‘കള്ളൻ എന്ന് കേട്ടാൽ അത് താനാണെന്ന തോന്നൽ നല്ലതാണ്, പക്ഷേ ഈ ഈഗോ ശരിയല്ല’; പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാനിരുന്ന ഓർമക്കുറിപ്പ് അടങ്ങിയ ‘ദേശാഭിമാനി’ വാരാന്തപ്പതിപ്പ് അവസാന നിമിഷം പിൻവലിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ.
‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’ എന്ന പേരിൽ വി.എസിനെക്കുറിച്ചുള്ള ലേഖനം ഉൾപ്പെടുത്തിയ വാരാന്തപ്പതിപ്പ് അച്ചടിച്ചിട്ടും വിതരണം ചെയ്യാതിരുന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ‘ഈഗോ’ കാരണമാണെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. വി.എസ് മരിച്ചിട്ടും പിണറായി വിജയന് പക തീരാത്തതുകൊണ്ടാണ് പത്രം വിതരണം ചെയ്യാത്തതെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ യഥാർത്ഥ കാരണം മറ്റൊന്നാണെന്നും രാഹുൽ പരിഹസിക്കുന്നു.
നാടകകൃത്ത് പുല്ലൻപാറ വിജയനെക്കുറിച്ചുള്ള ഒരു നാടക നിരൂപണത്തിന് ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് നൽകിയതാണ് വാരാന്തപ്പതിപ്പ് പിൻവലിക്കാൻ കാരണമായതെന്ന വാർത്തകളെ മുൻനിർത്തിയായിരുന്നു രാഹുലിന്റെ പോസ്റ്റ്.
‘കള്ളൻ എന്ന് കേട്ടാൽ തന്നെ അത് താനാണെന്നുള്ള തോന്നലൊക്കെ നല്ലതാണെങ്കിലും, നാട്ടിൽ മറ്റൊരു വിജയനും ‘കള്ളൻ വിജയൻ’ എന്ന പേര് വരാൻ പാടില്ല എന്നുള്ള ഈ പ്രഫഷണൽ ഈഗോ ശരിയല്ല, മിസ്റ്റർ പിണറായി’ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.
വി.എസിന്റെ ഒന്നാം ചരമവാർഷികം ജൂലൈ 21-ന് ആചരിക്കാനിരിക്കെ, അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമക്കുറിപ്പ് ഉൾപ്പെടുത്തിയ വാരാന്തപ്പതിപ്പാണ് ദേശാഭിമാനി മാനേജ്‌മെന്റ് വിതരണം ചെയ്യാതെ മാറ്റിവെച്ചത്. സാങ്കേതിക കാരണങ്ങളാൽ പതിപ്പ് പ്രസിദ്ധീകരിക്കാനായില്ലെന്നാണ് പത്രം നൽകിയ വിശദീകരണം. എന്നാൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള നാടക നിരൂപണം അവസാന നിമിഷം വിവാദമായതിനെത്തുടർന്നാണ് അച്ചടിച്ച പതിപ്പ് പൂർണമായി ഒഴിവാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
വാരാന്തപ്പതിപ്പ് പൂർണമായി അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് അവസാന നിമിഷം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് എല്ലാ ഞായറാഴ്ചകളിലും പത്രത്തോടൊപ്പം ഇറങ്ങാറുള്ള വാരാന്തപ്പതിപ്പ് ഇന്ന് ഇല്ലാതിരുന്നത്. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്ന് പത്രത്തിൽ അറിയിപ്പ് നൽകിയിട്ടുണ്ട്.
വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രസ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമക്കുറിപ്പായിരുന്നു ഈ ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പിന്റെ പ്രധാന ആകർഷണം.
വി.എസിന്റെ ഒന്നാം ചരമവാർഷികദിനം ജൂലൈ 21ന് ആചരിക്കാനിരിക്കെയാണ് പുതിയ വിവാദം ഉയർന്നിട്ടുള്ളത്. 21ന് ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. രാവിലെ ഒമ്പതിന് പുഷ്‌പാർച്ചനയിലും അനുസ്‌മരണത്തിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ്. സംസ്ഥാന വ്യാപകമായി വിവിധ അനുസ്മരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
വി.എസ്. അച്യുതാനന്ദൻ സ്മാരകത്തിന്റെ ഉദ്ഘാടനവും ജൂലൈ 21 ന് നടക്കും. സ്‌മാരകത്തിൽ വി.എസിന്‍റെ ചിത്രവും ചുറ്റുമതിലിൽ അരിവാളും ചുറ്റികയും ദീപശിഖയേന്തിയ കൈയുമുണ്ടാകും. ആർക്കിടെക്ട് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌മാരകത്തിന്റെ രൂപരേഖ തയാറാക്കി നിർമാണം നടത്തിയത്.
പോസ്റ്റിന്റെ പുർണരൂപം
അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനെക്കുറിച്ച് ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന പേരിൽ ലേഖനം വന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിച്ചെങ്കിലും ഇന്ന് വിതരണം ചെയ്തില്ല.
അച്യുതാനന്ദൻ മരിച്ചിട്ടും വിജയനുള്ള പക തീരാത്തതുകൊണ്ടാണ് അത് വിതരണം ചെയ്യാതിരുന്നതെന്ന് ആദ്യം കരുതി.
പിന്നീടാണ് മനസ്സിലായത്—പുല്ലൻപാറ വിജയൻ എന്ന നാടകകൃത്തിനെക്കുറിച്ചുള്ള ഒരു ലേഖനത്തിന് “കള്ളൻ വിജയൻ” എന്ന തലക്കെട്ട് നൽകിയതിന് ഒറിജിനൽ കള്ളൻ… സോറി, ഒറിജിനൽ വിജയൻ കോപിച്ചതുകൊണ്ടാണത്രേ ദേശാഭിമാനി വാരാന്തപ്പതിപ്പ് വിതരണം ചെയ്യാതിരുന്നത്.
“കള്ളൻ” എന്ന് കേട്ടാൽ തന്നെ അത് താനാണെന്നുള്ള തോന്നലൊക്കെ നല്ലതാണെങ്കിലും, നാട്ടിൽ മറ്റൊരു വിജയനും ‘കള്ളൻ വിജയൻ’ എന്ന പേര് വരാൻ പാടില്ല എന്നുള്ള ഈ പ്രൊഫഷണൽ ഈഗോ ശരിയല്ല, മിസ്റ്റർ പിണറായി…
N.b നിങ്ങൾ വിതരണം ചെയ്താൽ പോലും ഈ പത്രം ആരും വായിക്കാറില്ല എന്നുള്ളത് മറ്റൊരു സത്യം. ആകെ നഷ്ടം ആക്രി കച്ചവടക്കാർക്ക് മാത്രം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

