കേരളത്തിെൻറ പദ്ധതികള്‍ക്ക് റെയിൽവേയുടെ പച്ചക്കൊടി
text_fieldsതിരുവനന്തപുരം: കേരളത്തിെൻറ ഭാവി റെയിൽവേ വികസനം മുന്നില്‍ കണ്ട് കേരള റെയില്‍ െഡവലപ്മെൻറ് കോര്പറേഷന് മുന്നോട്ടുവെച്ച പ്രധാന പദ്ധതികള്‍ക്ക് തത്ത്വത്തില്‍ റെയിൽവേയുടെ അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയനും റെയിൽവേ ബോര്‍ഡ് ചെയര്മാന് അശ്വനി ലൊഹാനിയും തമ്മില്‍ വെള്ളിയാഴ്ച നടന്ന ചര്‍ച്ചയിലാണ് സംസ്ഥാനത്തിെൻറ റെയില്‍ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന തീരുമാനങ്ങളുണ്ടായത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലെ ഇരട്ടപാതക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മിക്കാനുള്ള നിര്‍ദേശം ബോര്‍ഡ് ചെയര്മാന് തത്ത്വത്തില്‍ അംഗീകരിച്ചു. അതിവേഗ ട്രെയിനുകളാണ് നിര്‍ദിഷ്ട പാതകളില്‍ കേരളം ഉദ്ദേശിച്ചത്. എന്നാല്‍, അതിവേഗ ട്രെയിനുകൾ ഓടിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നും സെമി സ്പീഡ് ട്രെയിനുകള്‍ പരിഗണിക്കാമെന്നും അശ്വനി ലൊഹാനി ഉറപ്പുനല്‍കി. ഇതു സംബന്ധിച്ച് സർവേ നടത്താന്‍ അദ്ദേഹം നിർദേശിച്ചു.
തിരുവനന്തപുരം- കാസര്‍കോട് പാത 575 കി.മീറ്റര്‍ വരും. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125 കിലോമീറ്ററില്‍ നിലവിെല ബ്രോഡ്ഗേജ് ലൈനിന് സമാന്തരമായി മൂന്നും നാലും ലൈനുകള്‍ ഇടുന്നതിന് കോർപറേഷന് ഇതിനകം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. 1943 കോടി രൂപയാണ് ഇതിനു കണക്കാക്കിയിട്ടുള്ളത്. അതേസമയം, കാസര്‍കോട് വരെ പുതിയ പാതകള്‍ പണിയാനാണ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു മൊത്തം 16,600 കോടി രൂപയാണ് ചെലവ്. ലൈനുകള്‍ക്ക് ശേഷിയില്ലാത്തതാണ് കേരളത്തില്‍ പുതിയ വണ്ടികള്‍ ഓടിക്കുന്നതിന് മുഖ്യതടസ്സം. ഈ സാഹചര്യത്തിലാണ് പുതിയ ലൈനുകള്‍ക്ക് റെയില്‍വേയുമായി ചേര്‍ന്ന് മുതല്‍ മുടക്കാന്‍ കേരളം തയാറാകുന്നത്.
തലശ്ശേരി--മൈസൂര്‍ (മാനന്തവാടി വഴി) പാതയുടെ വിശദ റിപ്പോര്‍ട്ട് (ഡി.പി.ആര്) ഡിസംബര്‍ 31-നു മുമ്പ് പൂര്‍ത്തിയാക്കി റെയിൽവേക്ക് സമര്‍പ്പിക്കാന്‍ ബോര്‍ഡ് ചെയര്മാന് നിര്‍ദേശിച്ചു. 247 കി.മീറ്റര്‍ വരുന്ന പാതക്ക് 3209 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോള്‍ തലശ്ശേരിയില്‍നിന്ന് മൈസൂരുവിലേക്ക് 810 കി.മീറ്ററാണ് ദൂരം. യാത്രാസമയത്തില്‍ 12 മണിക്കൂറും ദൂരത്തില്‍ 570 കിലോമീറ്ററും കുറവുണ്ടാകും. റെയിൽവേ അംഗീകരിച്ചാൽ 2024-ല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയും. ബാലരാമപുരം--വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പാത, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുതിയ പാത (10 കി.മീറ്റര്‍), എറണാകുളത്ത് റെയിൽവേ ടെര്‍മിനസ് എന്നീ പദ്ധതികളും കേരളം മുന്നോട്ടുവെച്ചു.
കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന പദ്ധതി അടങ്കലിെൻറ പരിധിയില്‍നിന്ന് പദ്ധതികള്‍ നടപ്പാക്കാന്‍ കേരള റെയില്‍ ഡവലപ്മെൻറ് കോർപറേഷന് സ്വാതന്ത്ര്യം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ റെയിൽവേയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്, ചീഫ് സെക്രട്ടറി കെ.എം. അബ്രഹാം, ഗതാഗത സെക്രട്ടറി ജ്യോതിലാല്‍, സതേണ്‍ റെയിൽവേ ജനറല്‍ മാനേജര്‍ സുഡാന്‍സു മണി, ഡിവിഷനല്‍ റെയിൽവേ മാനേജര്‍ പ്രകാശ് ബുട്ടാണി തുടങ്ങിയവര്‍ പങ്കെടുത്തു.
സുപ്രധാന തീരുമാനങ്ങൾ
- ശബരി പാതയെ ബന്ധിപ്പിക്കുന്ന എരുമേലി-പുനലൂര്‍ പാതയും പരിഗണിക്കാമെന്ന് ഉറപ്പ്
- 65 കി.മീറ്ററാണ് ഇതിെൻറ ദൂരം, ചെലവ് 1600 കോടി രൂപ
- ശബരി പാതയെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂര്‍--പാല (15 കി. മീറ്റര്‍) ലൈനും പരിഗണിക്കും
- നേമം ടെര്‍മിനല്‍ പദ്ധതി നടപ്പാക്കാമെന്ന് ഉറപ്പ്
- പാലക്കാട് റെയിൽവേ കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന കാര്യം പരിശോധിക്കും. രാജ്യത്തെ മൊത്തം സ്ഥിതി വിലയിരുത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനം
- കേരളത്തില്‍ ഓടിക്കുന്ന എല്ലാ ട്രെയിനുകളിലും ബയോ-ടോയ്െലറ്റ് ഏര്‍പ്പെടുത്തും
- കേരളമാകെ ഗ്രീന്‍ കോറിഡോറായി മാറ്റും. റെയില്‍വേക്ക് കേരളത്തിലുള്ള ഭൂമിയില്‍ മഴവെള്ള സംഭരണികള്‍ സ്ഥാപിക്കും
- തിരുവനന്തപുരം, എറണാകുളം, വര്‍ക്കല സ്റ്റേഷനുകളുടെ വികസനത്തിന് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കും
- ഭൂമി ലഭിച്ചാല്‍ കൊച്ചുവേളി ടെര്‍മിനലിെൻറ പണി 2019 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
