രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫോൺ കണ്ടെത്തി; ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും
text_fieldsപാലക്കാട്: പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. രാഹുൽ താമസിച്ച പാലക്കാട്ടെ കെ.പി.എം ഹോട്ടൽ മുറിയിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഒരു ഫോൺ കണ്ടെടുത്തത്. രാഹുൽ താമസിച്ചിരുന്ന 2002ാം നമ്പർ മുറിയിൽ ഷൊർണൂർ ഡിവൈ.എസ്.പി എൻ. മുരളീധരന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പേഴ്സനൽ ഫോണുകളിലൊന്ന് കണ്ടെടുത്തത്.
ഫോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താൻ രാഹുൽ തയാറായിട്ടില്ല. ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്തിയശേഷമേ പാലക്കാട്ട് തെളിവെടുപ്പിന് കൊണ്ടുവരൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 15ന് വൈകിട്ട് പ്രതിയെ ഹാജരാക്കണമെന്ന് നിർദേശിച്ച തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി അരുന്ധതി ദിലീപ് ജാമ്യാപേക്ഷ 16ന് പരിഗണിക്കാൻ മാറ്റി.
ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചത്. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുമ്പ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം അഭിഭാഷകൻ അഡ്വ. അഭിലാഷ് ചന്ദ്രൻ വാദിച്ചു. എന്നാൽ, കോടതി കസ്റ്റഡി അപേക്ഷയിൽ ഉറച്ചുനിന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ദേവി എം.ജിയും ഹാജരായി.പ്രതിഷേധക്കാർക്ക് ഇടയിലൂടെ ഏറെ പണിപ്പെട്ടാണ് പോലീസ് രാഹുലിനെ കോടതിയിലേക്ക് കൊണ്ടുവന്നതും തിരികെ കൊണ്ടുപോയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

