രാഹുലിനൊപ്പം സുഹൃത്തും പ്രതി പട്ടികയിൽ; ഗർഭഛിദ്ര ഗുളിക കഴിച്ചുവെന്ന് വിഡിയോകളിലൂടെ രാഹുൽ ഉറപ്പുവരുത്തി
text_fieldsതിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടിത്തിലിനെതിരെയുള്ള കേസിൽ അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്തിനെതിരെയും കേസ്. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയാണ് കേസിൽ പ്രതി ചേർത്തത്. യുവതിക്ക് ഗർഭചിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയത് ഇയാളാണ്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴിയുണ്ട്.
അശാസ്ത്രീയവും നിർബന്ധിതവുമായ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നതാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. മെഡിക്കൽ രേഖകൾ യുവതി പൊലീസിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഗർഭിണിയാണെന്ന് രാഹുലിനോട് പറഞ്ഞപ്പോൾ ഗർഭഛിദ്രം നടത്താനാണ് പറഞ്ഞത്. സമ്മതിക്കാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു. ഗർഭചിദ്രത്തിന് തയാറല്ലെന്ന് പറഞ്ഞപ്പോഴെല്ലാം ചീത്ത വിളിച്ചു. ബന്ധത്തിൽനിന്ന് അകലാൻ രാഹുൽ ശ്രമിച്ചു.
ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും രക്തസ്രാവവുമുണ്ടായി. സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇന്ന് യുവതിയെ കോടതിയിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്.
അതേസമയം, ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മുൻകൂർ ജാമ്യത്തിനുള്ള തീവ്ര ശ്രമത്തിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെയോ ഹൈകോടതിയെയോ സമീപിക്കാനാണ് നീക്കം. എം.എൽ.എ ആണെന്നതും അറസ്റ്റ് ചെയ്യാനുള്ള നീക്കവും ചൂണ്ടിക്കാട്ടി ഹൈകോടതി ജാമ്യ ഹരജി വേഗത്തിൽ പരിഹരിക്കണമെന്നതാണ് ആവശ്യപ്പെടുക. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ സംസാരിച്ചതായാണ് വിവരം.
അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈകോടതിയിൽ എത്താവൂ എന്ന് സുപ്രീംകോടതി നിർദേശം നിലവിൽ ഉള്ളതിനാൽ തിരുവന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കണോ എന്നും ആലോചിക്കുന്നുണ്ട്.
അതേസമയം രാഹുലുമായി ബന്ധപ്പെടാനുള്ള പൊലീസിന്‍റെ നീക്കം വിജയിച്ചിട്ടില്ല. പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് രാഹുലിനായി അന്വേഷണം നടത്തിവരികയാണ് പൊലീസ്. രാഹുൽ എവിടെ എന്ന ചോദ്യത്തിന് ആരും വ്യക്തമായ ഉത്തരം നൽകുന്നില്ല. ഇന്നലെ രാഹുലിനെതിരെ പരാതി നൽകിയെന്ന വാർത്ത വന്നതുമുതൽ എം.എൽ.എ ഓഫിസും പൂട്ടിയ നിലയിലാണ് ഉള്ളത്. അതേസമയം, പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും.
യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിത ഗർഭഛിദ്രം എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശേഷം നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറും. അതിജീവിതയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
മുൻകൂർ ജാമ്യത്തിനായി രാഹുൽ കൊച്ചിയിലെ അഭിഭാഷകരുമായി സംസാരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്നലെ വൈകീട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ലൈംഗിക പീഡന പരാതി നൽകിയത്. ഒപ്പം ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും കൈമാറി. പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

