അറസ്റ്റിലായി 18ാം ദിവസം ജയിൽ മോചിതനായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ജയില്‍ മോചിതനായി. മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിനാലാണ് രാഹുൽ ജയിൽ മോചിതനായത്. അറസ്റ്റിലായി പതിനെട്ടാം ദിവസം പിന്നിടുമ്പോഴാണ് രാഹുൽ പുറത്തിറങ്ങുന്നത്. പത്തനംതിട്ട ജില്ല സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മാവേലിക്കര സബ് ജയിലിലാണ് രാഹുൽ തടവിൽ കഴിഞ്ഞിരുന്നത്. ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി വിധിപറയാൻ മാറ്റി.
രാഹുൽ പുറത്തിറങ്ങിയതിൽ മാവേലിക്കര സബ് ജയിലിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാവേലിക്കര ജയിലിന് മുന്നില്‍ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രാഹുലിന്റെ അഭിഭാഷകൻ പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു.
ഉപാധികളോടെയാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. 50000 രൂപയും രണ്ട് ആളുകളും ജാമ്യം നിൽക്കണം. എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പിൽ പത്തുമണിക്കും 12 മണിക്ക് ഇടയിൽ ഹാജരാക്കണം. മൂന്നുമാസക്കാലം ഇത് തുടരണം. എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ സംഘത്തിന് മുമ്പാകെ എത്തണം.
തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെയോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്. ഇങ്ങനെ അഞ്ച് ഉപാധികളോടെയാണ് മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽമാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്.
രാഹുലിനെ എസ്.ഐ.ടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നു എന്നാണ് കോടതി അറിയിച്ചത്.
രേഖകൾ കേസിന്‍റെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

