രാഹുൽ മാങ്കൂട്ടത്തിൽ ഇനി പാലക്കാട് മണ്ഡലത്തിൽ വരുമോ..?, നടപ്പാക്കുന്ന പദ്ധതികൾക്ക് തുടർച്ചയുണ്ടാകുമോ..?; ചോദ്യങ്ങൾ ബാക്കി
text_fieldsപാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ പാലക്കാട് മണ്ഡലത്തിൽ അനിശ്ചിതത്വം. എം.എൽ.എ മണ്ഡലത്തിൽ വരുമോ, എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് തുടർച്ചയുണ്ടാകുമോ, ജനപ്രതിനിധിയെന്ന നിലയിൽ പ്രശ്നങ്ങളിൽ ഇടപെടൽ ഇനി എങ്ങനെയാകും തുടങ്ങിയ നിരവധി സംശയങ്ങളാണ് മണ്ഡലത്തിലുള്ളവരുടെ മനസിലുയരുന്നത്.
ആറ് മാസത്തേക്കാണ് രാഹുലിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഈ കാലയളവിൽ നിയമസഭ സമ്മേളനങ്ങളിൽ പങ്കെടുക്കാതെ അവധിയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് സൂചന. അങ്ങനെയെങ്കിൽ മണ്ഡലത്തിലെ ആവശ്യങ്ങളും പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കുമെന്ന ചോദ്യമാണ് ശക്തമാകുന്നത്. എം.എൽ.എ സ്ഥാനം രാജിവെച്ചാൽ ഉപതെരഞ്ഞെടുപ്പ് വരുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ് നടപടി പ്രാഥമികാംഗത്വത്തിൽനിന്നുള്ള സസ്പെൻഷനിലൊതുങ്ങിയത്. ആരോപണങ്ങളുയർന്ന ഘട്ടത്തിൽ മൗനം പാലിച്ച പാലക്കാട് ജില്ല കോൺഗ്രസ് നേതൃത്വം സംസ്ഥാനനേതൃത്വത്തിന്‍റെ തീരുമാനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ ജാഗ്രത പുലർത്തേണ്ടിയിരുന്നെന്നും ജനപ്രതിനിധികൾക്ക് കരുതൽ വേണമെന്നും കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ പ്രതികരിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് കാലത്ത് രാഹുലിന്‍റെ സ്ഥാനാർഥിത്വത്തിൽ ഡി.സി.സി പ്രസിഡന്‍റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാണ് അന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നത്. ഈ അസംതൃപ്തിക്കിടെയാണ് തന്റെ പ്രതിരൂപമാക്കി ഷാഫി പറമ്പിൽ രാഹുലിനെ കളത്തിലിറക്കിയത്. തെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ വിവാദങ്ങളുടെ നീണ്ടനിരയാണ് രാഹുലും യു.ഡി.എഫും നേരിട്ടത്.
വിവാദങ്ങളെല്ലാം തള്ളി ചരിത്രഭൂരിപക്ഷം നൽകി പാലക്കാട്ടെ ജനങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിച്ചെങ്കിലും ഇപ്പോൾ നാട്ടുകാർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണെന്നാണ് പരക്കെ ഉയരുന്ന വിമർശനം. നിയമപരമായി രാഹുലിനെതിരെ കേസുകളില്ലെങ്കിലും ഉയർന്ന ആരോപണങ്ങൾ ഗൗരവതരമാണെന്ന വിലയിരുത്തലിലാണ് പൊതുവെ വോട്ടർമാർ. ഇതിനിടെ ഔദ്യോഗിക പരിപാടികളിൽനിന്ന് സർക്കാർ രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

