ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു നീക്കം, കൃത്യമായ ആസൂത്രണം; ഡി.എൻ.എ പരിശോധന നിർണായകം
text_fieldsപത്തനംതിട്ട: ആദ്യ രണ്ട് കേസുകളിലും ഒളിവിലിരുന്ന് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചെടുത്ത രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നാം കേസിൽ പൊലീസ് കുടുക്കിയത് കൃത്യമായ ആസൂത്രണത്തിലൂടെ. ശക്തമായ തെളിവുകൾ രാഹുലിന് ജയിൽ വാസം ഉറപ്പുവരുത്തുകയും ചെയ്തു. ആദ്യ കേസിൽ കോടതി അറസ്റ്റ് തടയുകയും, രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരമൊരു നീക്കം രാഹുലും അനുകൂലികളും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
അനുകൂല വിധികളുടെ പശ്ചാത്തലത്തിൽ നിരപരാധി പരിവേഷം സൃഷ്ടിച്ചെടുത്ത് തെരഞ്ഞെടുപ്പിൽ സജീവമാകാനുള്ള ശ്രമത്തിലായിരുന്നു രാഹുൽ. ഒരാഴ്ച മുമ്പാണ് വിദേശത്തായിരുന്ന യുവതിയുടെ പരാതി ഡി.ജി.പിക്ക് ലഭിക്കുന്നത്. രണ്ട് കേസിലും തിരിച്ചടി നേരിട്ട പൊലീസ് ഇതോടെ ഉണർന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ എ.ഐ.ജി പൂങ്കുഴലി വിഡിയോ കോൺഫറൻസിങ് വഴി യുവതിയുടെ മൊഴി എടുത്തു.
വാട്സാപ്പ്ചാറ്റുകളും മറ്റു ഡിജിറ്റൽ തെളിവുകളും ശേഖരിച്ചു. കൂടാതെ യുവതി ഗർഭിണിയായപ്പോൾ നടത്തിയ ഡി.എൻ.എ പരിശോധനയുടെ മെഡിക്കൽ രേഖകളും പൊലീസിന് ലഭിച്ചു. ഇതാണ് കേസിൽ ഏറ്റവും നിർണായകമാകാൻ പോകുന്ന തെളിവെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ പൊലീസിൽനിന്ന് വിവരം ചോരാതിരിക്കാൻ ശ്രദ്ധിച്ചാണ് ഷൊർണൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അർധരാത്രി രാഹുലിനെ കസ്റ്റഡിയിൽ എടുത്ത് പത്തനംതിട്ടയിൽ എത്തിച്ചത്.
യുവതി മുഖ്യമന്ത്രിക്ക് അയച്ച ശബ്ദസന്ദേശവും നടപടികൾ വേഗത്തിലാക്കാൻ കാരണമായി. പത്തനംതിട്ട എ.ആർ ക്യാമ്പിൽ ചോദ്യം ചെയ്യലിന് വിധേയനായ പ്രതി പതിവ് പോലെ ഉഭയസമ്മതപ്രകാരമുളള ബന്ധമെന്ന് പറഞ്ഞ് ആരോപണങ്ങളെല്ലാം നിഷേധിക്കാനാണ് ഉടനീളം ശ്രമിച്ചത്. മെഡിക്കൽ പരിശോധനക്ക് എത്തിച്ചത് വരെയും പ്രതിയുടെ മുഖത്ത് ചിരിയുണ്ടായിരുന്നു. പ്രതിഷേധവും ആസ്വദിക്കുന്ന ഭാവമായിരുന്നു.
