രാഹുലിനെ അയോഗ്യനാക്കൽ; നിയമോപദേശം തേടും
text_fieldsതിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എൽ.എൽ.എയെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് സ്പീക്കർ എ.എൻ ഷംസീർ. കോൺഗ്രസ് പാർട്ടിയിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതാണ്.
അറസ്റ്റ് എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എം.എൽ.എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകും. നിയമത്തിനുള്ളിൽ നിന്ന് മാത്രമേ തനിക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്ന് സ്പീക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അറസ്റ്റിന് നിർദേശം നൽകിയത് മുഖ്യമന്ത്രി; ഇരുചെവിയറിയാതെ പൊലീസ് നീക്കം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരം. വിദേശത്തുനിന്നും പരാതിക്കാരി അയച്ച വൈകാരികമായ ശബ്ദസന്ദേശം മുഖ്യമന്ത്രി കേൾക്കുകയും തുടർന്ന് ശബ്ദസന്ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും ചെയ്തു.
രാഹുൽ പുറത്തുനിൽക്കുന്നത് തന്‍റെ കുടുംബത്തിന് ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതിൽ വലിയ ആശങ്കയുണ്ടെന്നും സന്ദേശത്തിൽ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഇതോടെ യുവതി നേരിട്ടെത്തി മൊഴി നൽകിയാൽ കേസെടുക്കുന്നതിൽ തടസ്സമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. യുവതി വിദേശത്തുനിന്ന് എത്തിയ ശേഷം 164 പ്രകാരം മൊഴി രേഖപ്പെടുത്തിയാൽ മതിയെന്നുമുള്ള നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ രാത്രി എട്ടുമണിയോടെ മുഖ്യമന്ത്രി അറസ്റ്റിന് നിർദേശം നൽകുകയായിരുന്നു.
അറസ്റ്റ് വിവരം ചോരാതിരിക്കാൻ അതീവ രഹസ്യമായാണ് പൊലീസ് നീങ്ങിയത്. രാഹുലിനെതിരായ ബലാത്സംഗ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ടീമിനെ പൂർണമായി ഒഴിവാക്കി എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി നടത്തിയ മിന്നൽ ഓപ്പറേഷനായിരുന്നു ഇത്.
പോലീസുകാർ ഹോട്ടൽ മുറിയിലെത്തും വരെ താൻ കസ്റ്റഡിയിലാകുമെന്ന വിവരം രാഹുൽ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ കേസുകളിലെ പോലെ രാഹുൽ മുങ്ങാനിരിക്കാനായുരുന്നു അതീവ രഹസ്യ സ്വഭാവത്തിലുള്ള നീക്കം പൊലീസ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

