കൂടുതൽ വിശദീകരണത്തിനില്ല; വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: വിവാദങ്ങളിൽ കൂടുതൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നടത്താനിരുന്ന വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി. വിവാദങ്ങളിൽ തന്റെ ഭാഗം ഇപ്പോൾ വിശദീകരിക്കുന്നില്ലെന്നാണ് വാർത്താസമ്മേളനം റദ്ദാക്കിയതിന്റെ കാരണമായി രാഹുൽ പറഞ്ഞത്.
വിവാദങ്ങൾ ഒന്നിനുപിറകെ ഒന്നായി വരുമ്പോഴും രാഹുൽ എം.എൽ.എ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന കാര്യത്തിൽ യു.ഡി.എഫിൽ രണ്ടഭിപ്രായം നിലനിൽക്കുന്നുണ്ട്. കടുത്ത നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറപ്പിച്ചു പറയുമ്പോൾ, രാഹുലിനെ പിന്തുണക്കുന്ന നിലപാടാണ് ഷാഫി പറമ്പിൽ എം.പി അടക്കമുള്ള നേതാക്കളുടേത്. ഞങ്ങൾ ഈ കാര്യം ഗൗരവമായി പരിശോധിക്കും. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. അതിന്‍റെ ഒന്നാം ഘട്ടമായി 24 മണിക്കൂറിനകം ഒരു പരാതി പോലും ഇല്ലാതിരുന്നിട്ടും അദ്ദേഹം രാജിവെച്ചു. ഇനി പാർട്ടി അന്വേഷിക്കും. അതിന് ഒരു നടപടിക്രമമുണ്ട്. എന്നിട്ട് നോക്കാം -സതീശൻ പറഞ്ഞു.
എന്നാൽ എം.എൽ.എ സ്ഥാനം രാജിവെക്കുന്നത് ആലോചനയിൽ പോലുമില്ലെന്നാണ് അടൂരിലെ വീട്ടിൽ വെച്ച് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്. ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവൃത്തിയും താൻ ചെയ്തിട്ടില്ലെന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞിരുന്നു. ‘ആരോപണങ്ങൾ ഉയർത്തുന്നവർക്കാണ് അതു തെളിയിക്കാനുള്ള ബാധ്യത. എന്നോടു രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവയ്ക്കുന്നത്. സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ നടക്കുന്ന ഈ സമയത്ത് എന്നെ ന്യായീകരിക്കേണ്ട അധിക ബാധ്യത കോൺഗ്രസ് പ്രവർത്തകർക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഞാൻ ഏറ്റെടുക്കുന്നു. ഞാൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആർക്കും പരാതിപ്പെടാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.
അതിനിടെ, യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുലിന്റെ ഫോൺ സംഭാഷണത്തിന്റെ കൂടുതൽ ഭാഗങ്ങൾ കുറച്ചുസമയം മുമ്പ് പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് രാഹുൽ വാർത്താസമ്മേളനം റദ്ദാക്കിയത്. ഇത് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണോ എന്നതിൽ വ്യക്തതയില്ല. അതേസമയം, രാഹുലിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫും ബി.ജെ.പിയും പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. മാധ്യമപ്രവർത്തകയായിരുന്ന നടി റിനി ആൻ ജോർജ് ആണ് രാഹുലിനെ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു പേരു വെളിപ്പെടുത്താതെ അവരുടെ ആരോപണം. അതിനു പിന്നാലെയാണ് രാഹുലിനെതിരെ കുടുതൽ പേർ ആരോപണങ്ങളുമായി രംഗത്തുവന്നത്. പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ രാജിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

