Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ മാങ്കൂട്ടത്തിലിനെ ഡി.വൈ.എഫ്.ഐ തള്ളിയിട്ടു, പിന്നാലെ കോൺഗ്രസ് തള്ളിപ്പറഞ്ഞു; വണ്ടിയിടിച്ച് മരിക്കുന്നതിനേക്കാൾ ഭേദമാണ് പാർട്ടിക്ക് വേണ്ടി മരിക്കുന്നതെന്ന് മാങ്കൂട്ടത്തിൽ

text_fields
bookmark_border
രാഹുൽ മാങ്കൂട്ടത്തിലിനെ ഡി.വൈ.എഫ്.ഐ തള്ളിയിട്ടു, പിന്നാലെ കോൺഗ്രസ് തള്ളിപ്പറഞ്ഞു; വണ്ടിയിടിച്ച് മരിക്കുന്നതിനേക്കാൾ ഭേദമാണ് പാർട്ടിക്ക് വേണ്ടി മരിക്കുന്നതെന്ന് മാങ്കൂട്ടത്തിൽ
cancel

അടൂർ: ഡിവൈഎഫ്ഐ -യൂത്ത് കോൺഗ്രസ് സംഘർഷത്തിനിടെ മർദന​മേറ്റ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് പ്രാദേശിക നേതൃത്വം. പാർട്ടി പുറത്താക്കിയ രാഹുലിന്റെ സഹായം അടൂരിലെ കോൺഗ്രസിന് വേണ്ടെന്ന് കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷഹീം പറഞ്ഞു.

കഴിഞ്ഞ ദിവസം അടൂരിലാണ് ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. അതിൽ മുൻ എംഎൽഎ കൂടിയായ രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐക്കാർ മർദിക്കുകയും തള്ളിയിടുകയും ചെയ്തിരുന്നു. അതേസമയം, തനിക്ക് മർദനമേറ്റിട്ടില്ലെന്നും സംഘർഷസ്ഥലത്ത് നിൽക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും തർക്കം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. എന്നെ കോൺഗ്രസിൽനിന്ന് പുറത്താക്കിയാലും താൻ കോൺഗ്രസിനെ പുറത്താക്കിയിട്ടില്ല. വണ്ടിയിടിച്ച് മരിക്കുന്നതിനേക്കാൾ നല്ലതാണ് പാർട്ടിക്ക് വേണ്ടി മരിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിന് കുറച്ചു സുഹൃത്തുക്കൾ ഒക്കെ ഇവിടെ ഉണ്ടെന്നും ആ രീതിയിൽ അവരൊക്കെ കൂടെ നിന്നു എന്നേ ഉള്ളൂ എന്നും കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷഹീം പറഞ്ഞു. ‘രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന സമയത്ത് ഞാനും അദ്ദേഹത്തിന്റെ കൂടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് ആയി, പാലക്കാടിന്റെ എംഎൽഎ ആയി. ചില വിഷയങ്ങൾ കാരണം അന്വേഷണ വിധേയമായി അദ്ദേഹത്തെ പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കി. നേരത്തെ യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന് കുറച്ചു സുഹൃത്തുക്കൾ ഒക്കെ ഉണ്ട് ഇവിടെ. ആ രീതിയിൽ അവരൊക്കെ ചിലപ്പോൾ കൂടെ നിന്നു എന്നേ ഉള്ളൂ.

ആ വ്യക്തി ഇപ്പോൾ ഈ പാർട്ടിയിൽ ഇല്ലാത്തയാളാണ്. കെപിസിസി പ്രസിഡൻറ് പുറത്താക്കിയതാണ്. സാധാരണ ഒരു അംഗം പോലുമല്ലാത്ത അദ്ദേഹത്തിന്റെ സഹായം പാർട്ടിക്ക് ആവശ്യമില്ല. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തുടക്ക കാലഘട്ടം മുതൽ ഇവിടെ ധാരാളം കോൺഗ്രസ് പ്രവർത്തകരുണ്ട്. നിലവിലെ മണ്ഡലം പ്രസിഡന്റുമാരും ഡിസിസി ഭാരവാഹികളും ബൂത്ത് പ്രസിഡന്റുമാരും ധാരാളം കോൺഗ്രസ് പ്രവർത്തകരുമുണ്ട്. ഏത് ഡിവൈഎഫ്ഐ, സിപിഎമ്മുകാരൻ വന്നാലും അവരെ പ്രതിരോധിക്കാൻ കഴിവുള്ള പാർട്ടി പ്രവർത്തകരുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ അംഗമാണെങ്കിൽ പാർട്ടിയിൽ കൂടെ സഹകരിച്ചു നിൽക്കാം. പക്ഷെ അംഗം അല്ലാത്തിടത്തോളം കാലം അദ്ദേഹം പാർട്ടി പ്രവർത്തകനല്ല. പാർട്ടിപരമായി നമ്മളെ ഉപദ്രവിക്കാൻ വന്നാൽ അവർക്ക് തക്കതായ മറുപടി കൊടുക്കും. അത് കായികപരമായിട്ടാണെങ്കിലും നിയമപരമായിട്ടാണെങ്കിലും തക്കതായ മറുപടി കൊടുക്കും’ -അദ്ദേഹം പറഞ്ഞു.