എന്നാൽ ലൈംഗികശേഷി പരിശോധനയും ഡി.എൻ.എ സാമ്പിൾ ശേഖരണവും ഒക്കെ കഴിഞ്ഞ് പുറത്തുവന്നപ്പോൾ മുഖം മ്ലാനമായിന്നു. എങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
യുവതി ഗർഭിണിയായിരുന്നപ്പോൾ നടത്തി സൂക്ഷിച്ചിരുന്ന പരിശോധനാഫലം കേസിൽ നിർണായകമാകുമെന്നാണ് സൂചന. അന്ന് പരിശോധനക്ക് വിസമ്മതിച്ച രാഹുലിന്‍റെ ഡി.എൻ.എ പൊലീസ് ശേഖരിച്ചത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
യുവതി നേരിട്ടത് വലിയ ക്രൂരത; രാഹുൽ സ്ഥിരം കുറ്റവാളി -റിമാൻഡ് റിപ്പോർട്ട്
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ വിവരിക്കുന്നത് യുവതി നേരിട്ട വലിയ ക്രൂരതകൾ. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്വൽ ഒഫൻഡർ) ആണെന്നതടക്കമുള്ള ഗുരുതര പരാമർശങ്ങൾ റിപ്പോർട്ടിലുണ്ട്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമുളള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എം.എൽ.എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പോലീസ് വിവരിച്ചിട്ടുണ്ട്. നേരത്തെയുള്ള കേസിൽ പത്ത് ദിവസത്തോളം ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവിൽ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുൽ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പാർട്ടിയിൽ ഇല്ലാത്ത രാഹുലിനോട് എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടാനാവില്ല –വി.ഡി. സതീശൻ
കൊച്ചി: രാഹുൽ മാങ്കുട്ടം എം.എൽ.എ ഇപ്പോള്‍ കോണ്‍ഗ്രസിൽ ഇല്ലെന്നും അതിനാൽ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് പാർട്ടിക്ക് ആവശ്യപ്പെടാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. രാഹുലിന്‍റെ കാര്യത്തിൽ കോണ്‍ഗ്രസ് സ്വീകരിച്ചതുപോലെ നടപടി ഏതെങ്കിലും പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടോ?. പരാതി പോലും ഇല്ലാതെയാണ് ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. പരാതി കിട്ടിയപ്പോള്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ഇക്കാര്യത്തില്‍ തന്‍റെ നിലപാട് കേരളത്തിലെ കുഞ്ഞുങ്ങള്‍ക്കുപോലും അറിയാം. അതിന്‍റെ പേരില്‍ വ്യക്തിപരമായി വേട്ടയാടപ്പെട്ട ആളാണ് താന്‍. അപ്പോഴൊന്നും കുലുങ്ങിയില്ല. ചെയ്യാനുള്ള കാര്യം നേരത്തേ തന്നെ പാര്‍ട്ടി ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും താൻ ഒറ്റക്ക് എടുത്തതല്ല. എല്ലാം പാര്‍ട്ടി ആലോചിച്ച് എടുത്തതാണ്. രാഹുൽ വിഷയത്തിൽ തന്നെ വിമർശിച്ച മന്ത്രി രാജീവ്, സ്വന്തം പാര്‍ട്ടിയില്‍ ഇതുപോലുള്ള എത്ര പേരുണ്ടെന്ന് ആദ്യം അന്വേഷിക്കണമെന്നും സതീശൻ പ്രതികരിച്ചു.
കൊച്ചിയില്‍ ആരെയെങ്കിലും മേയര്‍ ആക്കണമെന്ന് ഒരു സഭയും പ്രത്യേകിച്ച് ലത്തീന്‍ സഭ ആവശ്യപ്പെട്ടിട്ടില്ല. നിയമസഭ സീറ്റില്‍ ആരെയെങ്കിലും നിര്‍ത്തണമെന്നുപോലും അവര്‍ ആവശ്യപ്പെട്ടിട്ടില്ല. കൊച്ചി മേയര്‍ ആ സമുദായത്തിലെ അംഗം പോലുമല്ല. പിന്നെ എന്തിനാണ് വിവാദം?. ലത്തീന്‍ സഭയെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. അവര്‍ ഒന്നിലും ഇടപെടാറില്ല. തീരപ്രദേശത്തെ വിഷയങ്ങളിലാണ് അവര്‍ ഇടപെടുന്നത്. വേറൊന്നും ഇല്ലെങ്കില്‍ ഇതും വിവാദമാക്കാമെന്നാണ് ചില മാധ്യമങ്ങള്‍ കരുതുന്നത്. കെ.പി.സി.സി നടപടിക്രമം പാലിച്ചാണ് മേയറെ കണ്ടെത്തിയതെന്നും സതീശൻ വ്യക്തമാക്കി.
കോഴി, കോഴി, കാട്ടുകോഴി... ആളിക്കത്തി പ്രതിഷേധം; പൊതിച്ചോറുമായി ഡി.വൈ.എഫ്.ഐ
പത്തനംതിട്ട: ലൈംഗിക പീഡനകേസിൽ ജയിലിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ശക്തമായ പ്രതിഷേധം. രാഹുലിനെ രാവിലെ 11.30 ഓടെ വൈദ്യപരിശോധനക്ക് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ തുടങ്ങിയ പ്രതിഷേധം ഉച്ചക്കു ശേഷം മാവേലിക്കര സബ്ജയിലിൽ എത്തിക്കുന്നത് വരെയും തുടർന്നു. എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധസാധ്യത പൊലീസ് മുന്നിൽ കണ്ടിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ നടന്ന എ.ആർ. ക്യാമ്പ് പരിസരത്ത് പ്രതിഷേധക്കാരൊന്നും എത്തിയില്ല.
