കാൽ വെട്ടിയാൽ ഉടൽ വെച്ച് ആർ.എസ്.എസിനെതിരെ സംസാരിക്കും, വിരട്ടൽ വേണ്ട -രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ
text_fieldsപാലക്കാട്: കാൽ വെട്ടിക്കളയും എന്നാണ് ഭീഷണിയെങ്കിൽ കാൽ ഉള്ളിടത്തോളം കാലം കാൽ കുത്തിക്കൊണ്ട് തന്നെ ആർ.എസ്.എസിനെതിരെ സംസാരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്റെ പേര് നൽകിയതിനെതിരെ പ്രതികരിച്ചതിന് എം.എൽ.എക്കെതിരെ ബി.ജെ.പി നേതാക്കൾ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർ.എസ്.എസ് നേതാക്കളെ അവഹേളിച്ചാൽ എം.എൽ.എയെ പാലക്കാട് കാല് കുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബി.ജെ.പിയുടെ ഭീഷണി. കാൽ ഉള്ളിടത്തോളം കാലം കാൽ കുത്തിത്തന്നെ ആർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും കാൽവെട്ടിയെടുത്താൽ ഉള്ള ഉടൽവെച്ച് ആർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
‘ഈ സംസാരം നിർത്തണമെങ്കിൽ നാവറുക്കേണ്ടി വരും. പിന്നെയും ആർ.എസ്.എസിനെതിരെ തന്നെ പ്രവർത്തിക്കും. അതു കൊണ്ട് ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും വേണ്ട. പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കാല് കുത്താൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പിക്കാർ പറയുന്നത്. അതിന് പ്ലാറ്റ്ഫോം ടിക്കറ്റ് കൊടുക്കുന്നത് ആർ.എസ്.എസ് അല്ലെന്നാണ് മനസിലാക്കുന്നത്. അങ്ങനെയുള്ള കാലം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാം. ട്രെയിനിൽ കേറാനും വന്നിറങ്ങാനും കാലു കുത്തി നിൽക്കാനും അറിയാം’ -രാഹുൽ പറഞ്ഞു.
നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്റെ പേര് നൽകിയ വിഷയത്തെ നിയമപരമായും ജനാധിപത്യപരമായും രാഷ്ട്രീയമായും നേരിടും. നഗരത്തിൽ ഭിന്നശേഷി നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനെയല്ല, ഭരണ നേതൃത്വത്തിലോ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലോ യാതൊരു പങ്കും വഹിക്കാത്ത ഒരു പ്രസ്ഥാനത്തിന്റെ വക്താവിന്റെ പേര് കേന്ദ്രത്തിനു നൽകുന്നതിനെയാണ് കോൺഗ്രസ് എതിർക്കുന്നത്. ജനപ്രതിനിധിയുടെ കാൽ വെട്ടുമെന്ന ബി.ജെ.പി നേതാവിന്റെ ഭീഷണി പ്രസംഗത്തിൽ പൊലീസ് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. എത്ര ഭീഷണിപ്പെടുത്തിയാലും ആർ.എസ്.എസിനോടുള്ള എതിർപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബഡ്സ് കേന്ദ്രം തുറക്കുന്നത് ആർ.എസ്.എസിന്റെ നൂറാം വാർഷികത്തിൽ
