അൻവറിനെ കണ്ടത് തെറ്റ്; രാഹുലിനെ തള്ളി വി.ഡി സതീശൻ
text_fieldsകൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറിനെ കാണാൻ പാടില്ലായിരുന്നുവെന്ന് വി.ഡി സതീശൻ. പി.വി അൻവറിനെ കാണാൻ രാഹുലിനെ ചുമതലപ്പെടുത്തിയിട്ടില്ല. രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പി.വി അൻവറിന്റെ വിഷയം പാർട്ടി അവസാനിപ്പിച്ചതാണ്. അതിനായി തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും വി.ഡി സതീശൻ പറഞ്ഞു.
പി.വി അൻവറിന് മുന്നിൽ യു.ഡി.എഫിന്റെ വാതിലുകൾ അടച്ചുവെന്നും വി.ഡി സതീശൻ പറഞ്ഞു. നിലമ്പൂരിലും ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് വ്യക്തമാണ്. ഇതിനാലാണ് ആദ്യം ബി.ജെ.പി സ്ഥാനാർഥിയെ നിശ്ചയിക്കാതിരുന്നത്. പിന്നീട് വലിയ പ്രതിഷേധമുണ്ടായപ്പോഴാണ് ബി.ജെ.പി സ്ഥനാർഥിയെ തീരുമാനിച്ചത്. ദേശീയപാത നിർമാണത്തിൽ വലിയ അഴിമതി നടന്നിട്ടും കേന്ദ്രസർക്കാറിനെ സംസ്ഥാനം വിമർശിക്കുന്നില്ല.
പാലാരിവട്ടം പാലത്തിന് തകരാറുണ്ടെന്ന് റിപ്പോർട്ട് വന്നപ്പോൾ മന്ത്രിക്കെതിരെ കേസെടുത്ത സർക്കാറാണ് കേന്ദ്രസർക്കാറിനെതിരെ ഒരു വിമർശനവും ഉന്നയിക്കാതെ നിശബ്ദത പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ഏറ്റവും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് നിലമ്പൂർ.
പാലക്കാടിനേക്കാളും വലിയ സംഘടനാശേഷി കോൺഗ്രസിന് നിലമ്പൂരുണ്ട്. വലിയ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

