രാജിയാവശ്യത്തിൽ കോൺഗ്രസ് ഒറ്റക്കെട്ട്; വഴങ്ങാതെ രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: കോൺഗ്രസ്സിൽ ഒറ്റപ്പെടുകയും സമ്മർദം കനക്കുകയും ചെയ്തിട്ടും പ്രതിരോധം തീർത്തും രാജി ആവശ്യം നിരസിച്ചും രാഹുൽ മാങ്കൂട്ടത്തിൽ. ഒന്നിന് പിറകെ ഒന്നായി ശബ്ദരേഖകൾ പുറത്തുവരികയും പിടിവള്ളികൾ പൊട്ടിത്തുടങ്ങുകയും ചെയ്യുമ്പോഴും വാർത്തസമ്മേളനം വിളിച്ച് തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സ്ഥാപിക്കാനായിരുന്നു രാഹുലിന്റെ ശ്രമം.
തന്റെ പേര് പറഞ്ഞ് ആരോപണമുന്നയിച്ച ട്രാൻസ്വുമൺ അവന്തികയുടെ ചാറ്റും ഫോൺ സംഭാഷണവും പുറത്തുവിട്ടായിരുന്നു പ്രതിരോധം. വനിത നേതാക്കളടക്കം കെ.പി.സി.സി ഒന്നടങ്കം രാജിക്കായി മുറവിളി കൂട്ടുമ്പോഴാണ് അതേക്കുറിച്ച് ഒരക്ഷരം മിണ്ടാതെ തന്റെ ഭാഗം ന്യായീകരിക്കും വിധമുള്ള നീക്കത്തിലൂടെ പാർട്ടി ചിന്തിക്കുന്നതിനൊപ്പം കൂടാൻ താനില്ലെന്ന പരോക്ഷ സൂചന അദ്ദേഹം നൽകിയത്. പാർട്ടിയുടെ പൊതുവികാരത്തിന് വഴങ്ങാതെ കുതറിമാറാനും ഇടയാനുമുള്ള പുറപ്പാടിലാണ് രാഹുലെന്നാണ് സൂചന. മാധ്യമങ്ങളെ കണ്ട ശേഷം എം.എൽ.എ ബോർഡുവെച്ച വാഹനത്തിൽ തന്നെ പുറത്തേക്കിറങ്ങിയതിലും വ്യക്തമായ സൂചനയുണ്ട്.
മറുഭാഗത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാകട്ടെ നിലപാടിൽ ഒട്ടും അയവ് വരുത്തിയിട്ടില്ല. ഷാനിമോൾ ഉസ്മാൻ, ഉമ തോമസ് അടക്കം വനിത നേതാക്കൾ ഞായറാഴ്ച രാജി ആവശ്യം പരസ്യമായി ഉന്നയിച്ചു. ഉചിത സമയത്ത് ഉചിത തീരുമാനമുണ്ടാകുമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശേഷവും ഉയർന്ന ആരോപണങ്ങൾ നേതൃത്വം ഗൗരവത്തോടെ പരിശോധിക്കുന്നുവെന്ന കെ.സി. വേണുഗോപാലിന്റെ പ്രതികരണം ദേശീയ നേതൃത്വവും രാഹുലിനെ കൈവിടുന്നുവെന്നതിന്റെ സൂചനയാണ്.
അതേസമയം, രാഹുലിന്റെ ആരോപണങ്ങൾ തള്ളി അവന്തിക രംഗത്തെത്തി. വാട്സ് ആപ് വഴി അയച്ച പഴയ ഓഡിയോയാണ് രാഹുൽ പുറത്തുവിട്ടതെന്നും എന്നാൽ ടെലഗ്രാം വഴിയാണ് മോശമായി സംസാരിച്ചതെന്നും അവന്തിക പറയുന്നു. ഒരുവട്ടം കണ്ടാൽ സ്വയം മാഞ്ഞുപോകുംവിധം മെസേജ് ക്രമീകരണം ഏർപ്പെടുത്തിയാണ് ഈ ചാറ്റുകളെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

