ജയിൽ മോചിതനായ രാഹുൽ അടൂരിലെ വീട്ടിൽ: മാധ്യമപ്രവർത്തകരെ തടഞ്ഞ് നാട്ടുകാരും പ്രവർത്തകരും
text_fieldsഅടൂർ: മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിൽ മോചിതനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അടൂരിലെ വീട്ടിലെത്തി. ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് രാഹുൽ വീട്ടിലെത്തിയത്.
ഈ സമയം വീടിന്‍റെ കവാടത്തിൽ നിന്ന മാധ്യമപ്രവർത്തകരെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് തടഞ്ഞു. രാഹുലിന്‍റെ വാഹനം വീട്ടിലേക്ക് കയറി പോകുന്നതിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിക്കാനാണ് മാധ്യമപ്രവർത്തകർ എത്തിയത്.
മൂന്നാമത്തെ പീഡനക്കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. 18 ദിവസത്തെ ജയിൽ വാസത്തിനൊടുവിൽ പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വിദേശത്തുള്ള കോട്ടയം സ്വദേശിയായ യുവതിയെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ജനുവരി 11ന് പാലക്കാട്ടെ ഹോട്ടലിൽ നിന്ന് നാടകീയമായാണ് പൊലീസ് രാഹുൽ മാങ്കൂട്ടത്തിലെ കസ്റ്റഡിയിലെടുത്തത്.
ഉഭയസമ്മതത്തോട് കൂടിയ ബന്ധമായിരുന്നുവെന്നും ബന്ധത്തില്‍ വന്ന ചില വിള്ളലുകളാണ് പരാതിക്ക് കാരണമെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. ഇത് സാധൂകരിക്കുന്നതിനായി ശബ്ദസന്ദേശവും വാട്സാപ്പ് ചാറ്റുകളും ഹാജരാക്കി. ഇവ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
പരാതിക്കാരി മൊഴി നല്‍കാന്‍ വൈകിയെന്നും കേസില്‍ നേരിട്ടുള്ള സാക്ഷികളില്ലെന്നും വ്യക്തമാക്കിയ കോടതി, വിദേശത്തുള്ള പരാതിക്കാരിയെ പ്രതി എങ്ങനെ ഭീഷണിപ്പെടുത്താനാണെന്നും ചോദിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പരാതിക്കാരികളെ അപമാനിക്കാൻ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

