രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യഹരജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യഹരജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ ഹരജി സമർപ്പിച്ചത്. ഹരജി ഇന്ന് കോടതി പരിഗണിക്കും.
ആദ്യത്തെ ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് ഹൈകോടതി തൽകാലികമായി തടഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യഹരജി സമർപ്പിച്ചത്. കേസിന്‍റെ മെറിറ്റിലേക്ക് കടക്കാതിരുന്ന ജസ്റ്റിസ് കെ. ബാബു, വിശദമായ വാദംകേട്ട ശേഷം മറ്റു കാര്യങ്ങൾ പരിഗണിക്കുമെന്ന് അറിയിച്ചു. ഡിസംബർ 15ന് കേസിൽ വിശദമായ വാദം കോടതി കേൾക്കും.
അതേസമയം, ബലാത്സംഗ കേസിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ രാഹുലിനെ പത്താം ദിവസത്തിലും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. രാഹുൽ കർണാടകയിൽ ഉണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് യുവതി രംഗത്തെത്തിയത്. എം.എൽ.എയിൽ നിന്ന് നേരിട്ട ക്രൂരപീഡനം വിശദീകരിച്ച് കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരി കോണ്‍ഗ്രസ് നേതൃത്വത്തിന് ഇ-മെയിൽ അയക്കുകയായിരുന്നു. തുടർന്ന് കെ.പി.സി.സി നേതൃത്വം പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. പരാതിക്കാരിയുമായി ബന്ധപ്പെട്ട ശേഷം തുടർനടപടി സ്വീകരിക്കും.
പരാതിയില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. താനുമായി വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന രാഹുൽ വിവാഹാഭ്യർഥന നടത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞ് സുഹൃത്തിന്റെ ഹോംസ്റ്റേയിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു.
സ്ത്രീകളെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ‘ലൈംഗിക കുറ്റവാളി’യാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും പൊതുപ്രവർത്തകന്‍റെ ഉത്തരവാദിത്തങ്ങൾക്ക് നേര്‍വിരുദ്ധനായ ആളാണെന്നും യുവതി പറയുന്നു. നേരത്തേ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നപ്പോൾ ഈ പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ, നിയമനടപടിക്ക് തയാറല്ലെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കം പ്രത്യേക അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി അയച്ച മെയിലിലേക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

