മലബാറിലെ റെയിൽവേ പ്രശ്നങ്ങൾ: ബോർഡ് ചെയർപേഴ്സനുമായി എം.കെ. രാഘവൻ കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം.കെ. രാഘവൻ എം.പി റെയിൽവേ ബോർഡ് ചെയർപേഴ്സൻ ജയവർമ സിൻഹയുമായി കൂടിക്കാഴ്ച നടത്തി. പാസഞ്ചർ ട്രെയിനുകൾ റദ്ധാക്കൽ, പുതുക്കിയ സമയക്രമംമൂലമുണ്ടായ യാത്രാദുരിതം പരിഹരിക്കൽ, പുതിയ സർവിസുകൾ ആരംഭിക്കൽ, സ്റ്റോപ് അനുവദിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തുവെന്നും ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടണമെന്ന ആവശ്യം സജീവ പരിഗണനയിലാണെന്ന് ചെയർപേഴ്സൻ അറിയിച്ചതായും എം.പി വ്യക്തമാക്കി.
പൂജ അവധിക്ക് മുന്നോടിയായി ചെന്നൈ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്ന് മലബാറിലേക്ക് പ്രത്യേക സർവികൾ, കടലുണ്ടിയിലെയും ഫറോക്കിലെയും സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യവികസനം, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്, വിവിധ എക്സ്പ്രസ് ട്രെയിനുകളിലെ കോച്ചുകൾ വെട്ടിക്കുറക്കുന്ന നടപടി പിൻവലിക്കൽ തുടങ്ങിയ ആവശ്യവും കൂടിക്കാഴ്ചയിൽ എം.പി ഉന്നയിച്ചു.