'രാഹുൽ വടി കൊടുത്ത് അടിവാങ്ങി, ഇരയെ മുഖ്യമന്ത്രിയുടെ മുന്നിൽ എത്തിച്ചത് രാഹുൽ തന്നെ'- രാജ്മോഹൻ ഉണ്ണിത്താൻ
text_fieldsകാസർകോട്: രാഹുൽ മാങ്കൂട്ടത്തിൽ വടി കൊടുത്ത് അടി വാങ്ങുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഇരയോട് അപമര്യാദയായി പെരുമാറുകയും മാധ്യമങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുകയായിരുന്നു രാഹുൽ.
പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി സ്വീകരിച്ചുകൊണ്ട് അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായി തുടരുകയായിരുന്നു രാഹുൽ ചെയ്യേണ്ടിയിരുന്നത്. അതിനുപകരം പാർട്ടിയെ രാഹുൽ വെല്ലുവിളിച്ചു. കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവിനെ വെല്ലുവിളിച്ചുകൊണ്ടാണ് രാഹുൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തത്. കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെക്കാൾ പിന്തുണ തനിക്കുണ്ടെന്ന് കാണിക്കാൻ രാഹുൽ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ ഭാവി അദ്ദേഹം തന്നെ ഇല്ലാതാക്കി. പാർട്ടി സ്വീകരിച്ച നടപടി ശരിയെന്ന് തെളിയിച്ചു.
ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ മുഴുവൻ പ്രകോപിപ്പിക്കുന്ന രീതിയിലായിരുന്നു രാഹുലിന്‍റെ പെരുമാറ്റം. ഇരയേയും പ്രകോപിപ്പിച്ച് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ചത് മുഴുവൻ ഉത്തരവാദിത്തവും രാഹുലിന് മാത്രമാണ്.
പാർട്ടിയിൽ രാഹുലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്നവരെ മുഴുവൻ രാഹുലിന്‍റെ പി.ആർ ടീം ആക്രമിച്ചു. ഈ ആക്രമണം ഭയന്ന് പലരും മിണ്ടാതിരിക്കുകയായിരുന്നു. രാഹുലിനെ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പിന്തുണച്ചവര്‍ മാറി ചിന്തിക്കണം. നാറിയവനെ ചുമന്നാൽ ചുമന്നവും നാറും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കെ സുധാകരന്‍ ഓരോ കാലത്തും ഓരോ കാര്യങ്ങള്‍ മാറ്റി പറയുകയാണ്. അതുകൊണ്ടാണ് കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. രാഹുലിന്റെ രാജി ആവശ്യപ്പെടാനുള്ള അർഹത ഇടതുപക്ഷത്തിനില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള അതിജീവിതയുടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്തിനെയും പ്രതിചേർത്തു. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയാണ് കേസിൽ പ്രതി ചേർത്തത്. യുവതിക്ക് ഗർഭചിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയത് ഇയാളാണ്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴിയുണ്ട്.
അശാസ്ത്രീയവും നിർബന്ധിതവുമായ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നതാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. മെഡിക്കൽ രേഖകൾ യുവതി പൊലീസിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഗർഭിണിയാണെന്ന് രാഹുലിനോട് പറഞ്ഞപ്പോൾ ഗർഭഛിദ്രം നടത്താനാണ് പറഞ്ഞത്. സമ്മതിക്കാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു. ഗർഭചിദ്രത്തിന് തയാറല്ലെന്ന് പറഞ്ഞപ്പോഴെല്ലാം ചീത്ത വിളിച്ചു. ബന്ധത്തിൽനിന്ന് അകലാൻ രാഹുൽ ശ്രമിച്ചു.
ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും രക്തസ്രാവവുമുണ്ടായി. സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇന്ന് യുവതിയെ കോടതിയിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്.
അതേസമയം, ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മുൻകൂർ ജാമ്യത്തിനുള്ള തീവ്ര ശ്രമത്തിലാണ്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെയോ ഹൈകോടതിയെയോ സമീപിക്കാനാണ് നീക്കം. എം.എൽ.എ ആണെന്നതും അറസ്റ്റ് ചെയ്യാനുള്ള നീക്കവും ചൂണ്ടിക്കാട്ടി ഹൈകോടതി ജാമ്യ ഹരജി വേഗത്തിൽ പരിഹരിക്കണമെന്നതാണ് ആവശ്യപ്പെടുക. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ സംസാരിച്ചതായാണ് വിവരം.
അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈകോടതിയിൽ എത്താവൂ എന്ന് സുപ്രീംകോടതി നിർദേശം നിലവിൽ ഉള്ളതിനാൽ തിരുവന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കണോ എന്നും ആലോചിക്കുന്നുണ്ട്.
അതേസമയം രാഹുലുമായി ബന്ധപ്പെടാനുള്ള പൊലീസിന്‍റെ നീക്കം വിജയിച്ചിട്ടില്ല. പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് രാഹുലിനായി അന്വേഷണം നടത്തിവരികയാണ് പൊലീസ്. രാഹുൽ എവിടെ എന്ന ചോദ്യത്തിന് ആരും വ്യക്തമായ ഉത്തരം നൽകുന്നില്ല. ഇന്നലെ രാഹുലിനെതിരെ പരാതി നൽകിയെന്ന വാർത്ത വന്നതുമുതൽ എം.എൽ.എ ഓഫിസും പൂട്ടിയ നിലയിലാണ് ഉള്ളത്. അതേസമയം, പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

