'എന്നെ കൊന്നുതിന്നാൻ നില്‍ക്കുന്ന സർക്കാറിന്റെ അന്വേഷണ ഏജൻസിയല്ലേ..അന്വേഷിക്കട്ടെ, 18ാമത്തെ വയസിൽ ജയിലിൽ പോയ ആളാണ് ഞാൻ, കൂടുതൽ കാലം ജയിലിലിട്ടത് പിണറായി സർക്കാർ, ഒരു ആനുകൂല്യവും പ്രതീക്ഷിക്കുന്നില്ല'; രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെയും പാർട്ടിയെ ധിക്കരിച്ചാണ് താൻ സഭയിലെത്തിയതെന്ന വാദം തള്ളി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. നിയമസഭ സമ്മേളത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
'മാധ്യമ പ്രവർത്തകരോട്.. വാർത്തകൾ കൊടുക്കുമ്പോൾ യഥാർത്യത്തിന്റെ എന്തെങ്കിലും ഒരു പരിസരം വേണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. നേതൃത്വത്തെയും പാർട്ടിയേയും ധിക്കരിച്ച് രാഹുൽ സഭയിലെത്തി എന്നാണ് നിങ്ങൾ കൊടുത്ത വാർത്ത. പാർട്ടി അനുകൂലമായോ വ്യക്തിപരമായി പ്രതികൂലമായോ തീരുമാനം എടുക്കുമ്പോൾ അതിനെ ധിക്കരിക്കാനോ ലംഘിക്കുവാനോ ശ്രമിച്ചിട്ടുള്ള കോൺഗ്രസിന്റെ പ്രവർത്തകനല്ല ഞാൻ. സസ്പെൻഷനിലാണെങ്കിലും പരിപൂർണമായും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്നയാളാണ്. ഞാൻ ഏതൊക്കെയോ നേതാക്കളെ കാണാൻ ശ്രമിച്ചെന്നും വാർത്ത വന്നു. അതിനോട് എനിക്ക് പറയാനുള്ള സസ്പെൻഷൻ കാലാവധിയിൽ ഒരു പ്രവർത്തകൻ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ബോധ്യം എനിക്കുണ്ട്. ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടില്ല.
ഞാൻ മൗനത്തിലാണെന്നാണ് ചില മാധ്യമങ്ങളൊക്കെ പറഞ്ഞത്. ആരോപണം വന്ന് തൊട്ടടുത്ത ദിവസം തന്നെ വിശദമായ വാർത്ത സമ്മേളനം നടത്തിയിരുന്നു. ഇതിനകത്ത് ഒരു അന്വേഷണം നടക്കുകയാണ്. അന്വേഷണ സംഘത്തിന്റെ സാങ്കേതികത്വത്തിലേക്കൊന്നും കടക്കുന്നില്ല.
ഇടതു സർക്കാറിനെതിരെ ആദ്യമായി സമരം ചെയ്തപ്പോൾ 18 വയസിൽ ജയിലിൽ പോയ ആളാണ് ഞാൻ. ഏറ്റവും കൂടുതൽ കാലം ജയിലിൽ പോയത് പിണറായി വിജയൻ സർക്കാറിന്റെ കാലത്താണ്. അത് കൊണ്ട് അന്വേഷണത്തിൽ നിങ്ങൾക്ക് ഒന്നുറപ്പിക്കാം. എനിക്ക് ഒരു ആനുകൂല്യവും കിട്ടില്ല. മാത്രമല്ല, എനിക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ കൊന്നു തിന്നാൻ നിൽക്കുന്ന ഒരു സർക്കാറിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജൻസിയാണ്. അന്വേഷണങ്ങൾ നടക്കട്ടെ, അതിന്റെ ഒരോ ഘട്ടത്തിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാം.'-രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അന്വേഷണ സംഘത്തിന്റെ പരിധിയിലിക്കുന്ന കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ലൈംഗികാരോപണ വിവാദങ്ങൾ കത്തിനിൽക്കെ ഊഹാപോഹങ്ങൾക്കെല്ലാം വിരാമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ രാവിലെ 9.20 ഓടെ സഭയിലെത്തുന്നത്. സഭ സമ്മേളനം തുടങ്ങിയ ഒൻപത് മണിവരെ രാഹുൽ സഭയിലെത്തുന്നതിനെ കുറിച്ച് പാർട്ടി വൃത്തങ്ങൾക്ക് പോലും വ്യക്തമായ അറിവില്ലായിരുന്നു.
സഭ തുടങ്ങി 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിൽ വന്നിറങ്ങുന്നത്.
ലൈംഗികാരോപണത്തിന്റെ പേരിൽ കോൺഗ്രസ് അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്ത രാഹുലിന് നിയമസഭയിൽ പ്രത്യേക േബ്ലാക്ക് അനുവദിക്കുമെന്ന് സ്പീക്കർ നേരത്തെ പറഞ്ഞിരുന്നു. സഭയിലെത്തിയ രാഹുൽ പ്രതിപക്ഷ നിരയിലെ അവസാന നിരയിലാണ് ഇരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

