'എം.സ്വരാജ് ഇടക്കൊക്കെ ഈ സമാധാന സന്ദേശം സ്വന്തം പാർട്ടിയിലെ ഭീകരവാദികൾക്കും പറഞ്ഞുകൊടുക്കണം, അതിർത്തിയിൽ യുദ്ധം പുകയുമ്പോഴെങ്കിലും ആയുധം താഴെ വെക്കാൻ അവരോട് പറയണം'
text_fieldsപാലക്കാട്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താന് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ യുദ്ധവിരുദ്ധ സന്ദേശം പങ്കിട്ട സി.പി.എം നേതാവ് എം.സ്വരാജിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.
സ്വന്തം മുറ്റത്ത് മിസൈൽ പതികാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധം അതിർത്തിയിലെ പൂരമാണെന്ന് പറഞ്ഞ സ്വരാജിന്റെ കുറിപ്പിനെ 'ഹാ എത്ര മനുഷ്യ സ്നേഹം തുളുമ്പുന്ന കവിത' എന്നാണ് രാഹുൽ പരിഹസിച്ചത്.
ഇന്ത്യയുടെ തിരിച്ചടിയുണ്ടായുമ്പോൾ മാത്രം യുദ്ധത്തിനെതിരായ സമാധാനത്തിന്റെ സന്ദേശവാഹകൻ ആകുന്ന എം.സ്വരാജ്, ഇടക്കൊക്കെ ഈ സമാധാന സന്ദേശം സ്വന്തം പാർട്ടിയിലെ ഭീകരവാദികൾക്കും പറഞ്ഞു കൊടുക്കുന്നത് അങ്ങയുടെ കാപട്യം കുറയ്ക്കാൻ സഹായിക്കുമെന്നും മാങ്കൂട്ടത്തിൽ വിമർശിച്ചു.
രാജ്യ യുദ്ധസഹജമായ അടിയന്തര സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഇന്നത്തെ ദിവസം പോലും കണ്ണൂരിലെ മലപ്പട്ടം പഞ്ചായത്തിൽ താങ്കളുടെ പാർട്ടി പ്രവർത്തകർ ഗാന്ധിസ്ഥൂപം തകർക്കുകയും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെകട്ടറി സനീഷ് പി.ആറിന്റെ വീട് അക്രമിക്കുകയും ചെയ്തു. രാജ്യത്തിന്റെ അതിർത്തിയിൽ യുദ്ധം പുകയുമ്പോഴെങ്കിലും ആയുധം താഴെ വെക്കാൻ സ്വന്തം പാർട്ടിക്കാരെ ഉപദേശിക്കണം. ഈ കൊലവിളി ഇപ്പോഴെങ്കിലും നിർത്താൻ അവരോട് പറയൂവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"ശ്രീ എം സ്വരാജിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ് കണ്ടിരുന്നു.
അതിർത്തിയിൽ നടക്കുന്ന യുദ്ധത്തെ പറ്റിയും അതിൽ ഉണ്ടാകുന്ന രക്ത ചൊരിച്ചിലിനെ പറ്റിയും ഒക്കെയുള്ള ‘വേദനയാണ്’ ആ തികഞ്ഞ ‘മനുഷ്യ സ്നേഹിയിൽ’ നിന്ന് ഉണ്ടാകുന്നത്.
“സ്വന്തം മുറ്റത്ത് മിസൈൽ പതികാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധം അതിർത്തിയിലെ പൂരമാണ്”. ഹാ എത്ര മനുഷ്യ സ്നേഹം തുളുമ്പുന്ന കവിത.
അല്ലയോ മനുഷ്യസ്നേഹി, അതിർക്കപ്പുറത്ത് പോകും മുൻപ് അങ്ങയ്ക്ക് സംഘടനാപരമായ ഉത്തരവാദിത്വമുള്ള കണ്ണൂരിലേക്ക് ഒന്ന് പോകണം. രാജ്യ യുദ്ധസഹജമായ അടിയന്തര സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഇന്നത്തെ ദിവസം പോലും കണ്ണൂരിലെ മലപ്പട്ടം പഞ്ചായത്തിൽ താങ്കളുടെ പാർട്ടി പ്രവർത്തകർ ഗാന്ധിസ്ഥൂപം തകർക്കുകയും, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെകട്ടറി സനീഷ് PR ന്റെ വീട് അക്രമിക്കുകയും ചെയ്തു. പാകിസ്ഥാനിൽ ഇന്ത്യയുടെ മിസൈലാക്രമണത്തിൽ പൊളിഞ്ഞ വീടുകളെ പറ്റി ആശങ്കപ്പെടുന്ന മനുഷ്യസ്നേഹി, സനീഷിന്റെ വീട് അക്രമിച്ചപ്പോൾ ചുടുകട്ട വന്ന് പതിച്ചത് അവന്റെ നാലു വയസുകാരി മകളുടെ തൊട്ടടുത്താണ്.
ഇന്ത്യ അതിർത്തിയിലെ മനുഷ്യരെ സുരക്ഷിതമാക്കുവാൻ ശ്രമിക്കുന്ന അതേ ദിവസം, എന്തിനേറെ പറയുന്നു കണ്ണൂരിൽ പോലും പൗരനെ സംരക്ഷിക്കാനുളള തയ്യാറെടുപ്പുകളുടെ ഭാഗമായ മോക്ക് ഡ്രിൽ നടത്തുന്ന അതേ സമയം തന്നെയാണ് നിങ്ങളുടെ പ്രസ്ഥാനത്തിലെ തീവ്രവാദികൾ കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് വിജിൽ മോഹനെയും സംസ്ഥാന ഭാരവാഹികൾ റഷീദും, രാഹുൽ വെച്ചിയോട്ടും മുഹ്സിനും അടക്കമുള്ളവരെ തടഞ്ഞ് വെച്ച് അക്രമം അഴിച്ച് വിട്ടത്.
പാകിസ്ഥാൻ ഇന്ത്യയോട് കാണിക്കുന്ന ഭീകരപ്രവർത്തനം ഒരിക്കൽപോലും കാണാതെ, അനിവാര്യമായ ഇന്ത്യയുടെ തിരിച്ചടിയുണ്ടായുമ്പോൾ മാത്രം യുദ്ധത്തിനെതിരായ സമാധാനത്തിന്റെ സന്ദേശവാഹകൻ ആകുന്ന എം സ്വരാജ്, ഇടക്കൊക്കെ ഈ സമാധാന സന്ദേശം സ്വന്തം പാർടിയിലെ ഭീകരവാദികൾക്കും പറഞ്ഞു കൊടുക്കുന്നത് അങ്ങയുടെ കാപട്യം കുറയ്ക്കാൻ സഹായിക്കും…
ഏറ്റവും ചുരുങ്ങിയത് രാജ്യത്തിന്റെ അതിർത്തിയിൽ യുദ്ധം പുകയുമ്പോഴെങ്കിലും ആയുധം താഴെ വെക്കാൻ സ്വന്തം പാർട്ടിക്കാരെ ഉപദേശിക്കണം. ഈ കൊലവിളി ഇപ്പോഴെങ്കിലും നിർത്താൻ അവരോട് പറയൂ.."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

