‘അന്ന് എന്റെ നിലപാട് പിഴച്ചെന്നും ചെയ്യാൻ പാടില്ലെന്നും എനിക്ക് തന്നെ തോന്നിയിരുന്നു; വൺ ടു ത്രീ അറ്റാക്ക് എന്ന രീതിയിൽ സേനയെ വിന്യസിച്ചിട്ടില്ല’ -സൈബർ ആക്രമണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsനിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറിനെ കാണാൻ രാഹുൽ മാങ്കൂട്ടത്തിൽ പോയപ്പോൾ (ഫയൽ ചിത്രം)
തിരുവനന്തപുരം: താൻ കോൺഗ്രസ് നേതാക്കളിൽ ആർക്കെതിരെയും സൈബർ അറ്റാക്ക് നടത്തിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ നേതാവും മുൻ എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് പാർട്ടിക്ക് പുറത്തുള്ളവരോടും നമുക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നമ്മുടെ പ്രൊഫൈലിലൂടെ പറയുമെന്നതിനപ്പുറം ‘വൺ ടു ത്രീ അറ്റാക്ക്’ എന്ന് പറഞ്ഞ് ഒരു സേനയെ ഒന്നും വിന്യസിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂരിൽ പി.വി. അൻവറിനെ കാണാൻ താൻ പോയ സംഭവത്തിൽ കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളായി നിൽക്കുന്നവർ പോലും ഏറ്റവും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. അത് കേട്ടപ്പോൾ താൻ എടുത്ത നിലപാട് പിഴച്ചുപോയെന്നും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നും തനിക്ക് തന്നെ തോന്നിയിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
‘സൈബർ ഇടത്തിൽ പല തരത്തിലുള്ള അഭിപ്രായങ്ങളുണ്ട്. അതിനെ സൈബർ അറ്റാക്ക് എന്ന് വിളിക്കാമെങ്കിൽ എനിക്കെതിരെയും ഉണ്ടായിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ, ഞാൻ നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറിനെ കാണാൻ പോയ സംഭവം എല്ലാവർക്കും ഓർമയുണ്ടാകും. അന്നേരം കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളായി നിൽക്കുന്ന, സമൂഹ മാധ്യമങ്ങളിൽ ഇടപെടുന്ന മുഴുവൻ ആളുകളും രൂക്ഷമായ ഭാഷയിലാണ് എന്നെ വിമർശിച്ചത്. എന്നും കാണുന്നവരാണെന്നുള്ള പരിചയം പോലും കാണിക്കാത്ത രീതിയിലായിരുന്നു നേതാക്കന്മാർ വിമർശിച്ചത്. അത്രയും പേർ വിമർശിച്ചപ്പോൾ ഞാൻ എടുത്ത നിലപാട് പിഴച്ചുപോയെന്നും ഞാൻ ചെയ്യാൻ പാടില്ലായിരുന്നു എന്നും എനിക്ക് തന്നെ തോന്നിയിരുന്നു.
കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താനെതിരെ ഞാൻ സൈബർ അറ്റാക്ക് നടത്തിയിട്ടില്ല. അദ്ദേഹം വ്യക്തിപരമായി എന്റെ പേര് പരാമർശിച്ചിട്ടില്ലാത്ത ഒരു കാര്യത്തിൽ ഞാൻ പ്രതികരിക്കുന്നില്ല. അദ്ദേഹം പറഞ്ഞാലും ഇല്ലെങ്കിലും ഞാൻ അങ്ങനെ ഒരു സൈബർ അറ്റാക്ക് ചെയ്തിട്ടില്ല.
ഞാൻ കോൺഗ്രസ് പാർട്ടിക്കകത്തുള്ള ഏതെങ്കിലും വ്യക്തിക്കെതിരായിട്ട് അത്തരത്തിലുള്ള ഒരു പ്രവർത്തി ചെയ്തിട്ടില്ല. കോൺഗ്രസ് പാർട്ടിക്ക് പുറത്തുള്ളവരോടും നമുക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നമ്മുടെ പ്രൊഫൈലിലൂടെ പറയുമെന്നതിനപ്പുറം ‘വൺ ടു ത്രീ അറ്റാക്ക്’ എന്ന് പറഞ്ഞ് ഒരു സേനയെ ഒന്നും ഞാൻ വിന്യസിച്ചിട്ടില്ല. അത്തരം ഒരു കാര്യം എന്റെ ഉത്തരവാദിത്വത്തിൽ വരുന്നതല്ല. അദ്ദേഹത്തിനോ അല്ലെങ്കിൽ അദ്ദേഹത്തെ സ്നേഹിക്കുന്ന ആർക്കെങ്കിലുമോ അല്ലെങ്കിൽ മാധ്യമ പ്രവർത്തകർക്കോ അത്തരത്തിൽ സംശയം ഉണ്ടെങ്കിൽ ഒരു പരാതി കൊടുത്താൽ സർക്കാർ കൃത്യമായി അന്വേഷിക്കും. എനിക്ക് എന്തെങ്കിലും പങ്കുണ്ടോ ഇല്ലയോ എന്ന് കൂടുതൽ തെളിമയോടുകൂടി വ്യക്തമാക്കാൻ കഴിയും.
എന്തായാലും അത്തരത്തിൽ ഒരു സൈബർ അറ്റാക്ക് ഞാൻ ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. രണ്ടാമത്തെ കാര്യം, ഈ സൈബർ അറ്റാക്ക് എന്ന് പറയുന്നതിനെ ഒരു പോയിന്റിൽ പോലും ഞാൻ വിശ്വസിക്കുന്നില്ല.
