അപ്പോ ആരാണ് ദുരാഗ്രഹിയായ ദുര്യോധനൻ? -ദിവ്യ എസ്.അയ്യരുടെ പ്രസ്താവന ഏറ്റെടുത്ത് ഒളിയമ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsപാലക്കാട്: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി നിയമിതനായ കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യരുടെ പ്രസ്താവന ഏറ്റുപിടിച്ച് ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ദിവ്യയുടെ കർണൻ പ്രയോഗം കടമെടുത്ത് മുഖ്യമന്ത്രി പിണറായിയെ ഉന്നമിട്ടാണ് രാഹുലിന്റെ കുറിപ്പ്.
‘കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആർ കവചം! ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' -എന്നായിരുന്നു രാഗേഷിനെ പുകഴ്ത്തി ദിവ്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. പിണറായിയും രാഗേഷും ഒന്നിച്ചുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.
കർണ്ണൻ മരണം വരെ ധർമ്മ പക്ഷത്തിനെതിരെ ദുര്യോധന പക്ഷത്തായിരുന്നുവെന്നും അപ്പോൾ സംഗതി ശരിയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ‘അപ്പോ ചോദ്യം ഇതാണ് ആരാണ് ഇവടെ ദുരാഗ്രഹിയായ ദുര്യോധനൻ.??’ എന്നാണ് രാഹുലിന്റെ മുനവെച്ചുള്ള ചോദ്യം. രാഗേഷും പിണറായിയും ഒരുമിച്ചുള്ള ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കോൺഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യ കൂടിയായ ദിവ്യ എസ്. അയ്യർ, കെ.കെ. രാഗേഷിനെ പ്രശംസിച്ചതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്തുവന്നിരുന്നു. പിണറായി വിജയന് പാദസേവ ചെയ്യുന്ന മഹതിയാണ് ദിവ്യ എസ്. അയ്യരെന്നായിരുന്നു മുരളീധരന്റെ വിമർശനം.
ദിവ്യ എ.കെ.ജി സെന്‍ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ വിമർശിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥർ സർക്കാറിന്‍റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണെന്നും എന്നാൽ സർക്കാറിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ്. അയ്യരെന്നും വിജിൽ മോഹനൻ പറഞ്ഞു.
'അത്യന്തം ഗൗരവമുള്ള പദവികളിൽ ഇരിക്കുന്ന ഇവരുടെ പ്രകടനങ്ങൾ ബി ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴുകയാണ്. ദിവ്യ എസ്. അയ്യരുടെ സർക്കാർ സ്തുതികളിൽ മുമ്പും പിശകുണ്ടായിട്ടുണ്ട്. അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമായ പലതും മുമ്പും വിളിച്ച് പറഞ്ഞിട്ടുണ്ട്. ഏത് രാഷ്ട്രീയ കക്ഷികളുടേതാണെങ്കിലും സർക്കാറുകൾ തുടർച്ചയാണെന്നുള്ള ബോധം പോലുമില്ലാതെയുള്ള ഇവരുടെ പ്രസ്താവനകളോട് യൂത്ത് കോൺഗ്രസ് ബോധപൂർവ്വം മൗനം പാലിച്ചിട്ടുണ്ട്. വികസന പ്രവർത്തികളുടെ നാൾ വഴികൾ പോലും പഠിക്കാതെ യജമാനന്റെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കക്ഷണങ്ങൾക്ക് വേണ്ടിയുള്ള ആശ്ലേഷങ്ങൾ ഇവർ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു' എന്നും പോസ്റ്റിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.