രാഹുലിന്റെ വിധി: രാജ്യത്തെ ജനങ്ങൾക്ക് കിട്ടിയ വലിയ ആശ്വാസം -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കിയ സുപ്രീംകോടതി വിധി രാജ്യത്തെ ജനങ്ങൾക്ക് കിട്ടിയ വലിയ ആശ്വാസമാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഭരണവും അധികാരവുമുള്ളവർക്ക് എന്തുമാവാമെന്ന സ്ഥിതിയെ കുറിച്ച ഭയം രാജ്യത്തെ ജനങ്ങൾക്കുണ്ടായിരുന്നു. ന്യായം കാക്കാൻ, നീതി കാക്കാൻ രാജ്യത്ത് നീതിപീഠങ്ങൾ ഉണ്ട് എന്ന വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.
സുപ്രീംകോടതി രാഹുലിന്റെ പാർലമെന്റംഗത്വം പുനഃസ്ഥാപിച്ച സാഹചര്യത്തിൽ മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ ഉപനേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടി.
രാജ്യത്ത് ശക്തിപ്പെട്ട മതേതര മുന്നണിക്ക് വർധിത വീര്യം നൽകുന്നതാണ് കോടതി വിധി. മുന്നണിയെ പാർലമെന്റിനകത്തും പുറത്തും നയിക്കാൻ രാഹുൽ ഉണ്ടാവും എന്നത് വലിയ ആവേശമുണ്ടാക്കും. നേരത്തെ പാർലമെന്റിൽ മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ചതിന്റെ ഫലമായിരുന്നു കേസും അയോഗ്യനാക്കലുമൊക്കെ. എല്ലാത്തിനും പിന്നിൽ രാഷ്ട്രീയമാണ് എന്ന് എല്ലാവർക്കുമറിയാം.
രാഹുലിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല. പത്ത് വർഷം ഭരിച്ചിട്ടും ജനങ്ങളോട് ഭരണനേട്ടമായി പറയാൻ ബി.ജെ.പിയുടെ കൈയിൽ ഒന്നുമില്ല. അതുകൊണ്ടാണ് വിവിധ സംസ്ഥാനങ്ങളിൽ വർഗീയത ഇളക്കിവിടുന്നത്. അത് വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് എന്നത് ഭീതിജനകമാണ്, കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

