ഇൻറർനെറ്റ് കഫേയിൽ റെയിൽവേ ടിക്കറ്റ് വിൽപന; ഒരാൾ അറസ്റ്റിൽ
text_fieldsട്രെയിനുകൾ നിർത്തലാക്കിയതിനെ തുടർന്ന് വിജനമായ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ
ചെറുവത്തൂർ: അനധികൃതമായി റെയിൽവേ ടിക്കറ്റ് വിൽപന നടത്തിയ ഒരാൾ അറസ്റ്റിലായി. ചെറുവത്തൂരിൽ ഇൻറർനെറ്റ് കഫേ നടത്തുന്ന വിപിൻ കുമാർ (35) ആണ് വിജിലൻസ് പരിശോധനയിൽ അറസ്റ്റിലായത്. ഇയാളെ പയ്യന്നൂരിലെ കോടതിയിൽ ഹാജരാക്കി. കഫേയിൽ നിന്നും റെയിൽവേയുടെ അനുമതിയില്ലാതെ ടിക്കറ്റ് വിൽപന നടത്തിയതായി കണ്ടെത്തി.
ടിക്കറ്റിന് കൂടിയ തുക ഈടാക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു. അനധികൃത ടിക്കറ്റ് വിൽപന സംബന്ധിച്ച് റെയിൽവേക്ക് ലഭിച്ച പരാതിയെ തുടർന്നാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ പരിശോധന നടത്തിയത്.
ഐ.ആർ.സി.ടി.സി ലൈസൻസ് ഉള്ള സ്ഥാപനങ്ങൾ വഴി മാത്രമേ ടിക്കറ്റ് വിതരണം നടത്താവൂവെന്ന നിയമമുണ്ട്. അതിനായി പാലക്കാട് റെയിൽവേ കമേഴ്സ്യൽ വിഭാഗത്തിൽ നിന്നും ലൈസൻസും ഗൂഗ്ൾ ഐ.ഡി നമ്പറും ലഭിക്കണം. എന്നാൽ, ഇതൊന്നും ഇല്ലാതെയാണ് ഇവിടെ നിന്ന് കൂടുതൽ തുക ഈടാക്കി ടിക്കറ്റ് വിൽപന നടത്തുന്നത്.
റെയിൽവേ വിജിലൻസ് വിഭാഗം എ.എസ്.ഐമാരായ ബിജു, ചന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾമാരായ ഇ.പി. രവീന്ദ്രൻ, ശശി, സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.