മുൻ കേസുകളിൽ നിന്ന് വ്യത്യസ്തമായി പിന്തുണക്കാനും ആരും ഉണ്ടായില്ല. എന്നാൽ വൈദ്യപരിശോധനക്ക് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ കളം മാറി. ഇവിടെ വൻ പൊലീസ് സന്നാഹമാണു ണ്ടായിരുന്നത്. എന്നാൽ രാഹുലുമായി പൊലീസ് ജീപ്പ് ആശുപത്രി വളപ്പിൽ എത്തിയതോടെ ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകർ കോഴി, കോഴി, കാട്ടുകോഴി എന്ന് പറഞ്ഞ് കൂക്കുവിളിയുമായി ചാടി വീണ് പൊലീസ് വാഹനം തടഞ്ഞു. ഇതു മൂലം അഞ്ചു മിനിറ്റോളം രാഹുലിനെ ജീപ്പിൽ തന്നെ ഇരുത്തേണ്ടി വന്നു. ഇതിനിടെ പൊലീസുമായി ഉന്തും തള്ളും നടന്നു. ഒടുവിൽ ഡിവൈ.എസ്.പി നൂഅ്മാന്‍റെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ട് പ്രതിഷേധക്കാരെ മാറ്റിയാണ് ആശുപത്രിയുടെ ഉള്ളിലേക്ക് രാഹുലിനെ എത്തിച്ചത്. പുറത്ത് പ്രതിഷേധം തുടർന്നതിനാൽ പരിശോധനകൾ പൂർത്തിയായെങ്കിലും ഏറെ സമയം കഴിഞ്ഞാണ് പൊലീസിന് രാഹുലിനെ പുറത്തെത്തിച്ച് ജീപ്പിൽ കയറ്റി കൊണ്ടു പോകാൻ കഴിഞ്ഞത്.
അതിനിടയിൽ ചെറിയ രീതിയിൽ ലാത്തി വീശലുമുണ്ടായി. ഡി.വൈ.എഫ്.ഐ യുടെ പൊതിച്ചോർ വിതരണത്തെ പരിഹസിച്ച രാഹുലിന് മറുപടിയായി രണ്ട്നേരത്തെ പൊതിച്ചോറുമായാണ് ഡി.വൈ.എഫ.ഐക്കാർ എത്തിയത്. വലിയ പ്രതിഷേധമാണ് മജിസ്ട്രേറ്റിന്‍റെ വെട്ടിപ്രത്തെ വസതിക്ക് മുന്നിലും ഉണ്ടായത്. രാഹുലുമായി ജയിലിലേക്ക് തിരിച്ച ജീപ്പ് തടയാൻ റോഡിൽ കിടന്ന് യുവമോർച്ച പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി. മാവേലിക്കര സബ്ജയിൽ പരിസരത്തും വലിയ പ്രതിഷേധമാണ് ഉയർന്നത്.
രാഹുലിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് ആദ്യ പരാതിക്കാരി
തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമത്തിൽ പ്രതികരണവുമായി ആദ്യ പരാതിക്കാരി. ലോകം കേൾക്കാത്ത നിലവിളി ദൈവം കേട്ടുവെന്നും നന്ദിയുണ്ടെന്നും അവർ തന്‍റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
‘പ്രിയപ്പെട്ട ദൈവമേ, ഇത്രയും വേദനയിലും ഞങ്ങൾക്ക് ധൈര്യം നൽകിയതിന് നന്ദി. ഇരുട്ടിൽ എന്താണ് നടന്നതെന്ന് നീ കണ്ടതാണ്. ലോകം കേൾക്കാത്ത നിലവിളി നീ കേട്ടു. ഞങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളിൽനിന്ന് ബലപ്രയോഗത്തിലൂടെ അകറ്റിയപ്പോഴും നീ താങ്ങായി നിന്നു. നമ്മുടെ മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽനിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. പ്രത്യേകിച്ച് തെറ്റായ ഒരു പിതാവിനെ തെരഞ്ഞെടുത്തതിന്.
ആക്രമണത്തിൽനിന്നും ഭയത്തിൽനിന്നും നീ നമ്മെ മുക്തമാക്കി. നമ്മുടെ കുഞ്ഞുങ്ങൾ, എന്‍റെ കണ്ണുനീർ സ്വർഗത്തിൽ എത്തിയാൽ അവരോട് ഒരു കാര്യം പറയട്ടെ.. അമ്മ ഒരിക്കലും നിന്നെ മറന്നിട്ടില്ല. നിന്നെ വീണ്ടും കണ്ടുമുട്ടുന്നത് വരെ ഹൃദയത്തിൽ കൊണ്ടുനടക്കും’ -യുവതി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

