കൊച്ചിയിൽ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ റെയ്ഡ്; നാലു പേർ അറസ്റ്റിൽ
text_fieldsകൊച്ചി: നിശാപാർട്ടിക്കിടെ കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ നാലു പേർ അറസ്റ്റിൽ. ആലുവ സ്വദേശി ഡിസ്കോ ജോക്കി എന്ന അൻസാർ, സംഘാടകരായ നിസ്വിൻ, ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് മയക്കുമരുന്നുകള്‍ പിടികൂടി. കസ്റ്റംസ്, എൻ.സി.ബി, ഡി.ആർ.ഐ എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നത്. പാലാരിവട്ടത്തെ ഒരു ഹോട്ടലിൽ നിന്ന് എം.ഡി.എം.എയും ചില കെമിക്കൽ ഡ്രഗ്ഗുകൾ ഉൾപ്പെടെ ലഹരിപദാർഥങ്ങളും പിടിച്ചെടുത്തു. കസ്റ്റംസിന്റെ സ്നിഫർ ഡോഗാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്.
ഡി.ജെ പാർട്ടികളിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. യുവതികൾ ഉൾപ്പെടെ നൂറിൽപരം ആളുകൾ പാർട്ടിയിൽ പങ്കെടുത്തതായാണ് വിവരം. ശനിയാഴ്ച രാത്രി 11.45ന് തുടങ്ങിയ പരിശോധന പുലർച്ചെ 3.45 വരെ നീണ്ടു.

