രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ ജയിലിലായി. കോടതി മുമ്പാകെ രാഹുൽ ജാമ്യാപേക്ഷ സമർപ്പിച്ചുവെങ്കിലും ഇത് പിന്നീട് പരിഗണിക്കാമെന്ന് ജഡ്ജി നിലപാട് അറിയിക്കുകയായിരുന്നു. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്കായിരിക്കും രാഹുലിനെ മാറ്റുക.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഫോൺ ലോക്ക് മാറ്റാൻ വിസമ്മതിക്കുന്നു. ജാമ്യം നൽകിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പാലക്കാട് എത്തിയതു മുതൽ പൊലീസ് രാഹുലിനെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുൽ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ കസ്റ്റഡിയിൽ എടുക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി. റിസപ്ഷനിലുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്തു.
രാഹുലിന്റെ ഡ്രൈവറും സഹായിയും അടക്കം പുറത്തുപോയി എന്നുറപ്പാക്കിയതിനു ശേഷം അർധരാത്രി 12.15 ഓടെ രാഹുൽ താമസിച്ചിരുന്ന മുറിയിലെത്തി. വാതിലിൽ തട്ടിയെങ്കിലും വാതിൽ തുറക്കാൻ രാഹുൽ തയാറായില്ല. പൊലീസാണെന്നും കസ്റ്റഡിയിലെടുക്കാനാണ് എത്തിയതെന്നും അറിയിച്ചതോടെ രാഹുൽ വാതിൽ തുറന്നു. 12.30ഓടെ രാഹുലിനെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന പത്തനംതിട്ടയിലേക്ക് രാഹുലിനെ മാറ്റി. ദീർഘനേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനക്കായി എത്തിച്ചപ്പോൾ ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് രാഹുലിനെതിരെ ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

