കൊടുവള്ളി റെയിൽവേ മേൽപാലം; ടെൻഡർ നടപടികളായി
text_fieldsതലശ്ശേരി: കൊടുവള്ളി റെയിൽവേ മേൽപാലം നിർമാണം അടുത്തുതന്നെ തുടങ്ങും. നിർമാണത്തിനുളള ടെൻഡർ നടപടികൾ ആരംഭിച്ചു. 37.38 കോടി രൂപ മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന പ്രവൃത്തിയാണ് ടെൻഡർ ചെയ്തത്. നടപടികൾ പൂർത്തിയാക്കി ആഗസ്റ്റ്18ന് പ്രവൃത്തി തുടങ്ങാനാവും. 17 മാസമാണ് നിർമാണ കാലാവധി. റോഡ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് നിർമാണ ചുമതല.
പുറമെനിന്ന് നിർമിച്ച് സ്ഥാപിക്കുന്ന പ്രീ-സ്ട്രെസ്ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം. സ്ഥലമെടുപ്പായിരുന്നു പാലം നിർമാണത്തിന് ഇതുവരെ തടസ്സമായത്. കൊടുവള്ളി ദേശീയപാതയോട് ചേർന്നുള്ള നിട്ടൂർ സബ് പോസ്റ്റ് ഒാഫിസ് വാടക കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പാലം നിർമാണത്തിനുള്ള ടെൻഡറിലേക്ക് കടക്കാനായത്.
തലശ്ശേരി-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി ലെവൽക്രോസിന് കുറുകെയാണ് പാലം. ലെവൽക്രോസ് അടക്കുമ്പോൾ ദേശീയപാതവരെ നീളുന്ന ഗതാഗതക്കുരുക്കിനും മേൽപാലം പരിഹാരമാവും.
