ഇല്ലാത്ത ബോഗിയിൽ ഇല്ലാത്ത സീറ്റിന് ടിക്കറ്റ് വിൽപ്പന; യാത്രക്കാരെ കൊള്ളയടിച്ച് റെയിൽവേ
text_fieldsതൃശൂർ: ഇല്ലാത്ത ബോഗി...അതിൽ ഇല്ലാത്ത സീറ്റ്...എന്നാൽ യാത്രക്കാരൻ സമീപിക്കുമ്പോൾ ടിക്കറ്റ് നൽകും. പക്ഷേ, യാത്ര ചെയ്യാനെത്തുമ്പോൾ സീറ്റ് കാണില്ലെന്ന് മാത്രമല്ല ആ ബോഗി തന്നെയുണ്ടാവില്ല. ഇതോടെ സമയം മിനക്കെടുത്താതെ ക്യൂവിൽ നിന്ന് വീണ്ടും ടിക്കറ്റെടുത്ത് യാത്ര തുടരും. ഇല്ലാത്ത ബോഗിയിൽ, ഇല്ലാത്ത സീറ്റ് വിറ്റുള്ള റെയിൽവേയുടെ യാത്രക്കാരെ കൊള്ളയടി തുടരുകയാണ്.
വെള്ളിയാഴ്ച ഉച്ചക്ക് 12.55ന് പുറപ്പെടുന്ന തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട്ടേക്ക് 16650 പരശുറാം എക്സ്പ്രസിൽ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്തതിരുന്നു. തുകയീടാക്കി ഡി ബോഗിയിൽ സീറ്റ് അനുവദിച്ച് ബുക്കിങ് സ്റ്റാറ്റസ് മറുപടിയും തന്നു. എന്നാൽ യാത്ര ചെയ്യാനെത്തിയപ്പോൾ പരശുറാം എക്സ്പ്രസിൽ ഡി എന്ന ബോഗി തന്നെ ഇല്ലെന്ന് അധികൃതർ മറുപടി നൽകി. ടിക്കറ്റ് ബുക്ക് ചെയ്തത് അധികൃതരെ കാണിച്ചുവെങ്കിലും തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു റെയിൽവേ അധികൃതരുടെ മറുപടി. ഇതോടെ വീണ്ടും തുക മുടക്കി ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വന്നു. വ്യാഴാഴ്ച ടിക്കറ്റ് ബുക്ക് ചെയ്ത തൃശൂർ സ്വദേശി ഷിഹാബിനാണ് റെയിൽവേയുടെ ഈ ചതിയുണ്ടായത്. എന്നാൽ ആ സമയത്ത് മാത്രം ഉണ്ടായിരുന്ന യാത്രക്കാരിൽ നിരവധിയാളുകൾക്ക് സമാന അനുഭവമുണ്ടായി വീണ്ടും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടി വന്നുവത്രെ.
ഓൺലൈനിൽ ടിക്കറ്റെടുക്കുന്നവരാണ് ഏറെയും റെയിൽവേയുള്ള പകൽക്കൊള്ളക്ക് ഇരയാവുന്നത്. ഇതിൽ തന്നെ പുരുഷന്മാരായ യാത്രക്കാർ സ്റ്റേഷനിലെത്തി അധികൃതരുമായി തർക്കത്തിന് നിൽക്കുമെങ്കിലും, സ്ത്രീ യാത്രക്കാർ വഴക്കിനില്ലെന്ന് കരുതി ഒഴിവാക്കുന്നവരാണ്. പരാതിപ്പെട്ടിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നും റിപ്പബ്ളിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ഡൽഹിയിലേക്ക് പോയ ഭിന്നശേഷിക്കാരായ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ഇങ്ങനെ റെയിൽവേയുടെ ചതിക്ക് ഇരയായിരുന്നു.
കേരള എക്സ്പ്രസിൽ എഫ് 10 ബോഗി മുൻകൂട്ടി ബുക്ക് ചെയ്തിരുന്നുവെങ്കിലും ഇങ്ങനെ ഒരു ബോഗി തന്നെ കേരള എക്സ്പ്രസിന് ഇല്ലെന്നാണ് റെയിൽവേ ഇവർക്ക് മറുപടി നൽകിയത്. ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ ബാഗേജുകളും മരുന്നും വസ്ത്രങ്ങളുമായി വെവ്വേറെ ബോഗികളിലായിട്ടാണ് പിന്നീട് ഇവർ യാത്ര തുടർന്നത്. ബുധനാഴ്ചയാണ് ഇവർ തൃശൂരിലെത്തിയത്. ഇതിന് പിന്നാലെയാണ് ഷിഹാബ് അടക്കമുള്ളവർക്ക് നേരെയും റെയിൽവേയുടെ ഈ കൊള്ളയടി തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
