'അന്വേഷണം ഇ.പിയിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു'; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകോഴിക്കോട്: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സർക്കാർ നടപടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കസേരയിലിരുന്ന് വായിക്കുമ്പോൾ ഞെട്ടിയ കേസ് അന്വേഷണം ഇ.പിയിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തുവെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ശനിയാഴ്ചയാണ് എ.കെ.ജി സെന്റർ ആക്രമണക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി അനിൽകാന്ത് ഉത്തരവിട്ടത്. സംഭവം നടന്ന് 23 ദിവസമായിട്ടും പ്രതിയെ കണ്ടെത്താൻ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്.
ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചായിരിക്കും തുടർന്നുള്ള അന്വേഷണം. തിങ്കളാഴ്ച സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാർ കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിന് നൽകും.
ജൂണ്‍ 30ന് രാത്രിയാണ് സംഭവമുണ്ടായത്. ഇതുവരെ 1300 ഓളം ഇരുചക്രവാഹനങ്ങളും നാനൂറോളം ഫോൺകാൾ വിവരങ്ങളുമാണ് പരിശോധിച്ചത്. എന്നാൽ, സ്ഫോടകവസ്തു എറിഞ്ഞയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.