റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു, വെള്ളക്കെട്ട്, ഇന്ന് ഓറഞ്ച് അലർട്ട്: തിരുവനന്തപുരം നഗരത്തിൽ അതിശക്തമായ മഴ
text_fieldsതിരുവനന്തപുരം: റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം. ട്രാക്കിലേക്ക് വീണ മണ്ണ് നീക്കുന്ന പ്രവൃത്തി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. തിരുവനന്തപുരം സെൻട്രലിനും നേമത്തിനുമിടയിലാണ് മണ്ണിടിച്ചിലുണ്ടായത്. തിരുവനന്തപുരം നഗരത്തിൽ പെയ്ത മഴയിൽ നഗരത്തിൽ വെള്ളക്കെട്ടുണ്ടായി. ഗതാഗതം തടസ്സപ്പെട്ടു. അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അരമണിക്കൂര്‍ പെയ്ത മഴയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ റോഡിൽ വെള്ളക്കെട്ട്. ആമയിഴഞ്ചാന്‍തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകി. ദുര്‍ഗന്ധം മൂലം നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് പ്രദേശത്ത്. മുട്ടറ്റം വരെയുള്ള മലിന ജലത്തിലൂടെയാണ് നീങ്ങുന്നത്.
അതേസമയം, മഴക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ചേർന്ന് ഉന്നതതല യോഗത്തിൽ നിർദേശം നൽകി.
അതേസമയം, തലസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ്. രാവിലെ മുതൽ തുടങ്ങിയ ശക്തമായ മഴയിൽ തലസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. അതേസമയം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ജൂൺ ഒന്നിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ രണ്ടിന് എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂൺ മൂന്നിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ജാഗ്രത നിർദേശം നൽകി. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ മഴ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

