നീല ട്രോളിയിലെ പണം കണ്ടെത്താൻ രാഹുലിനെ തേടി അന്ന് പൊലീസ് എത്തിയത് ഇതേ ഹോട്ടലിൽ
text_fieldsപാലക്കാട്: നീല ട്രോളിയായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്തെ വിവാദ വിഷയം. 2024 നവംബർ അഞ്ചിന് അർധരാത്രിയിൽ നീല ട്രോളിയിൽ പണം കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞാണ് പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയത്. എന്നാൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തെളിവില്ലാത്തതിനാൽ രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനും സാധിച്ചില്ല. ഇപ്പോൾ അതേ ഹോട്ടലിലെ 2002 മുറിയിൽ വെച്ചാണ് ഇപ്പോൾ രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാഹുൽ ഒളിവിൽ പോകുന്നതും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതും മുന്നിൽകണ്ട് അതീവ രഹസ്യമായാണ് അന്വേഷണസംഘം ഓപറേഷൻ നടത്തിയത്. അറസ്റ്റിനു മുമ്പുതന്നെ പാലക്കാട്ട് രാഹുലിനെ അന്വേഷണ സംഘം നോട്ടമിട്ടിരുന്നു.
രാത്രി 10 മണി മുതൽ ജില്ലയിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ ലഭിച്ചിരുന്നില്ല. ഞായറാഴ്ച പുലർച്ചെ 12.15ഓടെ പൊലീസ് സംഘം ഹോട്ടലിലെത്തി. റിസപ്ഷനിലെ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. രണ്ട് ജീപ്പുകളിലായി എട്ടംഗ പൊലീസ് സംഘമാണ് ഹോട്ടലിൽ എത്തിയത്.
രാഹുലിന്റെ ഡ്രൈവറും സഹായിയും പുറത്തുപോയി എന്നുറപ്പാക്കിയ ശേഷം പൊലീസ് രാഹുലിന്റെ മുറിയിലെത്തി. ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നു എന്നാണ് വിവരം. പൊലീസിനെ കണ്ടപ്പോൾ രാഹുൽ ആദ്യം മുറിയിൽ നിന്നിറങ്ങാൻ തയാറായില്ല. കസ്റ്റഡിയാണെന്ന് പറഞ്ഞപ്പോൾ എതിർക്കുകയും ചെയ്തു. എന്നാൽ പിന്നീട് നടപടികൾക്ക് വഴങ്ങി. 15 മിനിറ്റുകൾ കൊണ്ട് നടപടികൾ പൂർത്തിയാക്കി പൊലീസ് രാഹുലിനെയും കൊണ്ട് പത്തനംതിട്ടയിലെ എ.ആർ. ക്യാംപിലെത്തുകയും ചെയ്തു.
അവിടെ വെച്ച് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിലവിൽ രാഹുലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായതിനു ശേഷം രാുഹലിനെ തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ഞായറാഴ്ച പുലർച്ചെ 12.30ഓടെയാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ബലാത്സംഗം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയടക്കം ഗുരുതര പരാതികളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. വിദേശത്ത് താമസിക്കുന്ന യുവതിയാണ് രാഹുലിനെതിരെ ഇ-മെയിൽ വഴി ഡി.ജി.പിക്ക് പരാതി നൽകിയത്.
അറസ്റ്റ് വിവരം രാഹുലിന്റെ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് പ്രാദേശിക പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. എല്ലാ തെളിവുകളും ശേഖരിച്ച് പഴുതുകളടച്ചാണ് അന്വേഷണ സംഘം മുന്നോട്ടു നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

