റെയിൽവേ: ഉന്നതരുടെ ഇടേങ്കാലിൽ കുരുങ്ങി ട്രെയിനുകളും പ്രഖ്യാപനങ്ങളും
text_fieldsതിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ മുഖംതിരിക്കലിന് പിന്നാലെ സംസ്ഥാനത്തിെൻറ റെയിൽവേ വികസനത്തിന് ദക്ഷിണ റെയിൽവേ ഉന്നതരുടെ ഇടേങ്കാലും. സ്റ്റേഷൻ വികസനവും ട്രാക്കുകളുടെ നവീകരണവും മുതൽ പുതിയ ട്രെയിനുകൾ അനുവദിച്ച് കിട്ടുന്നതിൽ വരെ ഉദ്യോഗസ്ഥ ഇടപെടൽ കേരളത്തിന് പ്രതികൂലമാകുകയാണ്. 2014ലെ ബജറ്റിൽ പ്രഖ്യാപിച്ച മൈസൂർ-തിരുവനന്തപുരം എക്സ്പ്രസ് നടപടികളെല്ലാം പൂർത്തിയായെങ്കിലും ‘മതിയായ റെയിൽവേ ലൈനില്ല’യെന്ന ഉദ്യോഗസ്ഥ വിലയിരുത്തലോടെ ഇനിയും കേരളത്തിന് കിട്ടിയിട്ടില്ല.
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ആവശ്യപ്പെട്ട ശതാബ്ദി എക്സ്പ്രസിെൻറ കാര്യത്തിലും ഇക്കാര്യം വ്യക്തമാണ്. ജനശതാബ്ദികളെ അപേക്ഷിച്ച് പൂർണമായി ശീതീകരിച്ച കോച്ചുകളാണ് ശതാബ്ദികൾക്ക്. തമിഴ്നാടിനും കർണാടകക്കുമടക്കം ശതാബ്ദികൾ അനുവദിച്ചിട്ടും കേരളത്തിൽ അടിസ്ഥാന സൗകര്യത്തിെൻറ അഭാവം ചൂണ്ടിക്കാട്ടിയാണ് ട്രെയിൻ വൈകിപ്പിക്കുന്നത്. നിലവിൽ മൂന്ന് രാജധാനികളാണ് കേരളത്തിനുള്ളത്. ഇത് അഞ്ചായി വർധിപ്പിക്കണമെന്ന ആവശ്യവും ഉന്നത ഇടപെടലുകൾ മൂലം നിശ്ശബ്ദമാവുകയാണ്.
ഏറ്റവും ഒടുവിൽ കേരളത്തിലെ സ്റ്റേഷനുകളിൽ ട്രെയിനുകള്‍ നിര്‍ത്താന്‍ മതിയായ സ്ഥലസൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി, മറ്റ് സോണുകളില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനുകള്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് മുംബൈയില്‍ ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് ടൈംടേബിള്‍ കമ്മിറ്റി യോഗത്തില്‍ ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. തുടർന്ന് മറ്റ് സോണുകളില്‍നിന്ന് കേരളത്തിലേക്ക് ആവശ്യപ്പെട്ട ട്രെയിനുകള്‍ തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുകയാണ്. ജബല്‍പൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിക്കേണ്ട ട്രെയിന്‍ തിരുനല്‍വേലിയിലേക്ക് വഴിമാറ്റിവിട്ടു.
തടസ്സവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈസ്റ്റ്-സെന്‍ട്രല്‍ റെയില്‍വേ കേരളത്തിലേക്ക് ആവശ്യപ്പെട്ട ലാല്‍കുവ-തിരുവനന്തപുരം എസ്ക്പ്രസ് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് ദീര്‍ഘിപ്പിക്കല്‍, കൊച്ചുവേളി--ബിക്കാനിര്‍ എക്സ്പ്രസ് ആഴ്ചയില്‍ മൂന്നു ദിവസമാക്കല്‍, കൊച്ചുവേളി--ലോകമാന്യതിലക് എക്സ്പ്രസ് ദിവസേനയാക്കല്‍ എന്നിവക്കെല്ലാം ചുവപ്പുകൊടിയും കിട്ടി. വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽ മന്ത്രി പിയുഷ് ഗോയലിന് കത്തെഴുതിയെങ്കിലും നടപടിയുമുണ്ടായിട്ടില്ല.
പുതിയ കേന്ദ്രബജറ്റിൽ മുൻവർഷത്തെ അപേക്ഷിച്ച് കേരളത്തിനുള്ള വിഹിതത്തിൽ 20 ശതമാനത്തിെൻറ കുറവുണ്ട്. 2017-18ലെ ബജറ്റിൽ വിവിധ റെയിൽ വികസന സംരംഭങ്ങൾക്കായി 851.28 കോടിയാണ് കേരളത്തിന് കിട്ടിയത്. എന്നാൽ, ഇക്കുറി 689.13 കോടിയായി താഴ്ന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂമിക്ക് വിലയേറിയ കേരളത്തിൽ നിലവിലെ പദ്ധതികൾക്ക് തന്നെ അനുവദിച്ച തുക മതിയാകില്ല. ഇൗ സാഹചര്യത്തിൽ കേന്ദ്രത്തോട് കൂടുതൽ തുക ആവശ്യപ്പെടാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