പാലക്കാട്: ഹെഡ്‌ഗേവാറുടെ സ്‌മാരകമായി നൈപുണ്യ-വികസന ഡേ കെയർ സെന്റർ തുറന്നുകൊടുക്കാൻ പദ്ധതിയിടുന്നത് ആർ.എസ്.എസ് സംഘടനയുടെ നൂറാം വാർഷികമായ വിജയദശമി ദിനത്തിൽ. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ സംസ്ഥാനത്ത് ആദ്യമായി ആർ.എസ്.എസ് സ്ഥാപകന്റെ പേരിൽ ഒരു തദ്ദേശ സ്ഥാപനം കെട്ടിടം നിർമിക്കുന്നത് സംഘടന നേട്ടമായാണ് ബി.ജെ.പി നഗരസഭ ഭരണസമിതി കാണുന്നത്. നഗരസഭയുടെ സ്വന്തം ഫണ്ടല്ല, സി.എസ്.ആർ ഫണ്ടാണ് ഉപയോഗിക്കുന്നതെന്ന ന്യായമാണ് ബി.ജെ.പിയുടേത്. ഓഷ്യാനസ് ഡ്വല്ലിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 1.25 കോടി രൂപ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് നഗര സൗന്ദര്യവത്കരണമാണ് ആദ്യം നടപ്പാക്കാൻ ഉദ്ദേശിച്ചതെങ്കിലും പിന്നീടാണ് ഹെഡ്‌ഗേവാറുടെ സ്‌മാരകം നിർമിക്കാൻ തീരുമാനിച്ചത്. നഗരസഭ കൗൺസിൽ കൂടിയാലോചന പോലുമില്ലാതെയാണ് ആർ.എസ്.എസ് സ്ഥാപകന്റെ പേര് സർക്കാർ കെട്ടിടത്തിന് നൽകുന്നത്.
പ്രതിഷേധം തുടരും -ഡി.വൈ.എഫ്.ഐ
പാലക്കാ്ട: പ്രതിഷേധം അവസാനിക്കുന്നില്ലെന്നും തുടരുമെന്നും ഡി.വൈ.എഫ്.ഐയും അറിയിച്ചു. ബി.ജെ.പി ഭരിക്കുന്ന നഗരസഭ ആർ.എസ്.എസ് വത്കരിക്കാനുള്ള ശ്രമം എന്തുവിലകൊടുത്തും നേരിടും. കോൺഗ്രസിന്റെകൂടി ഒത്താശ ഇതിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കണം. ഇത് എന്ത് വിലകൊടുത്തും നേരിടുമെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു.
ഹെഡ്ഗേവാറിന്റെ പേരിൽ തന്നെ നിർമിക്കും -നഗരസഭ
പാലക്കാട്: ഹെഡ്ഗേവാറിന്റെ പേരിടുന്നത് രാഷ്ട്രീയ വിഷയമല്ലെന്ന് നഗരസഭ ചെയർമാൻ പ്രമീള ശശിധരനും വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസും അറിയിച്ചു. നിരവധി രാഷ്ട്രീയക്കാർക്ക് പ്രചോദനമായ വ്യക്തി എന്ന നിലയിലാണ് ഹെഡ്ഗേവാറിന്റെ പേരിടുന്നത്. നാമകരണത്തിൽനിന്ന് പിന്തിരിയില്ലെന്നും അവർ അറിയിച്ചു.
സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ഹിന്ദുത്വ അജണ്ട -ഫ്രറ്റേണിറ്റി
പാലക്കാട്: പാലക്കാട് നഗരസഭ ആരംഭിക്കുന്ന ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്റെ പേര് നൽകാനുള്ള ശ്രമം സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അഭിപ്രായപെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദുത്വ തീവ്രവാദ സംഘടനയായ ആർ.എസ്.എസിന്റെ സ്ഥാപകനായ ഹെഡ്ഗേവറിന്റെ പേര് നൽകാനുള്ള നഗരസഭയുടെ തീരുമാനം ജനാധിപത്യ വിരുദ്ധമാണ്.
ഭരണഘടനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഹിന്ദുത്വവാദിയായ ഒരു നേതാവിന്റെ പേര് നൽകുന്നത് സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനും ജനാധിപത്യ വിരോധികളെ മഹാന്മാരായി ചിത്രീകരിക്കാനും ചരിത്രം വളച്ചൊടിക്കാനുമുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണ്. യോഗത്തിൽ ജില്ല പ്രസിഡന്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

