'പാർട്ടി രാഹുലിന് ഒപ്പം തന്നെ എന്നതിൽ സംശയമില്ല, മാറ്റി നിര്‍ത്തിയത് തൽക്കാലത്തേക്ക്'; അടൂർ പ്രകാശ്
text_fieldsപത്തനംതിട്ട: കടുത്ത നടപടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എടുത്തതെന്നും എന്നാൽ, മാറ്റി നിര്‍ത്തൽ തൽക്കാലത്തേക്കാണെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ രാഹുലിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വനിത നേതാക്കൾക്കുണ്ട്. പക്ഷേ, ആത്യന്തികമായി തീരുമാനം എടുക്കുന്നത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി രാഹുലിന് ഒപ്പം തന്നെ എന്നതിൽ സംശയമില്ല. അദ്ദേഹത്തിനെതിരെ ഉയര്‍ന്നത് തെരഞ്ഞെടുപ്പ് കാലത്ത് വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണ്. അനാവശ്യമായി ക്രൂശിക്കുകയാണ്. രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും എല്ലാവര്ക്കും നീതി ലഭ്യമാകേണ്ടതുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
രാഹുലിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്തു തീരുമാനിക്കും. നിയമസഭ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കണം. രാഹുൽ നിയമസഭയിൽ വരരുതെന്ന് പറയാനുള്ള അവകാശം എം.വി.ഗോവിന്ദനും ഡി.വൈ.എഫ്.ഐക്കുമില്ല.-അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരായ കേസ്: മൊഴിയെടുക്കൽ തുടങ്ങി
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരായ ലൈംഗികാതിക്രമക്കേസിൽ മൊഴിയെടുക്കൽ ആരംഭിച്ച് ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘം. പരാതിക്കാരില്‍ ഒരാളായ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ മൊഴിയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസിലായിരുന്നു മൊഴിയെടുക്കൽ. യുവതിയെ ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ഇദ്ദേഹം പരാതി നല്‍കിയത്. ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുല്‍ നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബാലാവകാശ കമീഷനിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കൽ.
പരാതിയുടെ വിശദാംശങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോകളും ഉൾപ്പെടെ അന്വേഷണ സംഘത്തിന് കൈമാറിയതായി ഷിന്റോ സെബാസ്റ്റ്യൻ പറഞ്ഞു. രാഹുലിന്റെ അതിക്രമത്തിനിരയായ യുവതിക്ക് പരാതിയുമായി മുമ്പോട്ടുപോകാനുള്ള അന്തരീക്ഷം ഇപ്പോഴില്ല. സൈബറിടത്തിൽ അത്രയേറെ ആക്രമണമാണ് നടക്കുന്നത്. ഇരയാക്കപ്പെട്ടവർക്ക് മുന്നോട്ടുവരാനുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കണമെന്നും അദ്ദേഹം തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

