രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയവേട്ടയാടൽ; എം.എൽ.എ സ്ഥാനം രാജിവെക്കേണ്ട -വി.കെ ശ്രീകണ്ഠൻ
text_fieldsവി.കെ ശ്രീകണ്ഠൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ നടക്കുന്നത് രാഷ്ട്രീയവേട്ടയാടലാണെന്ന് വി.കെ ശ്രീകണ്ഠൻ എം.പി. ഈ വേട്ടയാടലിന് കൂട്ടുനിൽക്കില്ല. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ ഒരു പരാതിയും ഇതുവരെ നിലവിലില്ല. എന്നിട്ടും രാഷ്ട്രീയ ധാർമികതയുടെ പേരിൽ രാഹുൽ യൂത്ത്കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. തന്നെ ന്യായീകരിച്ച് പ്രവർത്തകർ സമയം കളയേണ്ടതില്ലെന്നതിനാലാണ് പദവി രാജിവെക്കുന്നതെന്ന് രാഹുൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.രാഹുലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ വകവെക്കുന്നില്ല. രാഹുലിനെതിരായ ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. ഇതിനായി കമീഷൻ രുപീകരിക്കുമോയെന്ന ചോദ്യത്തിന് അതെല്ലാം സി.പി.എമ്മിന്റെ രീതികളാണെന്നും തങ്ങൾക്ക് അതില്ലെന്നുമായിരുന്നു വി.കെ ശ്രീകണ്ഠന്റെ മറുപടി.
കർണാടകയിൽ പ്രജ്വൽ രേവണ്ണയും കേരളത്തിൽ മുകേഷും ആരോപണങ്ങൾ ഉയർന്നപ്പോൾ പദവി രാജിവെച്ചിരുന്നില്ല. രാഹുലിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ കർശനമായ നടപടിയുണ്ടാവുമെന്നും വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയോട് പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ നഗരസഭ അഭ്യർഥിച്ചിരുന്നു. ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളും ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രതിഷേധക്കാർ വരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർഥിക്കുന്നതെന്ന് ഡെപ്യൂട്ടി ചെയർമാൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വ്യാഴാഴ്ച വൈകിട്ട് നാലു മണിക്കാണ് മുനിസിപ്പൽ സ്റ്റാൻഡിന്‍റെ ഉദ്ഘാടനം നടക്കുന്നത്. പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനാണ് ഉദ്ഘാടകൻ. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അധ്യക്ഷ വഹിക്കുന്ന ചടങ്ങിൽ സ്ഥലം എം.എൽ.എയായ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു വിശിഷ്ടാതിഥി.
യുവനടിയുടെ ആരോപണങ്ങളെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. യുവനടി തന്റെ സുഹൃത്താണെന്നും അവർ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