തന്റെ സഹപ്രവർത്തകർക്ക് ഒരു പ്രശ്നം ഉണ്ടായാൽ ജീവൻ കൊടുത്തും അവർക്കൊപ്പം ഉണ്ടാകുമെന്ന് രാഹുൽ വ്യക്തമാക്കി. ‘എനിക്ക് സൗകര്യം ഉണ്ടായിട്ടാണ് ജനറൽ ആശുപത്രിയിലെ സംഘർഷസ്ഥലത്ത് ഞാൻ പോയത്. ‘പനിക്ക് ഒപി ടിക്കറ്റ് എടുക്കാനായിട്ട് ഞാൻ പോയതായിരുന്നു കേട്ടോ’ എന്ന ഉരുണ്ട് പെരണ്ട മറുപടി ഞാൻ പറയില്ല. അവിടെ എന്റെ സഹപ്രവർത്തകർക്ക് അടികിട്ടുന്നു എന്ന് അറിഞ്ഞിട്ട് തന്നെ പോയതാണ്. ഇനിയും പോകും. അതാണ് എന്റെ മറുപടി. എന്റെ സഹപ്രവർത്തകരിൽ ഒരാളുടെ ചോര പൊടിഞ്ഞാൽ സ്വാഭാവികമായും ആ വിഷയത്തിനകത്ത് ഞാൻ ഇടപെടും. അതിനകത്ത് എന്തെല്ലാം ചോദ്യങ്ങൾ സിപിഎമ്മിന്റെ ഭാഗത്ത് ഉണ്ടായാലും ഞാൻ ഇടപെടും.

പാർട്ടി എനിക്കൊരു സ്ഥാനം തന്ന്, ആ സ്ഥാനത്തു നിന്ന് മാറ്റിയാലും അതിനെ 100ശതമാനം മാനിക്കുന്ന ഒരാളാണ് ഞാൻ. എന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. പക്ഷെ എന്റെ മനസ്സിൽ നിന്ന് കോൺഗ്രസ് പോയിട്ടില്ല. ഒരിക്കലും പോകാനും പോകുന്നില്ല. എന്നെ പുറത്താക്കിയാലും ഇല്ലെങ്കിലും ഇവരെല്ലാം എന്റെ സഹപ്രവർത്തകരാണ്. അത് കേരളത്തിലെ കാസർകോട് തൊട്ട് തിരുവനന്തപുരം വരെയുള്ള എല്ലാ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും എന്റെ സഹപ്രവർത്തകരാണ്. അവർക്ക് ഒരു പ്രശ്നം ഉണ്ടായാൽ എന്നാൽ കഴിയുന്ന എല്ലാ ഇടപെടലുകളും അത് എന്റെ ഭാഗത്തും ഉണ്ടാകും. അതിന് എന്നെ ലോക പോലീസ് എന്ന് സിപിഎം പറഞ്ഞാലും ഞാൻ ലോക ഗുണ്ടയാണെന്ന് കൈരളി പറഞ്ഞാലും രണ്ടും എനിക്ക് വിഷയമല്ല. എന്റെ സഹപ്രവർത്തകർക്ക് ഒരു പ്രശ്നം ഉണ്ടായാൽ ഞാൻ ഇടപെടും. എന്തായാലും ഞാനും അങ്ങുമൊക്കെ മരണപ്പെടും. അത് സംഘടനയ്ക്ക് വേണ്ടിയാണെങ്കിൽ ഏറ്റവും സന്തോഷം എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ. കോൺഗ്രസ് പ്രവർത്തനത്തിന്റെ ഭാഗമായോ കോൺഗ്രസുകാരൻ ആയതിന്റെ പേരിലോ മരണപ്പെടുകയാണെങ്കിൽ വണ്ടി ഇടിച്ചൊക്കെ മരിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ്. അതിൽ എനിക്ക് സന്തോഷമുണ്ട്’ -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Mamkootathil DYFI Congress
Next Story