മേപ്പാടി: വയനാട്ടിലുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വീടിന് മുന്നിൽ കാത്തുനിന്ന് കണ്ട് വിശേഷം പറഞ്ഞ് 93കാരി മുത്തശ്ശി. രാജീവ് ഗാന്ധിയെ എന്നും ഓർക്കാറുണ്ടെന്ന് പറഞ്ഞ മുത്തശ്ശിയെ രാഹുൽ മാസ്ക് ധരിപ്പിക്കുകയും ചെയ്തു.
മുത്തശ്ശിയെ കണ്ടതും രാഹുൽ ചേർത്ത് പിടിച്ചു. മാസ്ക് ധരിക്കാത്തത് ശ്രദ്ധിച്ചപ്പോൾ, കൂടെയുള്ളവരോട് രാഹുൽ ഇക്കാര്യം ചോദിച്ചു. ഇതോടെ കൈയിലുണ്ടായിരുന്ന മാസ്ക് മുത്തശ്ശി മുഖത്ത് ധരിക്കുമ്പോൾ രാഹുൽ സഹായിച്ചു. തുടർന്ന് മാസ്ക് ധരിക്കാതെ പുറത്തിറങ്ങറുതെന്ന് രാഹുൽ പറഞ്ഞു.
കാഴ്ചയ്ക്ക് തകരാറുണ്ടോ, തന്നെ കാണുന്നുണ്ടോ, മനസ്സിലാകുന്നുണ്ടോ എന്ന് രാഹുല്‍ ചോദിച്ചപ്പോൾ തനിക്ക് രാഹുലിനെ മനസ്സിലാകുന്നുണ്ടെന്ന് കൂപ്പു കൈയോടെ മറുപടി.
എത്രമക്കളുണ്ടെന്നും എല്ലാ മക്കളും നല്ലനിലയിലാണോ എന്നും രാഹുൽ ചോദിച്ചു. എട്ടു മക്കളുണ്ടെന്നും 93 വയസ്സായെന്നും എല്ലാ മക്കളും നല്ല നിലയിലാണെന്നും കൂടെയുള്ളവരുടെ സഹായത്തോടെ രാഹുലിനെ അറിയിച്ചു.
മുത്തശ്ശി വളരെ പോസിറ്റീവാണെന്നും കണ്ടതിൽ സന്തോഷമെന്നും മുത്തശ്ശിയെ ചേർത്തുപിടിച്ച് പറഞ്ഞാണ് രാഹുൽ മടങ്ങിയത്. ഇതിൻെറ വീഡിയോ കോൺഗ്രസിൻെറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.