ജനങ്ങളെ കൂട്ടുപിടിച്ച് സി.പി.എം-ബി.ജെ.പി സഖ്യ സ്ഥാനാർഥിയെ പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsപാലക്കാട്ട്: നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഇത്തവണ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിക്ക് ആയിരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ബി.ജെ.പി സ്ഥാനാർഥിയെ മത്സരപ്പിച്ചാലും സി.പി.എം ഡമ്മിയാണ്. സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണ് മത്സരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
സി.പി.എമ്മും ബി.ജെ.പിയും സഖ്യമുണ്ടാക്കിയാലും, അവരുടെ പ്രവർത്തനം പോലും അംഗീകരിക്കില്ല എന്നതിന്‍റെ തെളിവാണ് പാലക്കാട്ടേത്. ഇരു പാർട്ടികളും സഖ്യമായിട്ടാണ് മത്സരിച്ചതും സമരം ചെയ്തതും ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
അനുയോജ്യനായ സ്ഥാനാർഥിയെ യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിക്കും. ആ സ്ഥാനാർഥിക്ക് ജനവിധിയുണ്ടാകും. ജനങ്ങളെ കൂട്ടുപിടിച്ച് സി.പി.എം- ബി.ജെ.പി സഖ്യ സ്ഥാനാർഥിയെ പരാജയപ്പെടുത്തും. നിലമ്പൂർ സീറ്റ് ജയിക്കേണ്ടത് യൂത്ത് കോൺഗ്രസിന്‍റെ ആവശ്യമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. പി.വി. അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ട എന്ന യു.ഡി.എഫ് തീരുമാനം ഹൈക്കാമാൻഡ് ശരിവെക്കുകയായിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം കെ.പി.സി.സി ഹൈക്കമാൻഡിനെ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
അൻവറിന്റെ സമ്മർദത്തിനു വഴങ്ങി ആര്യാടൻ ഷൗക്കത്തിനെ മാറ്റേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. അതേസമയം, അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. വി.എസ് ജോയിയും ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും അൻവറിന് തിരിച്ചടിയായി.
ആര്യാടൻ മുഹമ്മദിന്റെ കുത്തക അവസാനിപ്പിച്ച് 2016ലാണ് ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ നിലമ്പൂർ പിടിച്ചെടുത്തത്. പിണറായിസത്തെ തകർക്കാനായി ആര് യു.ഡി.എഫ് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്നായിരുന്നു അൻവർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പിന്നീട് മലക്കം മറിയുകയായിരുന്നു.
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിലെ അതൃപ്തിയും അൻവർ പരസ്യമാക്കിയിരുന്നു. പകരം വി.എസ്. ജോയിയുടെ പേരാണ് അൻവർ നിർദേശിച്ചത്. ഇത് തള്ളിയാണ് കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

