നേരത്തെ ‘കൈകഴുകി’യത് കവചമായി: അറസ്റ്റിൽ പരിക്കില്ലാതെ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: സംഘടനപരമായും രാഷ്ട്രീയമായും നേരത്തെ തന്നെ ‘കൈകഴുകിയതിനാൽ’ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് പരിക്കേൽപ്പിക്കില്ലെന്ന വിലയിരുത്തലിലും ആശ്വാസത്തിലും കോൺഗ്രസ്. ആദ്യ ആരോപണമുയർന്ന ഘട്ടത്തിൽ തന്നെ രാഹുലിനെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പുറത്താക്കുകയും പിന്നാലെ സംഘടനയിൽനിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തിരുന്നു. സംഘടന എന്ന നിലയിൽ ഇത്തരത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന് മാത്രമല്ല അതുപയോഗിച്ച് എതിരാളികളെ വെല്ലുവിളിക്കാനും സാധിച്ചു. ഈ സാഹചര്യത്തിൽ പുതിയ ആരോപണമുണ്ടാകുന്നതും ജയലിലാകുന്നതെന്നും പാർട്ടി എന്ന നിലയിൽ ഒരു ബാധ്യതയുമുണ്ടാക്കില്ലെന്നതാണ് നേതാക്കളുടെ വിലയിരുത്തൽ. എം.എൽ.എ പദവിയെന്നത് വ്യക്തി തീരുമാനിക്കേണ്ട കാര്യമാണെന്ന മുൻ നിലപാടിലും നേതാക്കൾ ഉറച്ചുനിൽക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൊടുമ്പിരി കൊള്ളുന്ന കാലത്താണ് രാഹുലിനെതിരെയുള്ള രണ്ടാം പീഡന വിവാദം കത്തിപ്പടരുന്നതും പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും. എന്നാൽ ‘രാഹുൽ വിഷയം’ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് ജനവിധി തെളിയിച്ചു. ഫലത്തിൽ ധാർമ്മികമായും സംഘടനപരമായും തങ്ങളുടെ ഭാഗം ‘ക്രിസ്റ്റൽ ക്ലിയർ’ ആണെന്ന് ആത്മവിശ്വാസത്തോടെ അടിവരയിടുകയാണ് നേതൃത്വം.
സാധാരണഗതിയിൽ ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ നേതാക്കളെ സംരക്ഷിക്കുന്ന രീതിയാണ് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കാറുള്ളത്. തുടക്കത്തിൽ കോൺഗ്രസിനുള്ളിലും സമ്മിശ്രവികാരമുണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ സമ്മർദ്ദങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയെങ്കിലും നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെ തണൽ രാഹുലിനുണ്ടായിരുന്നു . പ്രതിപക്ഷ നേതാവിന്‍റെയും രമേശ് ചെന്നിത്തലയുടെയുമടക്കം വിയോജിപ്പുകൾ മറികടന്ന് നിയമസഭയിലെത്തിയതിലടക്കം ഈ പിന്തുണ പ്രകടവുമായിരുന്നു. ഇത് രാഹുലിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമെന്ന രണ്ട് വിഭാഗത്തെ തന്നെ കോൺഗ്രസിനുള്ളിൽ സൃഷ്ടിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ നിലപാടായിരുന്ന ശരി എന്നതിലേക്ക് അധികം വൈകാതെ പാർട്ടി എത്തി. പിന്നാലെ പരോക്ഷ പരിരക്ഷകൾ പിൻവലിച്ചുവെന്ന് മാത്രമല്ല നിലപാടും കർശനമാക്കി. ഇതാകട്ടെ ഇപ്പോൾ തുണയുമായി. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കൈപൊള്ളിക്കുന്നില്ലെന്ന് മാത്രമല്ല, ആരോപണവിധേയരായവരെ സംരക്ഷിക്കില്ലെന്ന കർശന നിലപാട് ചൂണ്ടിക്കാട്ടി പാർട്ടിയുടെ പ്രതിഛായ നിർമിതിക്ക് കൂടിയാണ് നീക്കം. മറുഭാഗത്ത് രാഹുലിനെ മുൻനിർത്തി സി.പി.എം കോൺഗ്രസിനെ കടന്നാക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീപീഡന ആരോപണങ്ങൾ നേരിട്ട എം.എൽ.എ അടക്കമുള്ളവരുടെ കാര്യത്തിലെ സി.പി.എം നിലപാട് ചർച്ചയാക്കാനുമാണ് കോൺഗ്രസ് തീരുമാനം.
പുറത്തുവരുന്നത് കോണ്‍ഗ്രസിന്റെ
ജീര്‍ണാവസ്ഥ
–എം.വി. ഗോവിന്ദന്‍
കണ്ണൂർ: കോണ്‍ഗ്രസിന്റെ ജീര്‍ണമായ അവസ്ഥയാണ് രാഹുല്‍ മാങ്കൂട്ടത്തിലിലൂടെ പുറത്തുവരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടെന്നും തളിപ്പറമ്പിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
രാഹുല്‍ അന്നും ഇന്നും കോണ്‍ഗ്രസിന്റെ പരിപൂര്‍ണ പിന്തുണയിലാണ്. കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന്റെ സംഘടനാപ്രവര്‍ത്തനത്തിലേക്ക് രാഹുല്‍ വീണ്ടുമിറങ്ങും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകാനുള്ള യോഗ്യതയെന്തെന്ന് കൂടുതല്‍ വ്യക്തമാകുന്നതാണ് മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പുറത്തുവരുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമൊക്കെയാകാനുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യത ഇതൊക്കെയാണെന്ന് ജനം മനസ്സിലാക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

