്നു.
2003ൽ ഡൽഹിയിലെ നൻഗ്ലോയിയിൽ ഒരു പ്ലാന്‍റുമായി തുടങ്ങിയ റെയിൽനീർ ഉൽപാദിപ്പിക്കാൻ ഇപ്പോൾ രാജ്യത്താകെ 19 പ്ലാന്‍റുകളാണുള്ളത്. തമിഴ്നാട്ടിലെ പാലൂർ, ആന്ധ്രപ്രദേശിലെ വിജയവാഡ, സിംഹാദ്രി, മഹാരാഷ്ട്രയിലെ അംബർനാഥ്, നാഗ്പൂർ, ഭുസാവൽ, മധ്യപ്രദേശിലെ മണ്ടിദീപ്, മനേരി, ഉത്തർപ്രദേശിലെ ഹാപൂർ, അമേഥി, ഡൽഹിയിലെ നൻഗ്ലോയി, ബിഹാറിലെ ദനാപുർ, ഗുജറാത്തിലെ സാനന്ദ്, രാജസ്ഥാനിലെ കോട്ട, ഒഡിഷയിലെ ഭുവനേശ്വർ, ഛത്തീസ്ഗഡിലെ ബിലാസ്പുർ, പശ്ചിമ ബംഗാളിലെ സംക്രയിൽ, അസമിലെ ജഗിരോദ്, ഹിമാചൽപ്രദേശിലെ ഉന എന്നിവയാണ് പ്ലാന്‍റുകൾ.
വേനൽ നേരത്തെ കടുത്തതും യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി ഉൽപാദനം ഉയർത്താൻ കഴിയാത്തതുമാണ് റെയിൽവേയുടെ സ്വന്തം കുടിനീർ ക്ഷാമത്തിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