എനിക്കെതിരായി കേസുകൾ വരുന്ന സമയത്തും അത്തരത്തിൽ ചില കോണുകളിൽ നിന്നെങ്കിലും ഈ പറയുന്ന രൂപത്തിലുള്ള സൈബർ അഭിപ്രായ പ്രകടനം ഉണ്ടായിട്ടുണ്ട്. അതിനെ സൈബർ അറ്റാക് എന്ന് വിളിക്കാമെങ്കിൽ അങ്ങനെ ഉണ്ടായിട്ടുണ്ട്. അതൊക്കെ ആരെങ്കിലും ഒരാൾ ചുമതലപ്പെടുത്തിയ ക്വട്ടേഷനാണെന്ന് ഞാൻ വിചാരിക്കുന്നില്ല. അതിനുശേഷവും മുൻപും ഒക്കെ ഉണ്ടായിട്ടുണ്ട്.
ഉമ്മൻചാണ്ടി സാറിനെതിരെ ഏറ്റവും ക്രൂരമായ അധിക്ഷേപങ്ങളും അതിക്രമങ്ങളും ഒക്കെ ഉണ്ടായ കാലഘട്ടം ഉണ്ടായിട്ടുണ്ട്. അത് ആരുടെ ക്വട്ടേഷൻ ആയിരുന്നു? എനിക്കെതിരെ ഉണ്ടായത് ആരുടെ ക്വട്ടേഷൻ ആണ്. എന്റെ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടാകുന്ന സമയത്ത് കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി വിഡി സതീശിനെതിരെ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. അത് ആരുടെ ക്വട്ടേഷനാണ്?. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടാകുന്ന സമയത്ത് കെസി വേണുഗോപാലിനെ പോലുള്ള നേതാവ് ക്രൂരമായ കുറ്റപ്പെടുത്തൽ കേട്ടിട്ടുണ്ട്. ആരുടെ ക്വട്ടേഷനാണത്? രമേശ് ചെന്നിത്തലക്കെതിരെ ഉണ്ടായത് ആരുടെയെങ്കിലും ക്വട്ടേഷൻ ആണോ? മുഖ്യമന്ത്രി അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ പറയുകയാണ് തനിക്കെതിരെ നിരന്തരമായി ഇത്തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടായിരുന്നു എന്ന്. ഞാൻ മനസ്സിലാക്കുന്നത് ഇതെല്ലാം ഏതെങ്കിലും ഒരു വ്യക്തിയോ ഏതെങ്കിലും ഒരു കേന്ദ്രമോ ക്വട്ടേഷൻ നൽകുന്നതല്ല. സോഷ്യൽ മീഡിയ സ്പേസ് തുടക്കകാലം തൊട്ട് ഉപയോഗിക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത് അങ്ങനെ ആർക്കെങ്കിലും ഒരാളുടെ കുത്തകയോ ക്വട്ടേഷനോ ആക്കാൻ പറ്റുന്ന ഒരു സ്പേസ് അല്ല അത്.
കഴിഞ്ഞ 10 വർഷക്കാലം സിപിഎം അധികാരത്തിൽ ഇരിക്കുമ്പോൾ വലിയ സമ്പത്ത് ചെലവഴിച്ചുകൊണ്ട് അവർ വലിയ സോഷ്യൽ മീഡിയ ശൃംഖല ഉണ്ടാക്കിയിരുന്നു. ബഹുരാഷ്ട്ര കമ്പനികളുടെ പിആർ നെറ്റ്വർക്ക്. ആ സൈബർ നെറ്റ്വർക്കിനെതിരെ കോൺഗ്രസിന്റെയും ലീഗിന്റെയും അടക്കമുള്ള യുഡിഎഫ് പ്രവർത്തകർ 399 രൂപയൊക്കെ സ്വന്തമായി റീചാർജ് ചെയ്ത് നടത്തിയ ഒരു ചെറുത്തു നിൽപ്പും പോരാട്ടവുമുണ്ട്. അതാണ് യഥാർത്ഥത്തിൽ സൈബർ സ്പേസ് എന്ന് പറയുന്നത്.
ആ പത്ത് വർഷക്കാലം ഗ്രൗണ്ടിൽ സമരം ചെയ്ത് ജയിലിൽ പോയ ആളുകളെ പോലെ തന്നെ സൈബർ ഇടത്തിൽ ഇടുന്ന ഒരു പോസ്റ്റിന്റെ പേരിൽ അവരുടെ അച്ഛനമ്മയെയും സഹോദരങ്ങളെയും ജീവിത പങ്കാളികളെയുമെല്ലാം സിപിഎംകാർ അധിക്ഷേപിച്ച് ക്രൂരമായ മോബ് ലിഞ്ചിങ്ങിന് ഇരയാക്കിയിട്ടുണ്ട്. സൈബർ സ്പേസിൽ പ്രവർത്തിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ അതിന് ഇരയായിട്ടുണ്ട്. അവരുടെ കൂടി പ്രയത്നത്തിന്റെ ഭാഗമായിട്ടാണ് ഈ സർക്കാർ. അല്ലാതെ ഏതെങ്കിലും ഒരു സംഘം നടത്തുന്ന ഒരു പ്രവർത്തിയായിട്ട് സൈബർ പ്രചാരണത്തെ എനിക്ക് തോന്നുന്നില്ല. അങ്ങനെ അഭിപ്രായം ആർക്കെങ്കിലുണ്ടെങ്കിൽ അത് കൃത്യമായിട്ട് അന്വേഷിക്കാവുന്നതാണ്’ -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

