'കിലുക്കം' സിനിമയിലെ രേവതിയുടെ റോളിലാണ് സ്വപ്‌നയെന്ന് സ്വരാജ്, എങ്കിൽ രേവതിയെ പഠിപ്പിച്ച് വളർത്തിയ തിലകന്റെ റോളാണ് പിണറായിക്കെന്ന് രാഹുൽ
text_fieldsഎം. സ്വരാജ്, രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: കേരളത്തിലെ കോൺഗ്രസ് ഇപ്പോൾ കാതോർക്കുന്നത് ഒരു കള്ളക്കടത്തുകാരിയുടെ വാക്കുകൾക്കാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. മരണവെപ്രാളത്തിലുള്ള കേരളത്തിലെ കോൺഗ്രസ് പിടിച്ചുനിൽക്കാൻ ബി.ജെ.പിയുമായി ഒരുമിച്ചുചേർന്ന് അവസാനത്തെ പരിശ്രമം നടത്തുകയാണെന്ന് പത്തനംതിട്ടയിൽ നടന്ന എൽ.ഡി.എഫ് റാലിയിൽ സ്വരാജ് ആരോപിച്ചു. മാനസികനില മോശമാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ആ കള്ളക്കടത്തുകാരി ഓരോ ദിവസവും മാധ്യമങ്ങളോട് സംസാരിക്കുന്നത്. ഇപ്പോൾ രണ്ടു ദിവസമായി കാണുന്നില്ല. അവസാനം കൈയിൽനിന്ന് പോയിയെന്ന് പ്രതിപക്ഷ നേതാവിനു തന്നെ തോന്നി. പ്രിയദർശൻ സംവിധാനം ചെയ്ത 'കിലുക്കം' എന്ന സിനിമയിലെ രേവതിയുടെ റോളിലാണ് കള്ളക്കടത്തുകാരി നിൽക്കുന്നത്. മോഹൻലാലിന്റെ അവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്നും സ്വരാജ് പരിഹസിച്ചു.
നോക്കിനിൽക്കെ കാണെക്കാണെ മാഞ്ഞുപോകുന്ന പാർട്ടിയായി കോൺഗ്രസ് മാറുന്നു. ഇന്നലെ നഗ്‌നനേത്രങ്ങൾകൊണ്ട് കാണാമായിരുന്ന കോൺഗ്രസിനെ ഇന്ന് ഇന്ത്യയിൽ ഭൂതക്കണ്ണാടി കൊണ്ട് മാത്രമേ കാണാനാകൂ. ഓരോ ദിവസം കഴിയുംതോറും നേതാക്കന്മാരെല്ലാം കോൺഗ്രസിനെ വിട്ടുപോയിക്കൊണ്ടിരിക്കുകയാണ്. പേരുകേട്ട നേതാക്കന്മാരെല്ലാമാണ് കഴിഞ്ഞ ദിവസങ്ങളിൽ മാത്രം കോൺഗ്രസ് വിട്ടുപോയത്. അമ്മയ്ക്കും മകനും ചോദ്യംചെയ്യാൻ വേണ്ടി ഇ.ഡി നോട്ടീസ് കൊടുത്തിരിക്കുകയാണ്. മകന്റെ ചോദ്യംചെയ്യൽ കഴിഞ്ഞു. നാളെ കോൺഗ്രസ് എന്ന പാർട്ടി ഇന്ത്യയിൽ എവിടെയുണ്ടാകുമെന്ന് പറയാൻ പറ്റില്ല.
21 തവണ സ്വർണക്കള്ളക്കടത്ത് നടത്തി, ഒടുവിൽ പിടിക്കപ്പെട്ട്, തുറങ്കലിലടക്കപ്പെട്ട്, ജാമ്യത്തിലിറങ്ങിയ, കള്ളക്കടത്തുകേസിലെ പ്രതിയായ ഒരു തട്ടിപ്പുകാരിയുടെ താളത്തിനൊത്ത് ചുവടുവയ്ക്കുന്ന ആളായി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മാറിയില്ലേ? കേരളത്തിലെ കോൺഗ്രസിന്റെ നേതാവ് ഇപ്പോൾ സോണിയ ഗാന്ധിയല്ല. കോൺഗ്രസ് കാതോർത്തുനിൽക്കുന്നത് കള്ളടക്കടത്തുകേസിലെ പ്രതിയായ തട്ടിപ്പുകാരിയുടെ വായിൽനിന്നു വരുന്നതിനാണ്. അതിനാണ് കുറെ കോൺഗ്രസുകാരും യൂത്ത് കോൺഗ്രസുകാരും അടിവാങ്ങിയത്' --സ്വരാജ് പറഞ്ഞു.
ഇതിന് ഫേസ്ബുക്കിൽ മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. 'കിലുക്കം' സിനിമയിലെ രേവതിയുടെ റോളിലാണ് സ്വപ്‌നയെങ്കിൽ പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകൻ കഥാപാത്രമെന്ന് രാഹുൽ പരിഹസിച്ചു. തിലകന്റെ മാനസപുത്രിയായ രേവതിയെ പഠിപ്പിച്ച് വളർത്തിയത് തിലകനാണ്. പിന്നീട് രേവതി തിലകന്റെ 'മീശ' എടുത്ത് കളയുന്നത് വരെ നമ്മൾ കണ്ടു. തൃപ്പൂണിത്തറയായാലും തൃക്കാക്കരയായാലും വരുന്നവന്റെയും പോകുന്നവന്റെയും കൈയിൽ നിന്ന് തല്ല് കൊള്ളുന്ന കിലുക്കത്തിലെ നിശ്ചൽ കുമാറാണ് സ്വരാജ് എന്നും രാഹുൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക് പോസ്റ്റ്
രേവതി പറയുന്നതെല്ലാം വിശ്വസിക്കുന്ന കിലുക്കം സിനിമയിലെ മോഹൻലാൽ ആണ് പ്രതിപക്ഷ നേതാവ് എന്ന് സ്വരാജ് പറയുന്നത് കേട്ടു.
ശ്രീ. വി.ഡി സതീശൻ മോഹൻലാൽ ആണോ മമ്മൂട്ടിയാണോയെന്ന തർക്കം അവിടെ നിക്കട്ടെ.....
സ്വപ്ന രേവതിയാണെങ്കിൽ, പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകൻ കഥാപാത്രം. തിലകന്റെ മാനസപുത്രിയായ രേവതിയെ പഠിപ്പിച്ച് വളർത്തിയത് തിലകനാണ്. പിന്നീട് രേവതി തിലകന്റെ 'മീശ' എടുത്ത് കളയുന്നത് വരെ നമ്മൾ കണ്ടു.
എന്തായാലും കിലുക്കത്തിലെ നിശ്ചൽ കുമാറാണ് സ്വരാജ്. വരുന്നവന്റെയും പോകുന്നവന്റെയും കൈയിൽ നിന്ന് "തല്ല്" കൊള്ളുക, എന്നിട്ട് 'മുച്ഛേ മാലും നഹീന്ന് വിളിച്ചു കൂവുക' , അത് തൃപ്പൂണിത്തറയായാലും തൃക്കാക്കരയായാലും…..