റെയിൽവേ വികസനം; മൂന്നും നാലും ലൈനുകൾ അപ്രായോഗികമെന്ന് ഇ. ശ്രീധരൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് റെയിൽവേ മന്ത്രാലയം മുന്നോട്ടുവെക്കുന്ന മൂന്നും നാലും ലൈനുകൾ അപ്രായോഗികമെന്ന് ഇ. ശ്രീധരൻ. സിൽവർ ലൈനിന് ബദലായുള്ള പാത സംബന്ധിച്ച് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
മൂന്നും നാലും പാതകൾക്കായി റെയിൽവേ ബോർഡ് സർവേക്ക് ആലോചിച്ച ഘട്ടത്തിലാണ് ശ്രീധരൻ വിയോജിപ്പ് രേഖാമൂലം അറിയിച്ചത്. സംസ്ഥാനത്തെ റെയിൽവേ വികസനം സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും കേന്ദ്രം ഈ ശിപാർശ മുന്നോട്ടുവെച്ച സാഹചര്യത്തിലാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.
ഉയർന്ന ജനസംഖ്യയും ജനസാന്ദ്രതയുമുള്ള കേരളത്തെ സംബന്ധിച്ച നിലവിലെ പാതകൾക്ക് അനുബന്ധമായി വീണ്ടും സ്ഥലമെടുത്ത് ലൈനുകൾ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നാണ് ശ്രീധരന്റെ നിലപാട്. നിലവിലെ റെയിൽവേ ബോർഡിൽ കാഴ്ചപ്പാടിന്റെയും പ്രഫഷനലിസത്തിന്റെയും അഭാവം കാണുന്നതിൽ നിരാശ തോന്നുന്നെന്നും കേന്ദ്രത്തിന് കൈമാറിയ കുറിപ്പിൽ ശ്രീധരൻ സൂചിപ്പിക്കുന്നു. നിലവിലെ റൂട്ടിൽ വേഗം കൂട്ടാൻ വളവുകൾ നിവർത്തുന്നതിന് കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതും പ്രായോഗികമല്ല.
രാജ്യത്തെ റോഡുകളിൽ പ്രതിവർഷം 1.5 ലക്ഷത്തിലധികം ആളുകൾ അപകടങ്ങൾ മൂലം മരിക്കുന്നു. കൂടുതൽ യാത്രക്കാരെ റെയിൽവേയിലേക്ക് തിരിച്ചുവിട്ടാലേ അപകടങ്ങൾ കുറക്കാനാകൂ. ഇതിനായി റെയിൽവേ യാത്രക്കാരുടെ ശേഷി ഇരട്ടിയോ മൂന്നിരട്ടിയോ വർധിപ്പിക്കണം. അതിനായി അതിവേഗ പാതകളാണ് യാഥാർഥ്യമാകേണ്ടത്.
പ്രതിദിനം ആറ് കിലോമീറ്റർ ദേശീയപാത നിർമിക്കാൻ കഴിയുമെങ്കിൽ നാലു കിലോമീറ്റർ അതിവേഗ റെയിൽ പാതയും നിർമിക്കാം. അതിവേഗ റൂട്ടുകളിൽ പരമാവധി 200 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

