വന്ദേഭാരതിനെ സ്വീകരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ; ചടങ്ങ് ബഹിഷ്കരിച്ച് ബി.ജെ.പി നേതാക്കൾ
text_fieldsപാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പങ്കെടുത്ത വന്ദേഭാരത് സ്വീകരണ പരിപാടി ബഹിഷ്കരിച്ച് ബി.ജെ.പി. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവനും സി. കൃഷ്ണകുമാറും ബി.ജെ.പി പ്രവർത്തകരുമാണ് പരിപാടി ബഹിഷ്കരിച്ചത്.
ഇന്ന് രാവിലെയാണ് കേരളത്തിലെ മൂന്നാമത്ത വന്ദേഭാരത് എറണാകുളം -ബംഗളൂരു സർവീസിന് തുടക്കമായത്. പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതരാണ് പാലക്കാട് സ്റ്റേഷനിൽ എത്തുന്ന വന്ദേഭാരതിന് സ്വീകരണം ഒരുക്കിയത്.
സ്ഥലം എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലും സഹപ്രവർത്തകരും പരിപാടിയിലേക്ക് എത്തിയതോടെ പ്രശാന്ത് ശിവന്‍റെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ ഇറങ്ങി പോവുകയായിരുന്നു.
അതേസമയം, ലൈംഗികാരോപണം ഉയർന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കൊപ്പം മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും ഇന്നലെ വേദി പങ്കിട്ടിരുന്നു. സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിമാർക്കൊപ്പം രാഹുലും വേദിയിലെത്തിയത്. എം.ബി. രാജേഷ് അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് രാഹുൽ എത്തിയത്.
രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ മിനി കൃഷ്ണകുമാർ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. രാഹുലിനെ സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിൽ വിശദീകരണവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിൽ പ്രശ്നമൊന്നുമില്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. നിലവിൽ എം.എൽ.എയായ രാഹുലിനെ ഇറക്കിവിടാനാവില്ലെന്നും ആരോപണത്തിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
രാഹുലിനെ തടയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി നേരത്തെ പ്രഖ്യാപിച്ചതാണ്. അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല. അന്വേഷണം നടക്കുന്നതേയുള്ളൂ. അങ്ങനെയൊരാൾ വേദിയിൽ വന്നാൽ ഇറക്കി വിടുന്നത് തങ്ങളുടെ രീതിയല്ല. അങ്ങനെയുള്ള വ്യക്തിയെ മാറ്റിനിർത്തുകയോ പരിപാടിയിൽ പേര് വെക്കാതിരിക്കുകയോ ചെയ്യുന്നത് തങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ല.
എം.എൽ.എ എന്ന നിലയിൽ രാഹുലിനെ ക്ഷണിച്ചിരുന്നു. നേരത്തെ, സ്വാഗത സംഘംയോഗത്തിലും പങ്കെടുത്തിരുന്നു. നോട്ടീസിൽ അദ്ദേഹത്തിന്റെ പേരും വെച്ചിട്ടുണ്ട്. ജനാധിപത്യ മര്യാദയുടെ ഭാഗമാണിത്. തെരഞ്ഞെടുപ്പിൽ ജയിച്ച വ്യക്തിയാണെന്നും അയോഗ്യനാക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി ശിവൻകുട്ടി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

