ഒടുവിൽ രാഹുൽ ജയിലിൽ
text_fieldsപത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ സബ് ജയിലിൽ. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയതോടെയാണ് രാഹുൽ അഴിക്കുള്ളിലായത്.
രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് പൊലീസ് കൊണ്ടുപോകുമ്പോൾ വഴിനീളെ ഡി.വൈ.എഫ്.ഐയുടെയും യുവമോർച്ചയുടെയും കടുത്ത പ്രതിഷേധമുണ്ടായി. രാജിവെച്ച് പുറത്തുപോകൂ എന്ന മുദ്രാവാക്യത്തോടെയായിരുന്നു എം.എൽ.എക്കെതിരെ പ്രതിഷേധം. രാഹുൽ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം തടയാൻ ശ്രമമുണ്ടായി. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യലിനുശേഷം രാഹുലിനെ വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെയും കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. വൻ പൊലീസ് സന്നാഹത്തിനിടയിലും ആശുപത്രിയിലേക്ക് കയറുന്നതിനിടെ കൈയേറ്റ ശ്രമവും ഉണ്ടായി. ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പൊതിച്ചോറ് വിതരണം ചെയ്തു.
ഇന്ന് പുലർച്ചെ 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് വീഡിയോ കോൾ വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി.
രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംക്കേസിൽ ഹൈകോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ ബലാത്സംഗക്കേസിൽ വിചാരണ കോടതി ജനുവരി 21വരെ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മൂന്നാമത്തെ പരാതി പൊലീസിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

