രാഹുൽ തകർച്ചയിൽ മങ്ങി ‘ഷാഫി പ്രഭാവം’; ശക്തമായി മറുചേരി
text_fieldsഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ
പാലക്കാട്: എം.എൽ.എയുടെ സാന്നിധ്യമില്ലാത്ത പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് പ്രചാരണം ഏറ്റെടുത്ത് വി.കെ. ശ്രീകണ്ഠൻ എം.പി. ഷാഫി പക്ഷമെന്നും ശ്രീകണ്ഠൻ പക്ഷമെന്നും ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ പക്ഷമെന്നും ചേരിതിരിഞ്ഞിരുന്നിടത്താണ് രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ കുടുങ്ങിയതോടെ ഷാഫി പക്ഷം ഒതുങ്ങിപ്പോയത്. എം.എൽ.എയായിരിക്കെ, പാലക്കാട് കോൺഗ്രസിൽ ഷാഫി പറമ്പിലിന്റെ അപ്രമാദിത്തം പ്രകടമായിരുന്നു.
കെ.പി.സി.സി നേതൃത്വത്തിന് പോലും നിഷേധിക്കാനാകാത്ത സാന്നിധ്യമായതിനാലാണ് ഏകപക്ഷീയമായി തന്റെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച് ഷാഫി വടകരയിൽ മത്സരിച്ചത്. അന്ന് കെ. മുരളീധരനെ പാലക്കാട്ടെ സ്ഥാനാർഥിയാക്കാൻ കെ.സി. വേണുഗോപാൽ പക്ഷക്കാരനായ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ കെ.പി.സി.സി നേതൃത്വത്തിന് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. രമേശ് ചെന്നിത്തലയുടെ വിഭാഗത്തോട് ഏറെ അടുപ്പമുള്ള വി.കെ. ശ്രീകണ്ഠനും നേരത്തെ ഷാഫിയുടെ മറുപക്ഷത്തായിരുന്നു. എന്നാൽ, കെ.പി.സി.സി നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചതോടെ അകൽച്ച മറന്ന് ഒന്നിച്ചു.
ജില്ല കോൺഗ്രസ് നേതൃത്വം എന്നതിലുപരി ഷാഫി -രാഹുൽ കൂട്ടുകെട്ടിൽ തന്നെയായിരുന്നു രാഹുലിന്റെ പ്രചാരണം മുന്നോട്ടുപോയതും. നീലപ്പെട്ടി വിവാദങ്ങളുൾപ്പെടെ വെല്ലുവിളികൾ നേരിട്ടപ്പോഴും ഷാഫി പറമ്പിൽ രാഹുലിനെ വിടാതെ മുറുകെപ്പിടിച്ചു. താൻ പോയാലും പാലക്കാടിന് ഒട്ടും ഖേദിക്കേണ്ടി വരില്ലെന്നും പാലക്കാടിന്റെ നല്ല ഭാവിക്കായുള്ള ‘ഇൻവെസ്റ്റ്മെന്റാ’ണ് രാഹുലെന്നും പറഞ്ഞ ഷാഫി പറമ്പിൽ കഴിഞ്ഞദിവസം രാഹുലിനെ കൈവിട്ടത് കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന് ശക്തി പകർന്നിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെങ്കിലും നഗരസഭയിലടക്കം ഈ വിവാദം ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട് യു.ഡി.എഫിന്. ബി.ജെ.പി ഭരിക്കുന്ന നഗരസഭയിൽ നേരിട്ട് പോരാടാനൊരുങ്ങവെയാണ് അശനിപാതം പോലെ രാഹുൽ വിവാദം കോൺഗ്രസിനെ പിടിച്ചുലച്ചത്. ഈ സാഹചര്യത്തിൽ വി.കെ. ശ്രീകണ്ഠൻ ബാറ്റൺ ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണിപ്പോൾ. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനും എം.പിയോടൊപ്പമുണ്ടെന്നത് ഗ്രൂപ്പ് ചേരിതിരിവിന് പുതിയ മാനം നൽകുന്നു. അതിനിടെ, കഴിഞ്ഞദിവസം ഷാഫി പറമ്പിൽ എം.പി പാലക്കാട്ട് റോഡ് ഷോക്ക് എത്തിയെങ്കിലും ‘സ്വന്തക്കാരായ’ ചിലർക്ക് വേണ്ടി മാത്രമിറങ്ങി പ്രചാരണം നടത്തി മടങ്ങിയതും കോൺഗ്രസിനകത്ത് മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

