‘ഒരു കപ്പ് എടുക്കട്ടെ... കപ്പ്, കപ്പേ’; പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡിൽ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിന് പിന്നാലെ രൂക്ഷ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ. കൈയിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് "ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ..." എന്നാണ് രാഹുൽ കുറിച്ചത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിന്‍റെ ഈ പരിഹാസത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈകോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് അതിവേഗത്തിലുള്ള റെയ്ഡ് നടപടികളിലേക്ക് കേന്ദ്ര ഏജൻസി കടന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും ഒരേസമയമാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. പിണറായിയുടെ വീടുകൾക്ക് പുറമെ സി.എം.ആർ.എൽ ഓഫീസ് ഉൾപ്പെടെ പത്തിടങ്ങളിലാണ് ഒരേസമയം ഇ.ഡി റെയ്ഡ് പുരോഗമിക്കുന്നത്.
സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വീട്ടിലും, മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം പരിശോധന നടത്തുന്നുണ്ട്. ഇതിനിടെ സി.എം.ആർ.എൽ സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡുകൾക്ക് പിന്നാലെ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇ.ഡി ഈ നിർണായക വിവരങ്ങൾ വ്യക്തമാക്കിയത്. കമ്പനിയിൽനിന്ന് വ്യാജ ചെലവുകളുടെ മറവിൽ വകമാറ്റിയ ഫണ്ടിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ വീണയാണെന്നും കേന്ദ്ര അന്വേഷണ ഏജൻസി പരസ്യപ്പെടുത്തി.
മാസങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാറിനെതിരായ എൽ.ഡി.എഫ് സത്യഗ്രഹ വേദിയിൽ ‘ലവ് യൂ ടു മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പ് പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച പരാതിക്കാരിക്കുള്ള ഐക്യദാർഢ്യമാണ് അതെന്നാണ് അന്ന് എല്ലാവരും വിലയിരുത്തിയത്. രാഹുലിന്റെ അറസ്റ്റിനു ശേഷം പരാതിക്കാരി ഫേസ്ബുക്കിലിട്ട കുറിപ്പിൽ ഈ വാചകം ഉപയോഗിച്ചിരുന്നു. ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ‘ഈ കപ്പിലെ വാചകങ്ങൾക്ക് എന്റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ട്’ എന്ന് അതിജീവിത സമൂഹ മാധ്യമത്തിൽ ഫോട്ടോ സഹിതം പങ്കിടുക കൂടി ചെയ്തതോടെ അതിന്റെ ഗതിവേഗം കൂടി.
'ലവ് യൂ ടൂ മൂൺ ആൻഡ് ബാക്ക്' എന്ന് കപ്പിലെഴുതിയത് യാദൃശ്ചികമായി സംഭവിച്ചതാണ്. ആ കപ്പ് അതിനായി എടുത്തതൊന്നുമല്ലെന്നും പിണറായി പറഞ്ഞിരുന്നു. അന്ന് അവിടെ ഇരിക്കുമ്പോൾ വെള്ളം കുടിക്കുന്നതിന് ഒരു കപ്പ് വീട്ടിൽ നിന്ന് കൊണ്ടുവന്നിരുന്നു. എന്നാൽ ആ കപ്പിൽ അങ്ങനെ എഴുതിയത് കൊടുത്തച്ചയാൾക്കോ എനിക്കോ ആർക്കുമറിയില്ലായിരുന്നു.അതിൽ വെള്ളം കുടിക്കുമ്പോൾ ഒരാൾ ഇങ്ങനെ ഫോട്ടോ എടുക്കുന്നത് കാണുന്നുണ്ട്. വെള്ളം കുടിക്കുന്നത് എന്‍റെ കാര്യത്തിൽ ഒരു പുതുമ അല്ല, സാധാരണ പ്രസംഗിക്കുമ്പോൾ തന്നെ ഞാൻ വെള്ളം കുടിക്കാറുണ്ട്. അത് കൊണ്ട് അതൊരു പുതുമയായി എനിക്ക് തോന്നിയില്ല. എന്നാലും ശ്രദ്ധയോടെ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ എന്താണെന്ന് മനസ്സിലായില്ല. പിന്നെയാണ് ഇങ്ങനെയൊരു വാർത്ത വന്നത് മനസ്സിലായത് പിണറായി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

