‘യുവതി ഗർഭഛിദ്രം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരം’; ലൈംഗിക പീഡനക്കേസിൽ കൂടുതൽ തെളിവുമായി രാഹുൽ മാങ്കൂട്ടത്തില്‍
text_fieldsതിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവ് കോടതിയിൽ ഹാജരാക്കി രാഹുൽ മാങ്കൂട്ടത്തില്‍ എം.എൽ.എ. യുവതി ഗർഭഛിദ്രംചെയ്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വ്യക്തമാക്കുന്ന രേഖ തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം.
യുവതിയും ഭർത്താവും ഒരുമിച്ചുള്ള ചിത്രങ്ങൾ അടക്കം അധിക തെളിവുകൾ മുദ്രവെച്ച കവറിലാണ് രാഹുൽ കോടതിയിൽ സമർപ്പിച്ചത്. പീഡിപ്പിച്ചെന്ന് പറയുന്ന ദിവസങ്ങളിലും അതിന് ശേഷവും യുവതിയും ഭർത്താവും ഒരുമിച്ചുണ്ടായിരുന്നതിന്‍റേതാണ് ചിത്രങ്ങൾ. യുവതി ജോലി ചെയ്ത സ്ഥാപനത്തിലെ മേധാവി പരാതി കൊടുക്കാൻ നിർബന്ധിക്കുന്നതിന്‍റെ ഡിജിറ്റൽ തെളിവ് അടങ്ങുന്ന പെൻഡ്രൈവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
യുവതി പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഒളിവിൽ പോയെന്ന് വ്യാപക പ്രചാരണം നടന്നിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം അതീവരഹസ്യമായി തിരുവനന്തപുരത്തെ അഭിഭാഷകന്‍റെ ഓഫിസിൽ നേരിട്ടെത്തിയാണ് രാഹുൽ ഹരജിയിൽ ഒപ്പിട്ടതെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം വഞ്ചിയൂരിലെ ഓഫിസിലെത്തിയെന്നും ഒരു മണിക്കൂർ ഓഫിസിൽ ചെലവഴിച്ചെന്നും അഭിഭാഷകർ പറയുന്നു.
അതേസമയം, അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ, ഐ.ടി നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ രണ്ട് പ്രതികള്‍ ഉള്ളതിനാൽ പ്രതികള്‍ പരസ്പരം സഹായിച്ച് കുറ്റകൃത്യം നടത്തിയതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും എഫ്ഐ.ആറിലുണ്ട്. രണ്ടുതവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
2025 മാർച്ച് നാലിനാണ് രാഹുൽ യുവതിയെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവെച്ച് ആദ്യം ബലാത്സംഗം ചെയ്തത്. മാർച്ച് 17ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിലെത്തി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി വീണ്ടും ബലാത്സംഗം ചെയ്തു. മേയ് അവസാന ആഴ്ച രണ്ടു തവണ പാലക്കാട്ടെ ഫ്ലാറ്റിൽവെച്ചും ബലാത്സംഗം ചെയ്തു.
പത്തനംതിട്ടയിലെ സുഹൃത്ത് ജോബി ജോസഫ് വഴി മേയ് 30നാണ് ഗർഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ച് നൽകിയത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു അത്. കൈമനത്ത് ജോബി ജോസഫിന്‍റെ കാറിൽവെച്ച് നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും പ്രചാരണത്തിലായിരുന്ന രാഹുൽ വിഡിയോ കോൾ വഴി യുവതി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
എന്നാൽ, യുവതിയുമായി സൗഹൃദമുണ്ടായിരുന്നെന്നും പരാതിക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നും ബലാത്സംഗ കേസിൽ നൽകിയ മുൻകൂർജാമ്യ ഹരജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. സി.പി.എമ്മും ബി.ജെ.പിയുമാണ് പരാതിക്ക് പിന്നിലെന്ന് തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹരജിയില്‍ പറയുന്നു.
യുവതിയെ ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല. യുവതിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ്. ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി. ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണ്. ഗര്‍ഭഛിദ്രത്തിന് യുവതി മരുന്ന് കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണ്.
പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നെന്ന് തന്നോട് പറഞ്ഞു. തനിക്ക് അവരോട് സഹതാപം തോന്നി. തുടര്‍ന്ന് ആ ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലേക്ക് വളര്‍ന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് പരാതിക്കാരി. അവർ ഗര്‍ഭിണിയായെന്ന വാദം തെറ്റാണ്.
താനുമായുള്ള ചാറ്റ് റെക്കോഡ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. റെക്കോഡ് ചെയ്ത ചാറ്റുകളടക്കം തെളിവുകള്‍ പിന്നീട് മാധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം തനിക്കെതിരെ പരാതി നൽകാൻ നിർബന്ധിച്ചു. പരാതിക്കാരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതിന് തെളിവുമുണ്ട്.
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത് രാഷ്ട്രീയ താൽപര്യത്തിന്റെ ഭാഗമാണ്. ശബരിമല വിവാദത്തിൽ നിന്ന് സര്‍ക്കാറിനെ രക്ഷിക്കാനാണ് പരാതി നല്‍കിയതെന്നും ഹരജിയിൽ രാഹുൽ വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

