'പരിപാടി നടത്താൻ പൊലീസ് പെർമിഷൻ മാത്രം പോരാ, മാരാർജി ഭവനിൽ നിന്നുള്ള പ്രത്യേക അനുമതിയും വാങ്ങണം'; പൊലീസ് നടപടി ലജ്ജാകരമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsമലപ്പുറം: ലഹരിക്കെതിരെ വിസ്ഡം പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച വിദ്യാർഥി സമ്മേളനം നിർത്തിവെപ്പിച്ച പൊലീസ് നടപടിയിൽ രൂക്ഷ വിമർശവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.
യുവാക്കൾ ലഹരിക്കടിമപ്പെടുന്ന കാലത്ത് ലഹരിക്കെതിരെ പോരാടാൻ അവരെ പ്രാപ്തരാക്കുന്ന വിസ്ഡം സ്റ്റുഡന്റ്സിനോട് ക്രിമിനൽ സംഘത്തോട് പെരുമാറുന്നത് പോലെയുള്ള പൊലീസ് നടപടി ലജ്ജാകരമാണെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
'രാവിലെ മുതൽ വൈകുന്നേരം വരെ വ്യത്യസ്ത സ്ഥലങ്ങളിൽ പോയി ഒരു കൊലയാളി വെഞ്ഞാറമ്മൂട്ടിൽ അഞ്ച് പേരെ കൊന്നത് അറിയാത്ത പൊലീസ്, കോടികളുടെ രാസലഹരി കേരളത്തിലേക്ക് ഒഴുകുന്നത് എവിടെ നിന്നാണ് എന്നറിയാത്ത പൊലീസ്, സ്കൂൾ മുതൽ നാലാൾ കൂടുന്ന കവലയിൽ വരെ ലഹരി സുലഭമായത് എങ്ങനെയെന്നറിയാത്ത അതേ പൊലീസ്, പെരിന്തൽമണ്ണയിൽ ലഹരി വിരുദ്ധ പരിപാടി 10 മിനുട്ട് താമസിച്ചു എന്ന് പറഞ്ഞ് റേവ് പാർട്ടി നടത്തിയ സംഘത്തോട് പെരുമാറുന്നത് പോലെ പെരുമാറുവാൻ കാരണം പിണറായി പോലീസിന്റെ കാക്കിക്കുള്ളിലെ കാവിയാണെന്നറിയില്ലേ നിഷ്കളങ്കരേ '- എന്ന് രാഹുൽ ചോദിച്ചു.
നിങ്ങൾ പരിപാടി നടത്തുമ്പോൾ പൊലീസ് പെർമിഷൻ മാത്രം വാങ്ങിയാൽ പോരായെന്നും മാരാർജി ഭവനിൽ നിന്നും അനുമതി ലഭിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
ഞായറാഴ്ച രാത്രിയാണ് വിസ്ഡം സംഘടിപ്പിച്ച കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസ് പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചത്. അനുവദിച്ച സമയപരിധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് രാത്രി 10ന് പൊലീസ് സമ്മേളന വേദിയിലേക്ക് കടന്നുവന്നതും നിർത്തിവെക്കാൻ ആവശ്യപ്പെട്ടതും. എന്നാൽ, 10 മണിക്ക് മുമ്പ് നിർത്തുന്ന വിധമാണ് എല്ലാ പരിപാടികളും ക്രമീകരിച്ചതെന്നും പൊലീസെത്തുമ്പോൾ സമാപന പ്രസംഗം നടക്കുകയായിരുന്നെന്നും ഉടൻ നിർത്താമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ പൊലീസ് നിർത്താൻ ആക്രോശിക്കുകയായിരുന്നുവെന്നാണ് വിസ്ഡം നേതാക്കൾ പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"രാവിലെ മുതൽ വൈകുന്നേരം വരെ വ്യത്യസ്ത സ്ഥലങ്ങളിൽ പോയി ഒരു കൊലയാളി വെഞ്ഞാറമ്മൂട്ടിൽ അഞ്ച് പേരെ കൊന്നത് അറിയാത്ത പോലീസ്, കോടികളുടെ രാസലഹരി കേരളത്തിലേക്ക് ഒഴുകുന്നത് എവിടെ നിന്നാണ് എന്നറിയാത്ത പോലീസ്, സ്കൂൾ മുതൽ നാലാൾ കൂടുന്ന കവലയിൽ വരെ ലഹരി സുലഭമായത് എങ്ങനെയെന്നറിയാത്ത പോലീസ്
അതേ പോലീസ് പെരിന്തൽമണ്ണയിൽ നടത്തിയ വിസ്ഡം സ്റ്റുഡന്റ്സിന്റെ ലഹരി വിരുദ്ധ പരിപാടി 10 മിനുട്ട് താമസിച്ചു എന്ന് പറഞ്ഞു റേവ് പാർട്ടി നടത്തിയ സംഘത്തോട് പെരുമാറുന്നത് പോലെ പെരുമാറുവാൻ കാരണം പിണറായി പോലീസിന്റെ കാക്കിക്കുള്ളിലെ കാവിയാണെന്നറിയില്ലേ നിഷ്കളങ്കരേ...
നിങ്ങൾ പരിപാടി നടത്തുമ്പോൾ പോലീസ് പെർമിഷൻ മാത്രം വാങ്ങിയാൽ പോരാ, മാരാർജി ഭവനിൽ നിന്നും അനുമതി ലഭിക്കണം.
യുവാക്കൾ ലഹരിക്കടിമപ്പെടുന്ന കാലത്ത് അവരോട് ലഹരിക്കെതിരെ പോരാടാൻ പ്രാപ്തരാക്കുന്ന, ഇന്നലെകളിൽ പൗരധാർമ്മിക വിദ്യാഭ്യാസ പരിപാടികൾ മനോഹരമായി നടപ്പാക്കിയ സംഘടനയായ വിസ്ഡം സ്റ്റുഡന്റ്സിന്റെ ക്രിമിനൽ സംഘത്തോട് പെരുമാറുന്നത് പോലെയുള്ള പോലീസ് ആക്ടിംഗ് ലജ്ജാകരമാണ്.
6 ഗ്രാം കഞ്ചാവ് 9 പേർ താമസിച്ച ഫ്ലാറ്റിൽ നിന്ന് പിടിച്ച് ഷോ കാണിക്കുന്നതല്ല ലഹരിയെ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കാൻ കാണിക്കേണ്ടത്, യുവാക്കളെ ലഹരിക്കെതിരെ പടയാളികളാക്കുകയും അവരിൽ ധാർമ്മിക ബോധം സൃഷ്ടിക്കുകയും ചെയ്താൽ മാത്രമേ ശാശ്വതമായ പരിഹാരമുള്ളൂ, അത്തരം പരിപാടികളോടുള്ള പോലീസിങ്ങ് അപലപനീയമാണ്.
നിശലഹരിപ്പാർട്ടി തടയാൻ കഴിവില്ലാതെ, ലഹരിക്കെതിരെ നടത്തുന്ന പരിപാടി തടഞ്ഞിട്ട് സമൂഹത്തെ നോക്കിയുള്ള ഈ പരിഹാസം നിറഞ്ഞ ചിരി തന്നെയാണോ സർക്കാർ നയമെന്ന് വ്യക്തമാക്കണം."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

