കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അവശേഷിക്കുന്ന മൂന്ന് ഗോപുരങ്ങൾ പൊളിച്ചുനീക്കുന്നു
text_fieldsകോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ ഗോപുരത്തിന്റെ മേൽക്കൂര പൊളിച്ച് നീക്കുന്നു
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ അവശേഷിക്കുന്ന മൂന്ന് ഗോപുരങ്ങൾ പൊളിച്ചുനീക്കുന്ന നടപടികൾ തുടങ്ങി. കനത്ത മഴയിൽ 138 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നതിനു പിന്നാലെയാണ് നടപടി. ഈ ഗോപുരം പൊളിച്ചുനീക്കിയിരുന്നു. ഇതിന്റെ അത്രയും വർഷം പഴക്കമുള്ളവയാണ് രണ്ടാം പ്ലാറ്റ്ഫോമിലെ മൂന്നു ഗോപുരങ്ങളും. ക്ലോക്ക് ടവർ വീണ ആഘാതത്തിൽ സമീപത്തെ ഒരു ഗോപുരത്തിന്റെ മേൽക്കൂരക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. മേൽക്കൂര പൂർണമായും നീക്കിയിട്ടുണ്ട്.
ഗോപുരത്തിന്റെ ചുറ്റിലും സ്‌കാഫോൾഡിങ് (താൽകാലിക ഇരുമ്പ് താങ്ങ് സംവിധാനം) സ്ഥാപിച്ചാണ് പൊളിച്ചുതുടങ്ങിയത്. മൂന്ന് ദിവസത്തിനുള്ളിൽ ഇവ പൂർണമായും പൊളിച്ചു നീക്കാനാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേ സ്‌റ്റേഷൻ നവീകരണത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനി ഉപകരാർ നൽകിയാണ് കെട്ടിടം പൊളിക്കുന്നത്. അതേസമയം കെട്ടിടം പൊളിക്കുമ്പോഴുള്ള സുരക്ഷ സംബന്ധിച്ച് റെയിൽവേ വിലയിരുത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പൊളിച്ചുമാറ്റൽ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ റെയിൽവേ ഡിവിഷനൽ അധികൃതരുടെ നേതൃത്വത്തിൽ കർശന സുരക്ഷ പരിശോധനകളാണ് നടക്കുന്നത്.
അതേസമയം കഴിഞ്ഞ വ്യാഴാഴ്ച ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് രണ്ടാം പ്ലാറ്റ്‌ഫോമിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരുമെന്നാണ് വിവരം. അവശേഷിക്കുന്ന മൂന്ന് ഗോപുരങ്ങൾ കൂടി പൊളിച്ചുനീക്കുന്നതിനാൽ ഇതുവഴി ട്രെയിനുകൾ കടത്തിവിടില്ല. ഗോപുരം പൊളിച്ചുനീക്കി രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ തകർന്ന മേൽക്കൂരകൾ ഉൾപ്പെടെ പുനഃസ്ഥാപിച്ച ശേഷം സുരക്ഷ പരിശോധനകൾ പൂർത്തിയാക്കിയാണ് ഈ പ്ലാറ്റ്‌ഫോം തുറന്നുകൊടുക്കുക. അതുവരെ രണ്ടാം പ്ലാറ്റ്‌ഫോമിൽ ഹാൾട്ട് ചെയ്തിരുന്ന കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ട്രെയിൻ വെസ്റ്റ്ഹില്ലിൽ നിന്നാണ് പുറപ്പെടുക. രാവിലെ കണ്ണൂരിൽനിന്നു പുറപ്പെടുന്ന ട്രെയിൻ വെസ്റ്റ്ഹില്ലിൽ യാത്ര അവസാനിപ്പിക്കും. തുടർന്ന് ഉച്ചക്ക് 2.16ന് ഇവിടെനിന്ന് പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

